Connect with us

Articles

പരമാധികാരിക്കെന്തറിയാം സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍?

Published

|

Last Updated

അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് പെട്രോളും ഡീഡലും മണ്ണെണ്ണയും പ്രകൃതി വാതകവുമൊക്കെയാക്കി ചില്ലറ വിപണിയില്‍ സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നതായിരുന്നു കുറച്ച് വര്‍ഷം മുമ്പ് വരെയുള്ള പതിവ്. ഇവക്കൊക്കെ നല്‍കേണ്ട സബ്‌സിഡി നിശ്ചയിക്കുക സര്‍ക്കാറായിരിക്കും. സബ്‌സിഡി നല്‍കി ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോഴുമ്പോള്‍ എണ്ണ വിതരണക്കമ്പനികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തി നല്‍കും. പെട്രോളിനുള്ള സബ്‌സിഡി രണ്ടാം യു പി എ സര്‍ക്കാര്‍ ഇല്ലാതാക്കി. ഡീസലിന്റേത് നരേന്ദ്ര മോദി സര്‍ക്കാറും. ഇറക്കുമതി ചെയ്യാനും സംസ്‌കരിക്കാനും വിതരണം ചെയ്യാനുമുള്ള ചെലവ് കണക്കാക്കി ഇവ രണ്ടിന്റെയും വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കായി. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്‌സിഡി നരേന്ദ്ര മോദി സര്‍ക്കാര്‍ വലിയ തോതില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. ഇനി വേണം കണക്കുകളിലേക്ക് വരാന്‍.

പെട്രോളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി ഇനത്തില്‍ 2009ല്‍ കേന്ദ്ര സര്‍ക്കാറിനുണ്ടായിരുന്ന ബാധ്യത ഒരു ലക്ഷത്തി മൂവായിരം കോടി രൂപയായിരുന്നു. അന്ന് അസംസ്‌കൃത എണ്ണക്ക് ബാരലിന് 140 ഡോളറായിരുന്നു വില. 2010ല്‍ സബ്‌സിഡി ബാധ്യത 46,000 കോടിയായി. ഇത്രയും വലിയ ബാധ്യത സബ്‌സിഡി ഇനത്തില്‍ പേറുമ്പോഴും അസംസ്‌കൃത എണ്ണയുടെ എക്‌സൈസ് നികുതി കുറച്ച്, പെട്രോളിന്റെയും ഡീസലിന്റെയും വില പിടിച്ചു നിര്‍ത്തിയിരുന്നു അന്നത്തെ യു പി എ സര്‍ക്കാര്‍.
അസംസ്‌കൃത എണ്ണക്ക് ബാരലിന് ഇപ്പോള്‍ 56 ഡോളര്‍ വരെയാണ് വില. നാല്‍പ്പത് ഡോളര്‍ വരെ താഴ്ന്നതിന് ശേഷമാണ് ഉയര്‍ന്നത്. ഇനിയും ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നു. പെട്രോളിനും ഡീസലിനും സബ്ഡിയില്ലാത്തതിനാല്‍ ആ ബാധ്യത കേന്ദ്ര സര്‍ക്കാറിനില്ല. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്‌സിഡി പരിമിതപ്പെടുത്തകയാല്‍ അതുവഴിയുള്ള ബാധ്യതയും കുറവ്. ശരാശരി 50,000 കോടി രൂപയുടെ ബാധ്യതയില്‍ നിന്ന് കേന്ദ്ര ഖജനാവ് ഒഴിവായെന്ന് കണക്കാക്കാം. അസംസ്‌കൃത എണ്ണക്കുമേലുള്ള എക്‌സൈസ് നികുതി പലകുറി ഉയര്‍ത്തിയതു വഴി ഖജനാവിലേക്ക് കിട്ടുന്ന വരുമാനം ലാഭവും. 2015 – 16 സാമ്പത്തിക വര്‍ഷത്തില്‍ എക്‌സൈസ് നികുതി വഴി കേന്ദ്രം സമാഹരിച്ചത് 1.99 ലക്ഷം കോടി രൂപയാണ്. ഒഴിവായ സബ്‌സിഡി ബാധ്യത കൂടി കണക്കിലെടുത്താല്‍ ലാഭക്കണക്ക് രണ്ടര ലക്ഷം കോടിയാകും. 2016 – 17ല്‍ ഈ തുക ഉയരാനേ സാധ്യതയുള്ളൂ. രണ്ടു വര്‍ഷം കൊണ്ട് ചുരുങ്ങിയത് അഞ്ച് ലക്ഷം കോടി രൂപ കേന്ദ്ര ഖജനാവില്‍ അധികമായുണ്ടായി. എക്‌സൈസ് നികുതി കുറക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയ സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലും ഏതാണ്ട് രണ്ടര ലക്ഷം കോടി കേന്ദ്ര ഖജനാവില്‍ അധികമായെത്തും.

