Connect with us

Kerala

ഏഴ് പദ്ധതികളിൽ കേരളം ഷാര്‍ജയുടെ സഹകരണം തേടി

Published

|

Last Updated

തിരുവനന്തപുരം: സ്വപ്ന പദ്ധതികള്‍ക്ക് കേരളം ഷാര്‍ജയുടെ സഹകരണം തേടി. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുമായി രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രി സഭാംഗങ്ങളും നടത്തിയ ചര്‍ച്ചയിലാണ് കേരളം ഏഴ് പദ്ധതികള്‍ക്ക് ഷാര്‍ജയുടെ സഹായം തേടിയത്. രാജ്ഭവനില്‍ ആദ്യം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായിട്ടായിരുന്നു സുല്‍ത്താന്റെ ആദ്യകൂടിക്കാഴ്ച്ച. തുടര്‍ന്നാണ് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയത്. ഗവര്‍ണര്‍ ഒരുക്കിയ ഉച്ചവിരുന്നിലും പങ്കെടുത്താണ് ഷാര്‍ജ ഭരണാധികാരിയും സംഘവും രാജ്ഭവന്‍ വിട്ടത്. മലയാളികള്‍ക്കായി ഷാര്‍ജയില്‍ ഫാമിലി സിറ്റിയും കണ്ണൂര്‍ വിമാനത്താവളത്തോട് ചേര്‍ന്ന് ഷാര്‍ജയില്‍ നിന്നുള്ള നിക്ഷേപകരുടെ സഹകരണത്തോടെ അന്താരാഷ്ട്ര മെഡിക്കല്‍ സെന്ററുമാണ് കേരളം മുന്നോട്ടുവെച്ച പദ്ധതികളില്‍ പ്രധാനം.

ഷാര്‍ജ ഫാമിലി സിറ്റിയെന്ന പേരില്‍ മലയാളികള്‍ക്കുവേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതി നിര്‍മ്മിക്കണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. ഉയരം കൂടിയ 10 അപ്പാര്‍ട്ട്‌മെന്റ് ടവറുകളാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 10 ഏക്കര്‍ ഭൂമി ആവശ്യം വരും. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കണമെന്നാണ് നിര്‍ദേശം. ഷാര്‍ജ നിവാസികള്‍ക്ക് കൂടി ചികിത്സാ സേവനം പദ്ധതിയില്‍ വിഭാവനം ചെയ്യുന്നു.

അന്താരാഷ്ട്ര നിലവാരമുള്ള പബ്ലിക് സ്‌കൂളുകള്‍, എഞ്ചിനീയറിങ് കോളേജ്, മെഡിക്കല്‍ കോളേജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രം ഷാര്‍ജയില്‍ സ്ഥാപിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം.

ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ രാജ് ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു

സാംസ്‌കാരിക കേന്ദ്രമാണ് മൂന്നാമത് നിര്‍ദേശിച്ച പദ്ധതി. ഷാര്‍ജയില്‍ 10 ഏക്കര്‍ ഭൂമിയിലാണ് ഇത് വിഭാവനം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന മ്യൂസിയം, കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍, പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം, ആയുര്‍വേദം അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ടൂറിസത്തിനുള്ള സൗകര്യവും സാംസ്‌കാരിക കേന്ദ്രത്തിലുണ്ടാകും.

ഷാര്‍ജയില്‍ നിന്ന് വരുന്ന അതിഥികള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദം ടൂറിസം പാക്കേജുകള്‍ ആരംഭിക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു. പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്കുന്നതിനുള്ള സാധ്യതകളും കേരളം മുന്നോട്ടുവെച്ചു. ഐ ടി മേഖലയില്‍ കേരളം ഷാര്‍ജ സഹകരണവും ആവശ്യപ്പെട്ടു. ഷാര്‍ജയിലെ യുവജനങ്ങളില്‍ സാങ്കേതിക സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സഹകരിക്കും. ഷാര്‍ജ സര്‍ക്കാരിന്റെയും ഷാര്‍ജയിലെ പ്രമുഖ കമ്പനികളുടെയും “ബാക്ക് ഓഫീസ് ഓപ്പറേഷന്‍സ്” കേരളത്തിന്റെ സംവിധാനങ്ങളില്‍ ചെയ്യാന്‍ കഴിയും.

2018ല്‍ പൂര്‍ത്തിയാകുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ലോക നിലവാരത്തിലുള്ള മെഡിക്കല്‍ സെന്റര്‍ ഷാര്‍ജയിലെ നിക്ഷേപകരുടെ മുതല്‍ മുടക്കില്‍ ആരംഭിക്കാമെന്ന നിര്‍ദേശവും കേരളം മുന്നോട്ടുവെച്ചു.

ഇന്ത്യയിലെ യു എ ഇ അമ്പാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന, തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഷേക് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി, ഷാര്‍ജ ഭരണാധികാരി ഓഫീസ് ചെയര്‍മാന്‍ ഷേക് സലീം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമി, ഗവ. റിലേഷന്‍സ് വകുപ്പ് ചെയര്‍മാന്‍ ഷേക് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, കള്‍ചറല്‍ വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്, പ്രോട്ടോക്കോള്‍ഹോസ്പിറ്റാലിറ്റി വകുപ്പ് ചെയര്‍മാന്‍ ഉബൈദ് സലീം അല്‍ സാബി, ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ ഖലാഫ്, മീഡിയ കണ്ടിജന്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അഹമ്മദ് സലീം അല്‍ ബൈറാഖ് എന്നിവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

ചര്‍ച്ചകള്‍ക്ക് ശേഷം ഭരണാധികാരി കോവളം ലീലാറാവിസിലേക്ക് മടങ്ങി. തിങ്കളാഴ്ച വൈകുന്നേരം 6.30ന് കോവളത്ത് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് വേണ്ടി സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും.

ചൊവ്വാഴ്ച്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ പിണറായി വിജയനുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് രാവിലെ 11.30ന് രാജ്ഭവനിലെത്തി കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് ചടങ്ങില്‍ പങ്കെടുക്കും. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ഡി ലിറ്റ് നല്‍കും. ഉച്ചയോടെ കോവളത്തേക്ക് മടങ്ങും. “സുല്‍ത്താനും ചരിത്ര രേഖകളും” എന്ന വിഷയത്തില്‍ വൈകുന്നരേം അഞ്ച് മണിക്ക് വഴുതയ്ക്കാട് ഹോട്ടല്‍ താജ് വിവാന്റയില്‍ ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഭാഷണം നടത്തും. തുടര്‍ന്ന് വാര്‍ത്താസമ്മേളനവും നടത്തും.

27ന് രാവിലെ കൊച്ചിയിലേക്ക് പോകും. അവിടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. 28ന് തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്ക് മടങ്ങും.

 

Latest