Connect with us

Gulf

ഖത്വര്‍- യു എസ് വാണിജ്യ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കരാര്‍ ഒപ്പുവെച്ചു

Published

|

Last Updated

ദോഹ: സാമ്പത്തിക വാണിജ്യ നിക്ഷേപമേഖലകളില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും അവസരങ്ങളും സാധ്യതകളും കൂടുതലായി സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഉടമ്പടിയില്‍ വാണിജ്യ മന്ത്രാലയവും യു എസ് ഖത്വരി ബിസിനസ്് കൗണ്‍സിലും ന്യൂയോര്‍ക്കില്‍ വെച്ച് ഒപ്പുവച്ചു. സാമ്പത്തിക, വാണിജ്യ,, നിക്ഷേപ മേഖലകളില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഖത്വര്‍ വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. യു എസ്- ഖത്വരി ബിസിനസ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ബറകാത്, അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എന്നിവരുമായാണ് മന്ത്രി ചര്‍ച്ചകള്‍ നടത്തിയത്.

യു എന്‍ പൊതുസഭയുടെ 72ാം സെഷനോടനുബന്ധിച്ചായിരിന്നു ചര്‍ച്ചയും ഉച്ചവിരുന്നും സംഘടിപ്പിച്ചത്. യു എസ് ഖത്വരി ബിസിനസ് കൗണ്‍സിലിലെയും യു എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിലെയും അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. പൊതുതാത്പര്യമുള്ള വിഷയങ്ങളിലൂന്നിയുള്ള ചര്‍ച്ചയില്‍ രണ്ട് കൂട്ടരും അഭിപ്രായങ്ങള്‍ പങ്കുവച്ചതായി ഖത്വര്‍ വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

കൗണ്‍സിലിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തല്‍, ഖത്വറിലും അമേരിക്കയിലും നിക്ഷേപം വര്‍ധിപ്പിക്കല്‍, കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കല്‍, ഖത്വറില്‍ വ്യാപാരം തുടങ്ങാനാഗ്രഹിക്കുകയോ ഇപ്പോള്‍ വാണിജ്യ വ്യാപാര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയോ ചെയ്യുന്ന അമേരിക്കന്‍ കമ്പനികള്‍ക്കും അമേരിക്കയില്‍ വ്യാപാരം തുടങ്ങാനാഗ്രഹിക്കുകയോ ഇപ്പോള്‍ വാണിജ്യ വ്യാപാര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയോ ചെയ്യുന്ന ഖത്വരി കമ്പനികള്‍ക്കും സഹായം ലഭ്യമാക്കല്‍, ഖത്വറിലെയും അമേരിക്കയിലെയും വ്യവസായ സംരംഭകരെ പിന്തുണക്കല്‍, സാങ്കേതിക വൈദഗ്ധ്യം പങ്കുവെക്കല്‍, ഇരു രാജ്യങ്ങളിലെയും വ്യവസായ സംരംഭകരെ ഉള്‍പ്പെടുത്തി ശില്‍പ്പശാലകള്‍ സംഘടിപ്പിക്കല്‍, നിക്ഷേപത്തിനുള്ള നിയന്ത്രണ സാഹചര്യങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കല്‍, യോഗങ്ങളും ഫോറങ്ങളും പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നതില്‍ കൗണ്‍സിലിനെ സഹായിക്കല്‍ എന്നിവയുള്‍പ്പടെയുള്ള കാര്യങ്ങളാണ് സമ്മതപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാണിജ്യം, നിക്ഷേപം ഉള്‍പ്പടെ എല്ലാ മേഖലകളിലും ഖത്വറും അമേരിക്കയും തമ്മിലുള്ള സഹകരണം ലക്ഷ്യമിട്ടായിരുന്നു യോഗമെന്ന് വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനി പറഞ്ഞു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ സഹകരണത്തിലെ നിര്‍ണായക നാഴികക്കല്ലാണ് ഇപ്പോള്‍ ഒപ്പുവച്ചിരിക്കുന്ന ഉടമ്പടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് രാജ്യങ്ങളിലെയും വ്യാപാരമേഖലകള്‍ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സംയുക്ത പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനും രണ്ട് രാജ്യങ്ങളിലെയും നേതാക്കളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് നിക്ഷേപ സഹകരണങ്ങള്‍ സൃഷ്ടിക്കുന്നതാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്വരി വിപണിയിലെ സാന്നിധ്യം വിപുലപ്പെടുത്താനുള്ള അമേരിക്കന്‍ കമ്പനികളുടെ ആഗ്രഹം യു എസ് ഖത്വരി ബിസിനസ് കൗണ്‍സിലിന്റെ പ്രതിനിധി മുഹമ്മദ് ബറകാതും പങ്കുവച്ചു. ഖത്വറും അമേരിക്കയും തമ്മില്‍ കഴിഞ്ഞ വര്‍ഷത്തെ വ്യാപാരമൂല്യം 19.2 ബില്യണ്‍ റിയാലാണ്. യു എസിന്റെ ആറാമത്തെ വലിയ വാണിജ്യപങ്കാളിയാണ് ഖത്വര്‍. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി 2.5 ബില്യണ്‍ ഖത്വര്‍ റിയാലായിരുന്നു. 16.7 ബില്യണ്‍ റിയാലിന്റെ ഇറക്കുമതിയാണ് അമേരിക്കയില്‍ നിന്നും ഖത്വറിലേക്കുണ്ടായത്.
സാമ്പത്തിക വാണിജ്യമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് അമേരിക്കയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള 102 കമ്പനികളാണ് ഖത്വറില്‍ പ്രവര്‍ത്തിക്കുന്നത്.

 

Latest