ഒ ടി പി വഴി പണം തട്ടിപ്പ്; സൈബര്‍സെല്ലില്‍ ഉടന്‍ വിവരം നല്‍കിയാല്‍ പണം നഷ്ടപ്പെടില്ല

Posted on: September 26, 2017 6:41 am | Last updated: September 25, 2017 at 11:45 pm
SHARE

തിരുവനന്തപുരം: ഒ ടി പി തട്ടിപ്പ് വഴി പണം നഷ്ടപ്പെടുന്നവര്‍ ഉടന്‍ ജില്ലാതല പോലീസ് സൈബര്‍ സെല്ലുകളെ അറിയിച്ചാല്‍ പണം നഷ്ടപ്പെടാതെ കൈമാറ്റം തടയുന്നതിനും തിരികെ ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് പോലീസ്. ജില്ലാതല സൈബര്‍ സെല്ലുകളില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

അടുത്തകാലത്തായി ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം ഓണ്‍ലൈന്‍ വഴിയുള്ള പണം തട്ടിപ്പുകളും വര്‍ധിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബേങ്കിംഗ് വിവരങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ പണം ഇടപാടുകള്‍ക്കുള്ള മൊബൈല്‍ ആപ്പുകള്‍ വഴിയും മറ്റും ചോര്‍ത്തിയെടുത്ത് അക്കൗണ്ടില്‍ നിന്ന് പണം ചോര്‍ത്തുന്ന സംഭവങ്ങളും വര്‍ധിച്ചുവരികയാണ്.

ഇത്തരത്തില്‍ പണം കൈമാറുമ്പോള്‍ അക്കൗണ്ട് ഉടമയാണോ പണം കൈമാറുന്നതെന്ന് ഉറപ്പാക്കാനായി ബേങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന രഹസ്യ നമ്പര്‍(വണ്‍ ടൈം പാസ്‌വേര്‍ഡ്)ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് അയക്കാറുണ്ട്.

ബേങ്കില്‍ നിന്നാണെന്നും മറ്റും സൂചിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ശരിയാക്കുന്നതിനാണെന്ന വ്യാജേന തട്ടിപ്പുകാര്‍ ഉപഭോക്താവിനെ വിളിച്ച് ഈ ഒ ടി പി നമ്പര്‍കൂടി മനസ്സിലാക്കുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം ചോര്‍ത്തപ്പെടുന്നു. ഇത്തരം തട്ടിപ്പുകള്‍ക്ക് നിരവധിപേര്‍ വിധേയരാകുന്നുണ്ട്. ഏത് സാഹചര്യത്തിലും ഇത്തരം നമ്പറുകളും പാസ്‌വേര്‍ഡുകളും ബേങ്കില്‍ നിന്നാണെന്ന് പറഞ്ഞാല്‍ പോലും പങ്കുവെക്കാതിരിക്കുകയാണ് വേണ്ടത്.

അഥവാ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടനടി പോലീസിനെ അറിയിച്ചാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന് അതത് ജില്ലാ സൈബര്‍ സെല്ലില്‍ പരിശീലനം ലഭിച്ച പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ജില്ലാ സൈബര്‍ സെല്ലുകളുടെ നമ്പര്‍
തിരുവനന്തപുരം സിറ്റി 9497975998, തിരുവനന്തപുരം റൂറല്‍ 9497936113, കൊല്ലം സിറ്റി 94979 60777, കൊല്ലം റൂറല്‍ 94979 80211, പത്തനംതിട്ട 94979 76001, ആലപ്പുഴ 94979 76000, കോട്ടയം 9497976002, ഇടുക്കി 94979 76003, കൊച്ചി സിറ്റി 94979 76004, എറണാകുളം റൂറല്‍ 94979 76005, ാ5
തൃശൂര്‍ സിറ്റി 94979 62836, തൃശൂര്‍ റൂറല്‍ 94979 76006, പാലക്കാട് 94979 76007, മലപ്പുറം 94979 76008, കോഴിക്കോട് സിറ്റി 94979 76009, കോഴിക്കോട് റൂറല്‍ 94979 76010, വയനാട് 94979 76011, കണ്ണൂര്‍ 94979 76012, കാസര്‍കോട് 94979 76013.