കേരളത്തില്‍ അന്താരാഷ്ട്ര അറബിക് ഗവേഷണ കേന്ദ്രം സ്ഥാപിക്കും

Posted on: September 26, 2017 11:37 pm | Last updated: September 26, 2017 at 11:37 pm

തിരുവനന്തപുരം: കേരളത്തില്‍ അറബി പഠനത്തിനും ഗവേഷണത്തിനുമുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രം ഷാര്‍ജ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഖ്യാപിച്ചു. വിദേശത്ത് ജോലി തേടുന്ന കേരളത്തിലെ യുവജനങ്ങളുടെ തൊഴില്‍പരമായ കഴിവും വൈദഗ്ധ്യവും വര്‍ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് നഴ്‌സിംഗ് മേഖലയില്‍, നൈപുണ്യവികസന കേന്ദ്രങ്ങളുടെ ശൃംഖലയുണ്ടാക്കണമെന്ന ആശയം ശൈഖ് സുല്‍ത്താന്‍ തന്നെ മുന്നോട്ടുവെച്ചു. ഷാര്‍ജയില്‍ ജോലിക്കു പോകുന്നവര്‍ക്ക് കേരളത്തില്‍ തന്നെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുളള മുഖ്യമന്ത്രിയുടെ നിര്‍ദേശവും ഷാര്‍ജ ഭരണാധികാരി തത്വത്തില്‍ അംഗീകരിച്ചു. യു എ ഇ നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും.

കേരളവും ഷാര്‍ജയും അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സമയബന്ധിതമായ കര്‍മ പദ്ധതി തയ്യാറാക്കുന്നതിന് ഇരു ഭാഗത്തിനും പ്രാതിനിധ്യമുള്ള ഉന്നതാധികാര ഉദ്യോഗസ്ഥ സമിതി രൂപവത്കരിക്കും. തന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ക്ഷേമകാര്യങ്ങള്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാനുള്ള ആഗ്രഹവും അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുള്ള ഉദ്ദേശ്യവും മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പങ്കുവെച്ചു. ഈ നിര്‍ണായക തീരുമാനം ഷാര്‍ജയില്‍ ജോലി ചെയ്യുന്ന വലിയ വിഭാഗം കേരളീയര്‍ക്ക് പ്രയോജനം ചെയ്യും. ശൈഖ് സുല്‍ത്താന്റെ ചരിത്രപ്രധാനമായ കേരള സന്ദര്‍ശനത്തിനുളള നന്ദി സൂചകമായി തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലം സര്‍ക്കാര്‍ ലഭ്യമാക്കും.