Connect with us

Kerala

ഷാര്‍ജ മലയാളികളുടെ രണ്ടാമത്തെ വീട്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഡോ. ഷേക്ക് സുല്‍ത്താനെ സ്വീകരിക്കാന്‍ കേരളം കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു എ ഇയുമായി കേരളത്തിന് അത്രയും അടുത്ത ബന്ധമുണ്ട്. ഷാര്‍ജയാകട്ടെ, കേരളീയരുടെ രണ്ടാമത്തെ വീടാണ്. കഴിഞ്ഞ വര്‍ഷം തന്റെ നേതൃത്വത്തില്‍ കേരളപ്രതിനിധികള്‍ ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ സുല്‍ത്താന്‍ ഹൃദയവായ്‌പ്പോടെയാണ് സ്വീകരിച്ചത്. കേരളത്തോടുളള മമതയാണ് ആ സ്വീകരണത്തില്‍ ഞങ്ങള്‍ ദര്‍ശിച്ചത്. ഷാര്‍ജ ഭരണാധികാരിയുടെ വിനയവും എളിമയും കേരളാസംഘത്തെ ശരിക്കും നമ്രശിരസ്‌കരാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഷാര്‍ജ സുല്‍ത്താന് കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പരിപാടികളില്‍ ചില മാറ്റങ്ങള്‍ വേണ്ടിവന്നു. ഡിലിറ്റ് ബിരുദം കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് സമ്മാനിക്കാനായിരുന്നു പരിപാടി. എന്നാല്‍ മലപ്പുറം ജില്ലയിലെ ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആ പരിപാടി തിരുവനന്തപുരത്തേക്ക് മാറ്റി. തിരുവനന്തപുരത്ത് പൊതുസ്വീകരണവും അവസാനം ഒഴിവാക്കി.

ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ ഷേക്ക് സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാംസ്‌കാരികവിദ്യാഭ്യാസ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഷാര്‍ജക്കും കേരളത്തിനും ഒന്നിച്ചുനീങ്ങാവുന്ന ഒരുപാട് മേഖലകളുണ്ട്. അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഷേക്ക് സുല്‍ത്താന്റെ സന്ദര്‍ശനം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.