Connect with us

Kerala

കെഎസ്ആര്‍ടിസിയുടെ ഒരു ദിവസം കടത്തിന്റെ തിരിച്ചടവ് മാത്രം 3 കോടി രൂപ വരുമെന്ന് ധനമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ മൂന്നു മാസമായി കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മാത്രമല്ല, ശമ്പളവും സര്‍ക്കാരാണ് നല്‍കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. ഇങ്ങനെ പോവുകയാണെങ്കില്‍ ഇന്ധനത്തിനുള്ള ചെലവും സര്‍ക്കാര്‍ നല്‍കിത്തുടങ്ങേണ്ടി വരും. കെ.എസ്.ആര്‍.ടി.സി.യുടെ കടക്കെണിയുടെ കുരുക്ക് ഇവിടംവരെ എത്തിയിരിക്കുന്നു. ഒ

രു ദിവസം കടത്തിന്റെ തിരിച്ചടവ് മാത്രം 3 കോടി രൂപ വരും. ഇന്ധനത്തിന്റെ ചെലവു കിഴിച്ചാല്‍ ബാക്കിയൊന്നും ഉണ്ടാവില്ലെന്നും ധനമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കെഎസ്.ആര്‍.ടി.സി.ക്ക് ശ്വാസം വിടണമെങ്കില്‍ ഈ തിരിച്ചടവ് ബാധ്യത കുറയ്ക്കണം. കഴിഞ്ഞ അഞ്ചു മാസമായി ബാങ്കുകളോട് ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

പലരും കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പദ്ധതിയെ സംബന്ധിച്ച് പ്രതിഷേധവും വിമര്‍ശനവും എന്റെ പോസ്റ്റുകള്‍ക്ക് കീഴില്‍ ഇടാറുണ്ട്. ഭൂരിപക്ഷം കുറിപ്പുകളും പെന്‍ഷന്‍ നല്‍കുന്നതിനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിനെകുറിച്ചാണ്. അവര്‍ക്ക് അറിയില്ലെങ്കിലും കഴിഞ്ഞ മൂന്നു മാസമായി പെന്‍ഷന്‍ മാത്രമല്ല, ശമ്പളവും സര്‍ക്കാരാണ് നല്‍കുന്നത്. ഇങ്ങനെ പോവുകയാണെങ്കില്‍ ഇന്ധനത്തിനുള്ള ചെലവും സര്‍ക്കാര്‍ നല്‍കിത്തുടങ്ങേണ്ടി വരും. കെ.എസ്.ആര്‍.ടി.സി.യുടെ കടക്കെണിയുടെ കുരുക്ക് ഇവിടംവരെ എത്തിയിരിക്കുന്നു.

ഒരു ദിവസം കടത്തിന്റെ തിരിച്ചടവ് മാത്രം 3 കോടി രൂപ വരും. ഇന്ധനത്തിന്റെ ചെലവു കിഴിച്ചാല്‍ ബാക്കിയൊന്നും ഉണ്ടാവില്ല. കെ.എസ്.ആര്‍.ടി.സി.ക്ക് ശ്വാസം വിടണമെങ്കില്‍ ഈ തിരിച്ചടവ് ബാധ്യത കുറയ്ക്കണം. കഴിഞ്ഞ അഞ്ചു മാസമായി ബാങ്കുകളോട് ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ധനകാര്യസ്ഥാപനങ്ങള്‍ക്കുള്ള കടം 3200 കോടി രൂപയാണ്. ഇതില്‍ നല്ല പങ്കും 12.5 ശതമാനം പലിശ കൊടുക്കേണ്ട 7 വര്‍ഷത്തെ വായ്പകളാണ്. ഇത് 9 ശതമാനം പലിശയ്ക്കുള്ള 20 വര്‍ഷ വായ്പയായി മാറ്റാനാണ് ശ്രമിക്കുന്നത്. ഇതിന് സമ്മതംമൂളണമെങ്കില്‍ കെ.എസ്.ആര്‍.ടി.സി നാളെ ലാഭത്തിലാകുമെന്ന് അവരെ ബോധ്യപ്പെടുത്തിയേ കഴിയൂ. ഒരുപാട് നിബന്ധനകളാണ് അവര്‍ വയ്ക്കുന്നത്. അവസാനം ഇപ്പോള്‍ ഒത്തുതീര്‍പ്പില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തമാസം വായ്പ തരപ്പെടുമെന്നാണ് കരുതുന്നത്. അതോടെ 3 കോടി പ്രതിദിന തിരിച്ചടവിന് പകരം 0.96 കോടി തിരിച്ചടച്ചാല്‍ മതിയാകും. ശമ്പളമെങ്കിലും കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തില്‍ നിന്നും കൊടുക്കാന്‍ കഴിയുന്ന നിലയിലാകും.

