സ്ത്രീ സുരക്ഷ പിങ്ക് പട്രോള്‍ എട്ട് ജില്ലകളിലേക്ക് കൂടി

Posted on: September 24, 2017 6:16 am | Last updated: September 23, 2017 at 11:29 pm

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും അവര്‍ക്ക് സുരക്ഷ നല്‍കാനും തലസ്ഥാനത്ത് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പിങ്ക് പട്രോള്‍ സംവിധാനം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു.

കൊല്ലം ഉള്‍പ്പെടെ എട്ട് ജില്ലകളിലേക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതി വ്യാപിപ്പിക്കുക. തിരുവനന്തപുരം റൂറല്‍ ഉള്‍പ്പെടെ ഒമ്പത് പോലീസ് ജില്ലകളില്‍ പദ്ധതി പ്രാരംഭഘട്ടത്തിലാണ്.

തലസ്ഥാന നഗരത്തില്‍ പിങ്ക് പട്രോളും ബീറ്റും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശിപാര്‍ശയും സര്‍ക്കാര്‍ പരിഗണനയിലാണ്. അത്യാധുനിക സംവിധാനങ്ങളോടെ പിങ്ക് നിറത്തിലുള്ള വാഹനങ്ങളില്‍ വനിതാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുന്നതാണ് സംവിധാനം. സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, പൂവാലശല്യം, സ്‌കൂള്‍ കോളജ് പരിസരങ്ങളില്‍ നടക്കുന്ന ലഹരി വില്‍പ്പന എന്നിവ തടഞ്ഞ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൂര്‍ണ സുരക്ഷ ഉറപ്പാക്കുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം.

പദ്ധതി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ മികച്ച അഭിപ്രായമാണ് ഉയരുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കും ക്രമസമാധാന പാലനത്തിനുമൊപ്പം നിര്‍ണായ ഘട്ടങ്ങളില്‍ ജീവന്‍ രക്ഷക്കും പിങ്ക് പോലീസിന്റെ കരങ്ങള്‍ എത്തുന്നുണ്ട്. പട്രോളിംഗിനിടെ ചെറുതും വലുതുമായ 60 ഓളം കേസുകള്‍ കണ്ടെത്തി ലോക്കല്‍ പോലീസിന് കൈമാറി. സ്‌കൂള്‍ കോളജ് പരിസരം, ബസ് സ്റ്റോപ്പുകള്‍, പ്രധാന ജംഗ്ഷനുകള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പൂവാലന്‍മാരെയും സാമൂഹിക വിരുദ്ധ സംഘങ്ങളെയും അമര്‍ച്ച ചെയ്തു.

എ ഡി ജി പി സന്ധ്യയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ജൂണിലാണ് തിരുവനന്തപുരം നഗരത്തില്‍ പിങ്ക് പട്രോള്‍ ആരംഭിച്ചത്. ഓഫീസറും ഡ്രൈവറും ഉള്‍പ്പെടെ സേനാംഗങ്ങളെല്ലാം വനിതകളാണ്. 1515 എന്ന നമ്പറിലാണ് പിങ്ക് പോലീസിന്റെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതില്‍ വിളിച്ചാല്‍ കണ്‍ട്രോള്‍ വാഹനം അതിവേഗം എത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കും.
വനിതാ പോലീസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പിങ്ക് പോലീസിന്റെ കാറില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള ഉപകരണങ്ങളും ഉണ്ട്. സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ട്രാക്കിംഗ് ഡിവൈസ്, മുന്നിലേക്കും വശങ്ങളിലേക്കും തിരിയുന്ന അത്യാധുനിക ക്യാമറകള്‍ തുടങ്ങിയവയാണ് പ്രധാന സജ്ജീകരണങ്ങള്‍.

ഒരു വനിതാ ഓഫീസര്‍, രണ്ട് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരടങ്ങുന്നതാണ് ഓരോ സംഘവും. ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ തത്സമയം പോലീസ് കണ്‍ട്രോള്‍ റൂമിലെ മോണിട്ടറിലെത്തും. കൂടുതല്‍ ഫോഴ്‌സ് ആവശ്യമുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള റാപ്പിഡ് ഫോഴ്‌സ് ഉടനടി സംഭവ സ്ഥലത്തെത്തും.

സിഡാക്കിന്റെ സാങ്കേതിക സഹായത്തോടെയാണ് പ്രവര്‍ത്തനം. ജി ഐ എസ്- ജി പി എസ് സംവിധാനം ഉപയോഗിച്ച് പരാതി ലഭിച്ച സ്ഥലം കണ്ടെത്തി വേഗത്തിലെത്തുന്നതിന് സഹായകമായ സോഫ്റ്റ്്‌വേറാണ് ഇതിനായി ഉപയോഗിക്കുന്നത്. അലാം, ക്യാമറ എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ പിങ്ക് പട്രോള്‍ സംഘത്തിന് കൈമാറുകയും സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ കണ്‍ട്രോള്‍ റൂം വാഹനങ്ങളെയോ ലോക്കല്‍ പോലീസിനെയോ അയക്കുകയാണ് ചെയ്യുക.