യോഗ പരിശീലന കേന്ദ്രത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Posted on: September 25, 2017 9:41 pm | Last updated: September 25, 2017 at 9:41 pm

തിരുവനന്തപുരം: അന്യമതസ്ഥനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി തന്നെ തടങ്കലിലാക്കി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന യോഗ പരിശീലന കേന്ദ്രത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഉദയംപേരൂര്‍ പൊലീസാണ് കേസിലെ അഞ്ചാം പ്രതിയും സ്ഥാപന നടത്തിപ്പുകാരനുമായ ശ്രീരാജിനെ അറസ്റ്റ് ചെയ്തത്.

ആയുര്‍വേദ ഡോക്ടറായ യുവതി അന്യമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സഹോദരിയുടെ ഭര്‍ത്താവ് ആണ് ഇവരെ യോഗകേന്ദ്രത്തില്‍ എത്തിച്ചത്. തുടര്‍ന്ന് ഒരു മാസത്തോളം ഇവിടെ യുവതിയെ തടവില്‍ പാര്‍പ്പിച്ചെന്നാണ് പരാതി. കേന്ദ്രം നടത്തിപ്പുകാരന്‍ ഗുരുജി എന്ന് വിളിക്കുന്ന മനോജ്, സഹായി ശ്രീജേഷ്, സഹോദരി ഭര്‍ത്താവ് മനു, ട്രെയിനര്‍മാരായ സുജിത്, സുമിത, ലക്ഷ്മി, എന്നിവര്‍ക്കെതിരെയാണ് കേസ്. പൊലീസ് കേസെടുത്തതോടെ മനോജ് ഒളിവില്‍ പോയെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് നാളെയും അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.