ഇനി നോക്കേണ്ടത് ധനക്കമ്മിയുടെ കണക്കാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമായി ധനക്കമ്മി പരിമിതപ്പെടുത്തണമെന്ന നിയമം (ധന ഉത്തരവാദിത്ത നിയമം) പാര്‍ലിമെന്റ് പാസ്സാക്കിയിട്ട് ദശകങ്ങളായി. ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. നടപ്പു സാമ്പത്തിക വര്‍ഷം
(2017-18) ധനക്കമ്മി 3.2 ശതമാനമായി ചുരുക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ഏപ്രില്‍ ഒന്നിന് ധനകാര്യ വര്‍ഷം തുടങ്ങി ജൂലൈ 31 ആകുമ്പോഴേക്കും (നാല് മാസം) ബജറ്റില്‍ പറഞ്ഞ ധനക്കമ്മിയുടെ 92.4 ശതമാനമായി(ഏതാണ്ട് 5.05 ലക്ഷം കോടി). ബജറ്റ് പ്രഖ്യാപനത്തില്‍ ഉറച്ചുനിന്നാല്‍ ബാക്കി എട്ട് മാസം കൊണ്ട് വരുത്താവുന്ന ധനക്കമ്മി 7.6 ശതമാനം മാത്രം. 3.2ശതമാനമെന്ന ലക്ഷ്യത്തില്‍ ഉറച്ചുനിന്നാല്‍ വലിയതോതില്‍ ചെലവ് ചുരുക്കേണ്ടി വരും. അങ്ങനെ വന്നാല്‍ സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള യാ്രയുടെ വേഗം കൂടും.
കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ ധനക്കമ്മി 3.2 ശതമാനമാക്കുക എന്ന ലക്ഷ്യം മറന്ന് 50,000 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷം അധികമായി ചെലവിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ വലുപ്പം കണക്കിലെടുത്താല്‍ 50,000 കോടി രൂപയെന്നത് വലിയൊരു തുകയല്ല. ദേശീയ പാതാ വികസനം, റെയില്‍വേയിലെ നടപ്പു പദ്ധതികള്‍ തുടങ്ങിയവ വേഗത്തിലാക്കാന്‍ പോലും ഈ തുക മതിയാകില്ല. മാത്രമല്ല, അധികമായി അനുവദിക്കുന്ന പണത്തില്‍ വലിയൊരു ഭാഗം ഭരണ നടപടികളുടെ ചെലവിലേക്ക് മാറ്റിവെക്കേണ്ടിയും വരും. പ്രതിസന്ധിയുടെ ആഴമറിഞ്ഞുള്ള മരുന്നല്ല ധനമന്ത്രി കുറിക്കുന്നത് എന്ന് ചുരുക്കം. വരുത്താവുന്ന ധനക്കമ്മിയുടെ 92.4 ശതമാനത്തിലേക്ക് എത്താന്‍ പാകത്തില്‍ ധനവിനിയോഗം ആദ്യത്തെ നാല് മാസം കൊണ്ട് നടത്തുകയും ആദ്യ പാദത്തില്‍ വളര്‍ച്ച ചുരുങ്ങുകയും ചെയ്തുവെങ്കില്‍, ബാക്കിയുള്ള എട്ട് മാസം 50,000 കോടി അധികമായി ചെലവിട്ടതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകാനില്ല.