ശ്വാസം കിട്ടിയെന്ന് വിചാരിച്ച് വിശ്രമിച്ചാല്‍ വീണ്ടും കാര്യങ്ങള്‍ അവതാളത്തിലാകും. അതുകൊണ്ട് കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. ഇത് ഒറ്റയടിക്ക് ചെയ്യാനാവില്ല. 2 വര്‍ഷമെടുക്കും. അതുവരെ കൂടുതല്‍ കടമെടുക്കാതെ കാര്യങ്ങള്‍ നടന്നു പോകുന്നതിന് സര്‍ക്കാര്‍ രണ്ടായിരത്തോളം കോടി രൂപ നല്‍കാന്‍ തയ്യാറാകണമെന്നാണ് ബാങ്കുകള്‍ പറയുന്നത്. ഇതില്‍ പുതിയ ബസ് വാങ്ങാനുള്ള 831 കോടി രൂപയും ഉള്‍പ്പെടും.
കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ ഈ ഭാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് പറഞ്ഞപ്പോള്‍ കെ.എസ്.ആര്‍.ടി.ഇ.എ.യുടെ സമ്മേളനത്തില്‍ വലിയ കൈയ്യടി ആയിരുന്നു.

എന്നാല്‍ ഇതുകൊണ്ടായില്ല. വരുമാനവും ചെലവും തമ്മിലുള്ള വിടവ് നികത്തുന്നതിന് ഒരു സമയബന്ധിത പരിപാടികൂടി വേണം. ഫ്‌ലീറ്റ് ടൂട്ടിലൈസേഷന്‍ 95 ശതമാനമാക്കിയാല്‍ (ഈ നിരക്ക് പലയിടത്തും 99 ആണ്) 438 കോടി രൂപ ലാഭിക്കാം. പ്രതിദിനം ഒരു ബസ് ശരാശരി 330 കിലോമീറ്റര്‍ ഓടുമെന്ന് ഉറപ്പുവരുത്തിയാല്‍ 458 കോടി രൂപ അധികവരുമാനം ഉണ്ടാകും. മൈലേജ് കിലോമീറ്ററിന് 5 ആയി ഉയര്‍ത്തിയാല്‍ 143 കോടി രൂപ ചെലവു കുറയ്ക്കാന്‍ കഴിയും. ഷെഡ്യൂളുകളുടെ പരിഷ്‌കരണത്തിലൂടെ 328 കോടി രൂപ നേടാം. അങ്ങനെ മൊത്തം 1362 കോടി രൂപ. ഈ ലക്ഷ്യങ്ങളൊന്നും അസാധ്യമല്ല. അയല്‍സംസ്ഥാനങ്ങള്‍ നേടിയിട്ടുള്ളതാണ്. അവ ഇവിടെയും കൈവരിക്കണം. ഇതിന് മാനേജ്‌മെന്റ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമല്ലെങ്കില്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ യൂണിയനുകള്‍ തയ്യാറാക്കണം. പക്ഷെ സൂചിപ്പിച്ചതും അല്ലാതെയുമുള്ള ഉല്‍പ്പാദക്ഷമതാ മാനദണ്ഡങ്ങള്‍ ദേശീയ ശരാശരിയിലേയ്ക്ക് ഉയര്‍ത്തിയേ തീരൂ. ഇതിന് 2 വര്‍ഷത്തെ റോഡ് മാപ്പ് വേണം. ഇതു സംബന്ധിച്ച് ധാരണയില്‍ എത്തിയാല്‍ എന്ത് സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും രണ്ട് വര്‍ഷം പുതിയ കടം വാങ്ങാതെ ദൈനംദിന പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കും.

Latest