Connect with us

Articles

വായില്‍ കേറികളും വായില്‍ നോക്കികളും

Published

|

Last Updated

ചാനലില്‍ ചര്‍ച്ച തുടങ്ങി. മഴ കുറഞ്ഞതെന്തു കൊണ്ട് എന്നാതാണ് ചര്‍ച്ചാവിഷയം. ഇന്ന് വിഷയം കാര്യമായൊന്നുമുണ്ടായിരുന്നില്ല. ആകെ വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് മഴയെ കയറിപ്പിടിക്കാെമന്ന് തോന്നിയത്. മഴയുടെ അളവ് കുറഞ്ഞതും അതിന്റെ വരുംവരായ്കകളും.
അവതാരകന്‍ ആറു ചോദ്യങ്ങള്‍ക്കാണ് ഉത്തരം തേടുന്നത്. ആറു പേര്‍ വിവിധ സ്റ്റുഡിയോകളിലും നാലു പേര്‍ ടെലഫോണ്‍ ലൈനിലും ഉണ്ടെന്ന് അറിയിപ്പ്. മറ്റ് രണ്ടു പേരെ പ്രതീക്ഷിക്കുന്നതായും. വേഷക്കാര്‍ അരങ്ങില്‍ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുന്നു.
അവതാരകന്‍ തുടങ്ങി. മഴയാണ് ഇന്നത്ത ചര്‍ച്ചാവിഷയം. മഴ കുറവാണ്. പല ജില്ലകളിലും ശരാശരിയിലും താഴെയാണ് മഴയളവ്. വിവിധ കാരണങ്ങള്‍ നിരത്താനുണ്ട്. മഴയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും വിരമിച്ച ഫല്‍ഗുനന്‍ ഇതേ കുറിച്ച് എന്തു പറയാനുണ്ട്?

കാലത്തിന്റെ അവസ്ഥ വളരെ മോശമാണ്. ഞാനൊക്കെ സര്‍വീസില്‍ ഉള്ള കാലത്ത് മഴയോട് മഴയായിരുന്നു. ഇപ്പോഴാണെങ്കില്‍ മഴ മാന്ദ്യം എന്ന് പറയാം.
അപ്പോള്‍ മറ്റൊരു വേഷക്കാരന്‍. അപ്പറഞ്ഞത് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനല്ലേ. സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന ദുഃസൂചന അതിലുണ്ടല്ലോ. മഴ നന്നായി കിട്ടുകയാണെങ്കില്‍ മാന്ദ്യം കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. പിന്നെ…
എന്താണീ പറയുന്നത്. മാന്ദ്യം ഉണ്ടെന്ന് ധനമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷത്തെ ഭരണം മഴക്ക് മാത്രമല്ല, സമ്പത്തിനും മാന്ദ്യം. വേറൊരു വേഷക്കാരന്‍.
പിന്നെ തര്‍ക്കമായി. മഴ മാന്ദ്യത്തിന് വഴി മാറി. തണുത്തുറഞ്ഞ വേദി ചൂടായി. നാലാളുകള്‍ ഈ കലാപരിപാടിയില്‍ പങ്കാളികളായി. വാക്കുകളുടെ മഴ. മഴ എന്ന് പറഞ്ഞാല്‍ പോരാ, മാരി തന്നെ. ആരു പറഞ്ഞതും കേള്‍ക്കുന്നില്ല. ഒരാള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പറയാന്‍ മറ്റുള്ളവര്‍ സമ്മതിക്കുന്നില്ല.
അവതാരം ആകെ കുഴഞ്ഞു. മറ്റ് രണ്ടുപേര്‍ നിശബ്ദരാണ്. മറ്റുള്ളവരുടെ വായില്‍ നോക്കി വെറുതെ ഇരിക്കുന്നു. അതിന് അവരെ കുറ്റം പറഞ്ഞുകൂടാ. അവതാരകന്‍ ഇതുവരെ അവരോട് ചോദ്യം ചോദിച്ചിട്ടില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മൈന്‍ഡ് ചെയ്തില്ല. അതുകൊണ്ട് അവര്‍ മൗനികളായി. ഇനി എന്ത് ചെയ്യും.

അവതാരകന്‍ എന്ത് പറയണമെന്നറിയാതെ പൊറാട്ടപ്പൊടി പോലെ കുഴഞ്ഞു മറിയുകയാണ്. ലാത്തിച്ചാര്‍ജ് വേണോ, ടിയര്‍ ഗ്യാസ് പൊട്ടിക്കണോ, ആകാശത്തേക്ക് വെടി…. അപ്പോള്‍ അവതാരകന്‍ പറഞ്ഞു. ഇപ്പോള്‍ നിശ്ചയമായും എനിക്കൊരു ഇടവേളയിലേക്ക് പോകേണ്ടതുണ്ട്. അതിനുശേഷം നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്…. എന്തോ പറഞ്ഞു. അതാരെങ്കിലും കേട്ടോ…
ഇടവേള കഴിഞ്ഞെത്തി. അവതാരകന്‍ തോളുകുലുക്കി. മെല്ലെ തുടങ്ങി. മഴ ഇങ്ങനെ പോയാല്‍ എങ്ങനെ? ഇതാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. അപ്പോഴേക്കും ബഹളം തുടങ്ങി.
നേരത്തെ കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടായിരുന്നു. അവസരം തരണം. അപ്പോള്‍ മറ്റേയാള്‍ വായില്‍ കേറി. വായില്‍നോക്കികളാണെങ്കില്‍ അതേ നിലയില്‍ തന്നെ. ഒരു വാക്കു പോലും പറയാതെ… എനിക്ക് മറ്റ് രണ്ട് അതിഥികളിലേക്കും പോകേണ്ടതുണ്ടെന്ന് അവതാരകന്‍. പിന്നെ കലാപ കലുഷിതം. പറയാന്‍ അവസരമില്ലെന്നാണ്. ഞങ്ങള്‍ക്ക് പറഞ്ഞ് പൂര്‍ത്തിയാക്കാനുണ്ട്.
അസഹിഷ്ണുത എന്താണെന്നറിയണമെങ്കില്‍ ഇവിടെ നോക്കിയാല്‍ മതി. കടിച്ചു കീറുന്നു, ആക്രോശിക്കുന്നു, മുഷ്ടി ചുരുട്ടുന്നു, പോരാത്തതിന് ഭീഷണിയും! നിന്നെ പിന്നെ കണ്ടോളാം എന്ന മട്ട്…
ഒരാള്‍ എന്തൊക്കെയോ പറയുന്നുണ്ട്, പക്ഷേ കേള്‍ക്കുന്നില്ല, മൈക്കില്ലാതെയാണ് കസര്‍ത്ത്.
ഭാര്യ പറഞ്ഞു. ഇതിലും നല്ലത് സീരിയല്‍ കാണുന്നതാ. ഇതു തന്നെയാ സീരിയലിലും…
ഞാനൊന്നും പറഞ്ഞില്ല, ആ വായില്‍നോക്കിയെ കാണുമ്പോള്‍ ഒരു സങ്കടം. റിമോര്‍ട്ട് കണ്ടുപിടിച്ച ദേഹത്തിന് നന്ദി പറഞ്ഞ് സീരിയല്‍ ചാനലിലേക്ക്.
കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അവതാരകന്‍ വേഷം അഴിച്ചു വെക്കാനൊരുങ്ങുകയാണ്. എല്ലാവര്‍ക്കും നന്ദി പറയുന്നു.
ഇയാളുടെ പേര് അവതാളകന്‍ എന്നാക്കിയാലോ?

 

---- facebook comment plugin here -----

Latest