Connect with us

National

സാമ്പത്തിക ഉത്തേജക പാക്കേജ് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് ഉത്തേജനം പകരുന്ന പദ്ധതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ ബി.ജെ.പി നിര്‍വാഹക സമിതി യോഗത്തിന്റെ സമാപന ചടങ്ങിലാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം പോലെതന്നെ നിര്‍ണായകമായിരിക്കും ഇന്നത്തെ പ്രഖ്യാപനങ്ങളെന്നും കരുതുന്നു.

ബാങ്കിങ്, അടിസ്ഥാന മേഖലാ വികസനം, തൊഴില്‍ സൃഷ്ടി എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും ഗവണ്‍മെന്റിന്റെ മാര്‍ഗരേഖയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരവധി മേഖലകളില്‍ നികുതിയിളവുകളും ആനുകല്യങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ശ്രീ അരവിന്ദ് സുബ്രഹ്മണ്യവും സംഘവുമാണ് പാക്കേജ് തയ്യാറാക്കിയത്.

നോട്ട് അസാധുവാക്കല്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി കൂടിയായിരിക്കും പ്രസംഗം. ഇന്നത്തെ നിര്‍വാഹക സമിതിയോഗത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest