Connect with us

National

ബനാറസ് ഹിന്ദു സര്‍വകലാശാല പ്രക്ഷുബ്ധം; ക്യാമ്പസ് അടച്ചു

Published

|

Last Updated

ലക്‌നോ: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം കത്തി പടരുന്നു. വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികളെ പോലീസ് തല്ലിച്ചതച്ചു. പ്രതിഷേധം നടത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെ പോലീസ് ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവ സ്ഥലത്ത് ഒരു വിദ്യാര്‍ഥിനിയെ പോലീസ് വളഞ്ഞിട്ട് ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതോടെ, പ്രക്ഷോഭം കൂടുതല്‍ ക്യാമ്പസുകളിലേക്ക് പടരുകയാണ്. ഡല്‍ഹിയില്‍ സംയുക്ത വിദ്യാര്‍ഥി യൂനിയന്‍ പ്രകടനം നടത്തി. എന്നാല്‍, വിദ്യാര്‍ഥികള്‍ അക്രമാസക്ത സമരത്തിലേക്ക് നീങ്ങിയതാണ് ലാത്തിചാര്‍ജിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഏതാനും പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഒക്‌ടോബര്‍ രണ്ട് വരെ സര്‍വകലാശാല അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു.

വിദ്യാര്‍ഥിനികള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ വനിതാ പോലീസുകാരാരും ഉണ്ടായിരുന്നില്ല. ആര്‍ട്‌സ് വിഭാഗത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനും പരാതിക്കാരിയായ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചതിനുമെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തിയതെന്നത് ശ്രദ്ധേയമാണ്.
വൈസ് ചാന്‍സലറെ അദ്ദേഹത്തിന്റെ വസതിയില്‍ കാണണമെന്ന് ഒരു സംഘം വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും പേലീസ് തടഞ്ഞു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. ക്യാമ്പസിന് ചുറ്റും 1500 പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.
ബൈക്കിലെത്തിയ മൂന്ന് പേര്‍ ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. സുരക്ഷാ ജീവനക്കാര്‍ സംഭവം കണ്ടിട്ടും നടപടിയെടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയുടെ ഗേറ്റില്‍ വ്യാഴാഴ്ച മുതല്‍ നടത്തിവന്ന പ്രക്ഷോഭമാണ് ഇപ്പോള്‍ സംഘര്‍ഷാവസ്ഥയില്‍ എത്തി നില്‍ക്കുന്നത്.

 

Latest