Connect with us

Articles

സമ്പൂര്‍ണ മാലിന്യമുക്ത നാട് സാധ്യമാണ്

Published

|

Last Updated

കേരളം രൂക്ഷമായ പ്രതിസന്ധിയിലാണ്. പരിസര മലിനീകരണം ഒരു കീറാമുട്ടിയാണിന്ന്. “പ്രബുദ്ധ”രായ ചില മനുഷ്യര്‍ ചെയ്തുകൂട്ടുന്ന ദുഷ്‌കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന വിനകളാണിവ. നിയമങ്ങളും നിര്‍ദേശങ്ങളുമൊന്നും ജനങ്ങള്‍ പാലിക്കുന്നില്ല. പരിസരം വൃത്തികേടാക്കിയാല്‍ ശിക്ഷയുമില്ല, പിഴയുമില്ല. വിദേശത്താണെങ്കില്‍ ശുചിത്വം പാലിക്കുന്നതില്‍ ചെറിയ വീഴ്ച വരുത്തിയാല്‍ പോലും വലിയ ശിക്ഷകള്‍ ലഭിക്കും. യു എ ഇയില്‍ പൊതു സ്ഥലങ്ങളില്‍ തുപ്പിയാല്‍ 1000 ദിര്‍ഹം പിഴ ചുമത്തുന്നു. കേരളത്തില്‍ ഈ ദിശയില്‍ ചില ശ്രമങ്ങള്‍ ഹരിതം മിഷന്റെ ഭാഗമായി സര്‍ക്കാര്‍ തുടക്കം കുറിക്കുന്നുവെന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. ഏട്ടിലെ പശുവാകാതിരുന്നാല്‍ നന്നായിരുന്നു.

പ്ലാസ്റ്റിക് സഞ്ചികളില്‍ കെട്ടി വലിച്ചെറിയുന്ന മാലിന്യങ്ങളും ചപ്പുചവറുകളും കുമിഞ്ഞു മലകളായി കിടക്കുന്നു. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും കൊതുകുകള്‍, പാറ്റകള്‍, എലികള്‍, മറ്റു ക്ഷുദ്രജീവികള്‍ പെരുകി പലവിധത്തിലുള്ള സാംക്രമിക രോഗങ്ങളും മാരക രോഗങ്ങളും പിടിപെട്ട് മനുഷ്യര്‍ ദിനേന മരിക്കുന്നു.

വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകള്‍ വിപുലമാണ്. ശരീര ശുചിത്വം വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തില്‍ മലയാളികള്‍ മെച്ചമാണെന്നു പറയാറുണ്ട്. എന്നാല്‍ പരിസരവും പൊതുസ്ഥലങ്ങളും വൃത്തിഹീനമാക്കുന്നതില്‍ ഏറെ മുന്‍പന്തിയിലാണ്. ചപ്പുചവറുകള്‍ നിക്ഷേപിക്കാനുള്ള ചവറ്റു കുട്ടകള്‍ പലയിടത്തും ഇല്ല. ഉള്ളിടത്ത് അവ ഉപയോഗിക്കുന്നുമില്ല.
ജനങ്ങളില്‍ ശുചിത്വ ബോധവും പൗരബോധവും ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ചുമതലയാണ്. നാട്ടിലെ നിയമങ്ങള്‍ അനുസരിക്കണം. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷ കൊടുക്കണം. ആദ്യം ശുചിത്വ ബോധം ഉണ്ടാക്കുക, തുടര്‍ന്ന് ശുചീകരണം നടത്തുക. ഇത് മുനിസിപ്പാലിറ്റിയുടെയും കോര്‍പറേഷന്റെയും ഗ്രാമപഞ്ചായത്തുകളുടെയും മലിനീകരണ ബോര്‍ഡിന്റെയും പൂര്‍ണ ഉത്തരവാദിത്വമാണ്.

ജനങ്ങളെ പ്രബുദ്ധരാക്കാന്‍ വേണ്ടി പഠനക്ലാസുകള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍ സംഘടിപ്പിക്കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും വീടുകളിലും ചെന്ന് കൊതുകുകളുടെ ഉറവിടം കണ്ടെത്തി പിഴ ഈടാക്കുകയും ശുചിത്വ ബോധവും ശുചിത്വ ശീലങ്ങളും ജനങ്ങളില്‍ വളര്‍ത്തുകയും മലിനീകരണം നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് അക്കാര്യം അധികൃതരുടെ ശ്രദ്ധിയില്‍പ്പെടുത്തുകയും വേണം.

