മനംനിറഞ്ഞ് സുല്‍ത്താന്‍; പ്രതീക്ഷയോടെ കേരളം

Posted on: September 26, 2017 8:55 am | Last updated: September 26, 2017 at 2:09 pm
ഹോട്ടല്‍ ലീലാ പാലസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ സ്‌നേഹവിരുന്നില്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിക്കൊപ്പം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുടെ സന്ദര്‍ശനം കേരള വികസനത്തില്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തല്‍. പ്രവാസി മലയാളികളേറെയുള്ള ഷാര്‍ജയില്‍ അവര്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഭരണാധികാരിക്ക് മുന്നില്‍ വെച്ചത്. ഷാര്‍ജയിലെ പത്ത് അപ്പാര്‍ട്ട്‌മെന്റ് ടവറുകള്‍ നിര്‍മിക്കാനുള്ള നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ പ്രവാസി മലയാളികള്‍ തന്നെയാകും ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍. സാംസ്‌കാരിക കേന്ദ്രവും വിദ്യാഭ്യാസ സമുച്ചയുവുമെല്ലാം പ്രവാസി മലയാളികള്‍ക്ക് ഏറെ ഗുണം ചെയ്യും. ഐ ടി, ടൂറിസം, ആരോഗ്യം മേഖലകളെല്ലാം പ്രതീക്ഷയോടെയാണ് ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനത്തെ കാണുന്നത്. ഇന്ന് വൈകുന്നേരം താജ് വിവാന്റയില്‍ സുല്‍ത്താന്‍ വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രാജ്ഭവനിലെത്തിയത്. ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ബൊക്കെ നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്നായിരുന്നു ഗവര്‍ണറുമായി സൗഹൃദ സംഭാഷണം. ഗവര്‍ണര്‍ക്ക് അദ്ദേഹം പ്രത്യേക ഉപഹാരവും സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍, ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, ഇന്ത്യയിലെ യു എ ഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്ന എന്നിവര്‍ സന്നിഹിതരായിരുന്നു.
മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എ സി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കെ കെ ശൈലജ ടീച്ചര്‍, ജെ മെഴ്‌സിക്കുട്ടിഅമ്മ, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജി സുധാകരന്‍, മാത്യു ടി തോമസ്. ഡോ. ടി എം തോമസ് ഐസക്ക്, വി എസ് സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി എസ് സെന്തില്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എം ശിവശങ്കര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഇന്ത്യയുടെ യു എ ഇ അംബാസഡര്‍ നവ്ദീപ് സൂരി എന്നിവര്‍ പങ്കെടുത്തു.

ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി, ശൈഖ്് സലീം ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഖാസിമി, ശൈഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ഉവൈസ്, മുഹമ്മദ് ഉബൈദ് അല്‍സാബി, മുഹമ്മദ് ഹുസൈന്‍ ഖലാഫ്, അഹമ്മദ് സലീം അല്‍ ബയ്‌റാക്ക്, ഇന്ത്യയിലെ യു എ ഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്ന, ജമാല്‍ ഹുസൈന്‍ അല്‍ സാബി എന്നിവരാണ് യു എ ഇ സംഘത്തിലുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സുല്‍ത്താനെയും ഒപ്പമുള്ളവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനു ശേഷം മന്ത്രിമാരെ പരിചയപ്പെടുത്തി. ഷാര്‍ജ ഭരണാധികാരിക്കൊപ്പമെത്തിയവര്‍ സ്വയം പരിചയപ്പെടുത്തി. മന്ത്രിസഭാംഗങ്ങള്‍ക്ക് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ സുല്‍ത്താന്റെ ജീവചരിത്രം വിതരണം ചെയ്തു. കേരളത്തിനും ഷാര്‍ജക്കും താത്പര്യമുള്ള വിഷയങ്ങളില്‍ സഹകരിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിച്ച ശേഷം വിവിധ മേഖലകളിലെ സംസ്ഥാനത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊള്ളിച്ച ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു. കേരളത്തിന്റെ പദ്ധതി നിര്‍ദേശങ്ങള്‍ സുല്‍ത്താന് മുന്നില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സംസാരിച്ചു. ഇരുകൂട്ടര്‍ക്കും സഹകരിക്കാന്‍ സാധിക്കുന്ന വിഷയങ്ങളില്‍ ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു. വലിയ ഉരുവിന്റെ മാതൃക ഷാര്‍ജ സുല്‍ത്താന് മുഖ്യമന്ത്രി സമ്മാനിച്ചു.

ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കായി രാജ്ഭവനില്‍ ഗവര്‍ണര്‍ ഉച്ചവിരുന്ന് ഒരുക്കിയിരുന്നു. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഒപ്പമിരുന്നാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്. ഇവിടെ നിന്ന് അദ്ദേഹം കോവളം ഹോട്ടല്‍ ലീലാ റാവിസിലേക്ക് പോയി. സംസ്ഥാന സര്‍ക്കാര്‍ ലീലാ റാവിസില്‍ വൈകിട്ട് 6.30ന് ഒരുക്കിയ സാംസ്‌കാരിക പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. രാത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിനായി വിരുന്നൊരുക്കി. ഇന്ന് രാവിലെ 10.25ന് ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ക്ലിഫ് ഹൗസിലെത്തും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബിരുദദാന ചടങ്ങിന് രാജ്ഭവനിലെത്തും. വൈകിട്ട് അഞ്ചിന് ഹോട്ടല്‍ താജ് വിവാന്റയില്‍ സുല്‍ത്താനും ചരിത്ര രേഖകളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.