Connect with us

Gulf

95,000 സിറിയന്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇ എ എ പദ്ധതി

Published

|

Last Updated

സിറിയന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ഇ എ എ പദ്ധതിയുടെ
കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ നിന്ന്‌

ദോഹ: സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട 95,000 സിറിയന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഖത്വര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എജുക്കേഷന്‍ എബവ് ഓള്‍ (ഇ എ എ) ഫൗണ്ടേഷന്റെ പുതിയ പദ്ധതി. ഇതോടെ ഇ എ എയുടെ വിദ്യാഭ്യാസ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സിറിയന്‍ കുട്ടികളുടെ ആകെ എണ്ണം പന്ത്രണ്ട് ലക്ഷമാകും. ഖത്വര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റിന്റെ ധനസഹായവും പദ്ധതിക്കുണ്ട്. യൂനിസെഫിന്റെ (യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്) സഹകരണത്തോടെയാണ് പദ്ധതി. യു എന്‍ പൊതുസഭയുടെ 72ാം സെഷനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ചടങ്ങിലാണ് പുതിയ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നിലവില്‍ തുടര്‍ന്നുവരുന്ന സിറിയന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് മികച്ച വിദ്യാഭ്യാസസൗകര്യങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സിറിയന്‍ പ്രതിസന്ധിയെ തുടര്‍ന്ന് സ്‌കൂള്‍ പഠനം നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ഇ എ എ ഫൗണ്ടേഷനും മറ്റു ഏജന്‍സികളും ചേര്‍ന്ന് ഏഴ് വര്‍ഷത്തിനിടെ ആറ് കോടിയലധികം ഡോളറിന്റെ സഹായമാണ് പ്രഖ്യാപിച്ചത്. ഇ എ എ ഫൗണ്ടേഷന്‍, യൂനിസെഫ്, യു എന്‍ എച്ച് സി ആര്‍, യു എന്‍ ആര്‍ ഡബ്ല്യു എ, ഖത്വര്‍ ഫണ്ട്് എന്നിവ ചേര്‍ന്നാണ് കുട്ടികള്‍ക്കായി വിദ്യാഭ്യാസപദ്ധതികള്‍ നടപ്പാക്കുന്നത്.

പാക്കിസ്ഥാനിലും അംഗോളയിലും സ്‌കൂള്‍ പഠനത്തിനു പുറത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി രണ്ട് പങ്കാളിത്ത കരാറുകളിലും ഇ എ എ ഒപ്പുവച്ചു. യുനസ്‌കോ, റൈസ് ഇന്റര്‍നാഷനല്‍ എന്നിവയുമായാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

ലോകത്തെമ്പാടുമായി സ്‌കൂളില്‍ പോയി പഠനം നടത്താന്‍ കഴിവില്ലാത്ത കുട്ടികളെ സഹായിക്കുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചത്. അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍, ഉപരോധത്തിലായിരിക്കുന്നവര്‍, സുരക്ഷാപ്രശ്‌നങ്ങളാല്‍ സ്‌കൂളുകളില്‍ പോകാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികള്‍ക്കാണ് ഇ എ എ ഊന്നല്‍ നല്‍കുന്നത്. സമഗ്രമായ സ്വയംപഠന കരിക്കുലത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വീടുകളില്‍വെച്ചോ അതല്ലെങ്കില്‍ കമ്യൂണിറ്റി ലേണിംഗ് സെന്ററുകളില്‍ വെച്ചോ സുരക്ഷിത അന്തരീക്ഷത്തില്‍ പഠനം നടത്താനാകും. സിറിയയിലും സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയമൊരുക്കിയിരിക്കുന്ന രാജ്യങ്ങളിലുമായി ഏകദേശം 1.20 കോടി സിറിയന്‍ കുട്ടികള്‍ മാനവിക സഹായം തേടുന്നുണ്ട്. ഇവര്‍ക്കായാണ് ഇ എ എ പദ്ധതികള്‍ നടപ്പാക്കുന്നത്.

ഇ എ എയും യുനിസെഫും ചേര്‍ന്ന് പാക്കിസ്ഥാനില്‍ സ്‌കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു ലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇ എ എയും റൈസ് ഇന്റര്‍നാഷനലും ചേര്‍ന്ന് അംഗോളയില്‍ 24000 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സൗകര്യം നല്‍കുന്നത്. ഇതിനായി എക്‌സണ്‍ മൊബീല്‍ ഇരുപത് ലക്ഷം ഡോളര്‍ ധനസഹായം നല്‍കുന്നുണ്ട്. 25 പുതിയ സ്‌കൂളുകളുടെ നിര്‍മാണം ഉള്‍പ്പടെ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ശൈഖ മൗസ ബിന്‍ത് നാസറിന്റെ നേതൃത്വത്തിലുള്ള ആഗോള സംഘടനയാണ് എജുക്കേഷന്‍ എബവ് ഓള്‍ (ഇ എ എ).

 

Latest