സോളാര്‍; കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ആശങ്കയില്ലെന്ന് ഉമ്മന്‍ചാണ്ടി

Posted on: September 26, 2017 7:42 pm | Last updated: September 27, 2017 at 9:23 am

തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു ആശങ്കയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി . വീഴ്ച ഉണ്ടായിട്ടില്ല, എല്ലാവരെയും സ്വീകരിക്കുന്ന തുറന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ച വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സോളര്‍ റിപ്പോര്‍ട്ട് വേങ്ങര ഉപതിരഞ്ഞെടുപ്പിനെ ഒരുവിധത്തിലും സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ച് വെക്കാനുണ്ടായിരുന്നില്ല. കമ്മീഷനോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കി. മണിക്കൂറുകളോളം വിസ്തരിച്ചപ്പോഴും തടസ്സമൊന്നും പറഞ്ഞിരുന്നില്ല. തന്റെ ഓഫീസ് തുറന്ന പുസ്തകമായിരുന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടിലെ ഒരുഭാഗം മുഴുവന്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെ കുറിച്ചുള്ള പരാമര്‍ശങ്ങളാണുള്ളതെന്നും സൂചനകളുണ്ട്. അതേസമയം സോളര്‍ ഇടപാടുകള്‍ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും കമ്മിഷന്‍ കണ്ടെത്തി.