വാര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ ശുചിത്വ മനോഭാവം സൃഷ്ടിക്കുക, വാര്‍ഡില്‍ ഓരോ വീടും ഫഌറ്റുകളും സ്ഥാപനങ്ങളും മാലിന്യം സ്വയം പരിപാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, പുറത്തേക്ക് തള്ളുന്നുണ്ടോ എന്നു നിരീക്ഷിക്കുക തുടങ്ങിയവ ഗ്രാമസഭയുടെ/ വാര്‍ഡ് സഭയുടെ ഉത്തരവാദിത്വങ്ങളാണ്.
വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ഇടപെടല്‍ നടത്താന്‍ സഭക്ക് സാധിക്കണം. പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും ജലാശയ പരിസരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതു തടയാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
വാര്‍ഡ് തല ആരോഗ്യ-ശുചിത്വ-പോഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കണം. വാര്‍ഡ് തല ശുചിത്വ സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിപ്പിക്കണം. മലിനീകരണം നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുക തന്നെ വേണം.

ഭൂമിയെ മലിനപ്പെടുത്തുന്നത് സ്വന്തം ചോരയില്‍ വിഷം കലര്‍ത്തുന്നതിനു തുല്യമാണ്. ആ ബോധം ഓരോരുത്തര്‍ക്കുമുണ്ടാവണം. വൃത്തിയില്ലായ്മയുടെ പേരില്‍ വിദേശികള്‍ നമ്മുടെ രാജ്യത്തെ അവഹേളിക്കുന്നു. വിദേശ പത്രമാസികകളിലും ചാനലുകളിലും നമ്മുടെ റോഡിനെക്കുറിച്ചും പൊതുസ്ഥലങ്ങളെക്കുറിച്ചും കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. വൃത്തിയില്ലായ്മയും പരിസരശുചിത്വമില്ലായ്മയും കൊണ്ട് ഇപ്പോഴും കിടക്കപ്പായില്‍ തന്നെ മൂത്രമൊഴിക്കുന്ന കുഞ്ഞിന്റെ അവസ്ഥയാണ് നമ്മുടേത്.
മാലിന്യങ്ങള്‍ രണ്ട് തരമുണ്ട്. ജൈവം അജൈവം. ജൈവമാലിന്യങ്ങള്‍ പറമ്പുകളില്‍ തെങ്ങിന്റെ ചുവട്ടിലും വാഴക്കും കമുകിനും വളമായി ഉപയോഗിക്കാവുന്നതാണ്. അജൈവ മാലിന്യങ്ങളെ സംസ്‌കരിക്കണം.
മാലിന്യപരിപാലനം

മാലിന്യങ്ങളെ തരംതിരിച്ച് ഓരോ തരം മാലിന്യത്തെയും ഏറ്റവും അനുയോജ്യവും അപകടരഹിതവുമായ രീതിയില്‍ ഉപയോഗപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യലാണ് മാലിന്യ പരിപാലനം. വ്യവസായശാലകള്‍, ആശുപത്രികള്‍, അറവുശാലകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങളുടെയും പൊതുവായി ശേഖരിക്കപ്പെടുന്ന മാലിന്യങ്ങളുടെയും പരിപാലനത്തിന് മെച്ചപ്പെട്ട സാങ്കേതിക വിദ്യയും വലിയ മുതല്‍ മുടക്കും ആവശ്യമാണ്. അത് ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടെത്തി നടപ്പില്‍ വരുത്തേണ്ടതാണ്. എന്നാല്‍ വലിയ മുതല്‍മുടക്കോ സാങ്കേതിക വിദ്യകളൊന്നും ആവശ്യമില്ലാതെ തന്നെ വളരെ ലളിതമായി ഗാര്‍ഹിക മാലിന്യങ്ങള്‍ പരിപാലിക്കാന്‍ കഴിയുന്നതാണ്.

വ്യക്തികള്‍ ചെയ്യേണ്ടത്
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യം പരമാവധി കുറക്കുന്ന ജീവിതരീതി അവലംബിക്കുക. പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കുക. പകരം തുണിസഞ്ചികള്‍, കടലാസ് സഞ്ചികള്‍ ഉപയോഗിക്കുക. വിവാഹം പോലുള്ള പരിപാടികളില്‍ വാഴയില ഉപയോഗിക്കുക.

വീട്ടിലെ മാലിന്യം വഴിയോരത്തേക്ക് വലിച്ചെറിയാതെ ജൈവ മാലിന്യങ്ങള്‍ അവിടെത്തന്നെ സംസ്‌കരിക്കുക. അജൈവ മാലിന്യങ്ങള്‍ യഥാസ്ഥാനങ്ങളില്‍ നിക്ഷേപിക്കുക.
വീട്ടിലെ അഴുക്കുവെള്ളം ഓടയിലേക്ക് ഒഴുക്കാതെ അവിടെത്തന്നെ പരിപാലിക്കുക.

ജനപങ്കാളിത്തത്തോടെ ജനസമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ കേരളത്തെ യഥാര്‍ഥ ഹരിതതീരമായി നിലനിര്‍ത്താന്‍ സാധിക്കും.

 

Latest