2014ലും 2015ലും രാജ്യം വലിയ വരള്‍ച്ചയെ നേരിട്ടു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വരള്‍ച്ചയുണ്ടാകുന്നത് അപൂര്‍വമാണ്. ഈ സാഹചര്യം കാര്‍ഷിക മേഖലയെ വല്ലാതെ തളര്‍ത്തിയിരുന്നു. 2016ല്‍ കാലവര്‍ഷം മെച്ചപ്പെടുകയും കാര്‍ഷിക മേഖല ഉണര്‍വ് കാട്ടുകയും ചെയ്തപ്പോഴാണ് 2016ല്‍
നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി എടുത്തത്. അതോടെ കാര്‍ഷിക മേഖല വീണ്ടും പ്രതിസന്ധിയിലായി. തുടര്‍ച്ചയായ മൂന്ന് വര്‍ഷം പ്രതിസന്ധി നേരിട്ട കാര്‍ഷിക മേഖല ഇനി തിരികെക്കയറണമെങ്കില്‍ എത്രകാലം വേണ്ടിവരുമെന്നതില്‍ തിട്ടമില്ല. കാര്‍ഷിക മേഖലയുടെ പ്രതിസന്ധി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കമ്പോളമാണ് ഗ്രാമീണ മേഖല. അവിടം നിശ്ചലമാകുന്നുവെന്നാല്‍ ഉപഭോഗം കുറയുന്നുവെന്നും വ്യാവസായിക ഉത്പാദനം ചുരുങ്ങുന്നുവെന്നുമാണ് അര്‍ഥം. അതുകൊണ്ടാണ് 2016 – 17ല്‍ 7.4ശതമാനമായി ചുരുങ്ങിയ വ്യാവസായിക ഉത്പാദനം 2017 -18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1.6 ശതമനമായി ഇടിഞ്ഞത്. ഈ നില തുടര്‍ന്നാല്‍ ഗുരുതരമായ പ്രതിസന്ധിയിലേക്കാവും രാജ്യം നീങ്ങുക. മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് വലിയ സംഭാവന നല്‍കുകയും വലിയ തോതില്‍ തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്തിരുന്ന നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലാണ്. മറ്റിടങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. അല്‍പ്പമെങ്കിലും മെച്ചം സേവന മേഖലയാണ്. ജി എസ് ടി നടപ്പാക്കിയതോടെ അവിടെയും ചെറിയ പിന്നാക്കം പോക്ക് ദൃശ്യമാകുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ വരുംപാദങ്ങളിലെ വളര്‍ച്ചയെ ഇത് കൂടുതല്‍ താഴേക്ക് നയിക്കും.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആഭ്യന്തര സ്വകാര്യ നിക്ഷേപത്തിന്റെ തോത് കുറയുകയാണുണ്ടായതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ സമ്മതിക്കുന്നുണ്ട്. ആഭ്യന്തര കുത്തകകകള്‍ക്ക് കൈയയച്ച് സഹായം നല്‍കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. ബേങ്കുകളുടെ കിട്ടാക്കടത്തില്‍ വലിയൊരു ശതമാനം ഈ കുത്തകകളുടേതായിരുന്നു. അത് എഴുതിത്തള്ളി, ഋണബാധ്യതയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. എന്നിട്ടും നിക്ഷേപത്തിന് സ്വകാര്യ മേഖല തയ്യാറാകുന്നില്ലെങ്കില്‍, വിശ്വാസത്തോടെ നിക്ഷേപം നടത്താവുന്ന അന്തരീക്ഷം രാജ്യത്തില്ലെന്നാണ് അര്‍ത്ഥം. തീവ്ര വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കാനും വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും ആസൂത്രിതമായി നടക്കുന്ന നീക്കങ്ങള്‍ നിക്ഷേപകരെ പിന്നാക്കം വലിക്കുന്നുണ്ടാകണം.
നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിച്ചുവെന്നതാണ് സര്‍ക്കാറിന് അവകാശപ്പെടാവുന്ന ഏക നേട്ടം. ഇതിലധികവും ഓഹരിക്കമ്പോളത്തിലേക്ക് എത്തുന്നവ മാത്രമാണ്. റെയില്‍വേ, പ്രതിരോധം തുടങ്ങി ഏതാണ്ടെല്ലാ മേഖലകളും വിദേശ നിക്ഷേപത്തിന് തുറന്നിട്ടിട്ടുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ഇത് തുറന്നിടുന്നത് രാജ്യ സുരക്ഷക്ക് എത്രത്തോളം ഗുണകരമാണ് എന്ന ആലോചന “രാജ്യ സ്‌നേഹിക”ള്‍ക്ക് ഉണ്ടായതുമില്ല. എന്നിട്ടും ഈ മേഖലകളില്‍ വിദേശ നിക്ഷേപമെത്തിയോ എന്നതില്‍ സംശയം. നിക്ഷേപമെത്തിയിരുന്നുവെങ്കില്‍ തൊഴിലവസരങ്ങളുടെ സൃഷ്ടിയിലെങ്കിലും ചെറിയ മാറ്റം കാണുമായിരുന്നു.

