ഐക്യരാഷ്ട്രസഭയില്‍ കോണ്‍ഗ്രസിനെ അംഗീകരിച്ച് സംസാരിച്ചതിന് സുഷമ സ്വരാജിന്‌ നന്ദി :രാഹുല്‍ ഗാന്ധി

Posted on: September 24, 2017 12:59 pm | Last updated: September 24, 2017 at 10:16 pm

ന്യുഡല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ കോണ്‍ഗ്രസിനെ അംഗീകരിച്ചു പ്രസംഗിച്ചതിന് സുഷമ സ്വരാജിനോട് നന്ദി അറിയിച്ചു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും സ്ഥാപിച്ച കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാഴ്ചപ്പാടുകളെയും നിലപാടുകളെയും പാരമ്പര്യത്തെയും ഒടുവില്‍ തിരിച്ചറിഞ്ഞതിന് നന്ദി എന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പാകിസ്താന്‍ വളര്‍ത്തിയത് തീവ്രവാദമാണെങ്കില്‍, ഇന്ത്യ െഎ.ഐ.ടികളും ഐ.ഐ.എമ്മുകളും രൂപീകരിക്കുകയായിരുന്നെന്നു സുഷമ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. സ്വതന്ത്രമായതിനു ശേഷം ഇന്ത്യയില്‍ നിരവധി സര്‍ക്കാറുകള്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി എല്ലാ സര്‍ക്കാരും അവരവരുടെ പങ്കു നന്നായി നിര്‍വഹിക്കുന്നുണ്ടെന്നും സുഷമ അന്ന് പറഞ്ഞിരുന്നു.