മലപ്പുറം എം എസ് പി ഇനി ഫുട്‌ബോള്‍ അക്കാദമി

Posted on: September 26, 2017 9:05 am | Last updated: September 26, 2017 at 9:05 am
മലപ്പുറം എം എസ് പി ഫുട്‌ബോള്‍ അക്കാദമിയുടെ ലോഗോ പ്രകാശനം ഐ എം വിജയന്‍, യു ശറഫലി, കുരികേശ് മാത്യു, കെ സുരേന്ദ്രന്‍, ബിനോയ് സി ജയിംസ്, ശരീഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു

മലപ്പുറം: കാല്‍പന്തുകളിയില്‍ കേരളത്തിന് നിരവധി താരങ്ങളെ സംഭാവന ചെയ്ത മലപ്പുറം എം എസ് പിക്ക് ഇനി ഇനി ഫുട്‌ബോള്‍ അക്കാദമിയുടെ പുതിയ മുഖം. ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടു സ്റ്റാര്‍ പദവിയോട് കൂടി അക്കാദമിക് അക്രഡിറ്റേഷന്‍ നേടിയാണ് എം എസ് പി പുതിയ തലത്തിലേക്ക് മാറുന്നത്. കേരളത്തില്‍ ഈനേട്ടം കൈവരിക്കുന്ന ആറ് ടീമുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് (212) എം എസ് പിക്കാണ് ലഭിച്ചത്.
ഫുട്‌ബോളിനെ ഹൃദയത്തില്‍ ആവാഹിച്ച മലബാറിലെ കുട്ടിത്താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കി പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് അക്കാദമി ലക്ഷ്യമിടുന്നത്. അമേച്വര്‍ ഫുട്‌ബോളില്‍ വര്‍ഷങ്ങളായി എം എസ് പി ഹയര്‍ സെക്കന്‍ഡറി നേടിക്കൊണ്ടിരിക്കുന്ന മികവിന്റെ തുടര്‍ച്ചയായിട്ടാണ് അക്കാദമി പിറവിയെടുക്കുന്നത്. ഒന്നരക്കോടി രൂപയുടെ ബജറ്റിലാണ് പുതിയ സംരംഭത്തിന് തുടക്കമിടുന്നത്.

മലപ്പുറത്തിന്റെ ചരിത്രത്തോളം തന്നെ പാരമ്പര്യമുള്ള എം എസ് പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അക്കാദമിക മികവിനോടൊപ്പം രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രശ്‌സ്തമായ സുബ്രതോ കപ്പ് ഫുട്‌ബോളില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തെ പ്രതിനിധീകരിക്കുന്നത് എം എസ് പിയിലെ കുട്ടികളാണ്. 2012ല്‍ ലോകത്തിലെ പ്രമുഖ ടീമായ ഉക്രൈനിലെ ഡയനാമോ കിവീസ് അക്കാദമി ടീമിനെയാണ് എം എസ് പി ഫൈനലില്‍ നേരിട്ടത്. 2014ല്‍ ബ്രസീല്‍ ടീമായ കൊളീജിയ എസ്റ്റാഡുല്‍ അന്റോണിയോ സ്‌കൂളിനെതിരെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് എം സി പിക്ക് കീഴടങ്ങേണ്ടി വന്നത്.
എം എസ് പിയില്‍ നിന്ന് ബൂട്ട് കെട്ടി തുടങ്ങിയ ഇരുപത്തി ഒന്നോളം പേര്‍ കേരള പോലീസ്, കെ എസ് ഇ ബി, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ ആര്‍മി ടീമുകളുടെ താരങ്ങളാണിന്ന്. ഐ എസ് എല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ജിഷ്ണു ബാലകൃഷ്ണനും സുജിത്ത് എം എസും എം എസ് പിയില്‍ നിന്നുള്ളവരാണ്.
ഐ എസ് എല്‍ പൂനെ എഫ് സി ടീം അംഗം ആഷിക് കുരുണിയനും എം എസ് പിയില്‍ നിന്നാണ് ഇവിടെ എത്തുന്നത്. മുന്‍ ഇന്ത്യന്‍താരം ഐ എം വിജയനാണ് എം എസ് പിയുടെ ഇപ്പോഴത്തെ മുഖ്യപരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായ യു ഷറഫലിയും കുരികേശ്മാത്യുവും അടങ്ങുന്ന വന്‍നിര തന്നെ എം എസ് പിയുടെ നേട്ടത്തിന് പിറകിലുണ്ട്. ഇന്നലെ മലപ്പുറത്ത് നടന്ന ചടങ്ങില്‍ അക്കാദമിയുടെ ലോഗോ പ്രകാശനം ഇവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അക്കാദമിയായി എം എസ് പി മാറുന്നതോടെ പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഭാഗമാകുന്നതിനുള്ള അവസരമാണ് പുതിയ താരങ്ങള്‍ക്ക് ലഭിക്കുകയെന്ന് ഐ എം വിജയന്‍ പറഞ്ഞു.