ആസൂത്രണവും ദീര്‍ഘ വീക്ഷണവും ഇല്ലാതിരിക്കുകയും അധികാരം പൂര്‍ണമായും ഒരാളില്‍ കേന്ദ്രീകരിക്കുകയും “ഞാന്‍” മാത്രമാണ് ശരിയെന്ന് ഏകാധിപതി വിശ്വസിക്കുകയും ചെയ്യുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചോ അത് പരിഹരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചോ ആലോചനകളുണ്ടാകില്ല. അത്തരം ആലോചനകള്‍ക്ക് പരമാധികാരി പഴുതു നല്‍കുകയുമില്ല. സമ്പദ് വ്യവസ്ഥയെ കൃത്യമായി മനസ്സിലാക്കുന്നവരുടെ അഭിപ്രായങ്ങളെ പരിഗണിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നതിന് തെളിവാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് അടുത്തിടെ നടത്തിയ തുറന്നുപറച്ചിലുകള്‍. രണ്ട് വരള്‍ച്ചയെ നേരിട്ട് തളര്‍ന്നു നില്‍ക്കുന്ന കാര്‍ഷിക മേഖലക്ക് പൊടുന്നനെയുള്ള നോട്ട് പിന്‍വലിക്കല്‍ ഏല്‍പ്പിക്കുന്ന ആഘാതം താങ്ങാനാകില്ലെന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല. അത്തരമൊരു നടപടി, ചെറികിട – ഇടത്തരം വ്യവസായങ്ങളെ, വ്യാപാര – വാണിജ്യ മേഖലകളെ ഏതളവില്‍ ബാധിക്കുമെന്ന ആലോചനയുണ്ടായുമില്ല. “ഞാന്‍” മാത്രം ഭരിക്കുന്ന ഒരു സമ്പ്രദായത്തില്‍ അത്തരം ആലോചനകള്‍ക്ക് പ്രസക്തിയുണ്ടാകില്ല. വകുപ്പു വിഭജിച്ചപ്പോള്‍ നയപരമായ കാര്യങ്ങളൊക്കെ “എന്റെ” അധികാരത്തിന്‍ കീഴിലാക്കിയത് അതുകൊണ്ടാണല്ലോ!
ശബ്ദ ഘോഷത്തോടെ പ്രഖ്യാപിക്കുന്ന വലിയ പദ്ധതികളോ കപട ദേശീയതയിലൂന്നിയുള്ള വികാരം വളര്‍ത്തലോ തീവ്ര വര്‍ഗീയത പ്രയോഗിച്ചുള്ള വിദ്വേഷം വളര്‍ത്തലോ രാജ്യത്തെ സാമ്പത്തി യാഥാര്‍ഥ്യങ്ങളെ ഇല്ലതക്കാന്‍ പര്യാപ്തമല്ലെന്ന് ഇനിയും മനസ്സിലായിട്ടില്ല, പരമാധികാരിക്കും അദ്ദേഹത്തെ ഓച്ഛാനിച്ചു നില്‍ക്കുന്ന സംഘ്പരിവാര നേതാക്കള്‍ക്കും. ഗുജറാത്ത് മാതൃകയില്‍ അധികാരത്തുടര്‍ച്ച സമ്മാനിക്കാന്‍ കണ്‍കെട്ടു വിദ്യകളും വര്‍ഗീയതയും മതിയാകുമെന്ന വിശ്വാസമാണ് അദ്ദേഹത്തെ നയിക്കുന്നത്. പക്ഷേ, വയറ്റത്തടിയേല്‍ക്കുന്ന ജനം ഈ വിശ്വാസത്തിനൊപ്പം എത്രകാലം നില്‍ക്കും?

പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള അധിക വരുമാനം, കള്ളപ്പണം തടയാനുള്ള നടപടികളുടെ ഭാഗമായി (സ്വയം വെളിപ്പെടുത്തലും നോട്ട് പിന്‍വലിക്കലുമുള്‍പ്പെടെ) ആദായ നികുതി ഇനത്തില്‍ ലഭിച്ചെന്ന് മോദി അവകാശപ്പെടുന്ന അധിക തുക, ഭക്ഷ്യവസ്തുക്കള്‍, വളം തുടങ്ങിയവയുടെ സബ്‌സിഡി പരിമിതപ്പെടുത്തിയതിലൂടെ ഒഴിവായ ബാധ്യത എന്നിങ്ങനെ പല അനുകൂല സാമ്പത്തിക ഘടകങ്ങളുമുണ്ടായിരിക്കെയാണ് വളര്‍ച്ചാ മുരടിപ്പിലേക്ക് രാജ്യത്തെ മോദിയും സംഘവും നയിച്ചത്. അതില്‍ നിന്ന് കരകയറാനുള്ള ഒരു വഴിയും ജെയ്റ്റ്‌ലിക്ക് മുന്നില്‍ തെളിയുന്നില്ല. ജെയ്റ്റ്‌ലി കണ്ടെത്തുന്ന വഴി, പരമാധികാരി അംഗീകരിച്ചുകൊള്ളണമെന്നുമില്ല. ചൈനയേക്കാള്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് ഊറ്റം കൊണ്ടവര്‍, ഇതുവരെ കാണാത്ത മാന്ദ്യത്തിലേക്ക് രാജ്യത്തെ എത്തിക്കുമോ എന്നേ അറിയേണ്ടതുള്ളൂ.

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest