ഉത്തര കൊറിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനം

Posted on: September 23, 2017 6:48 pm | Last updated: September 24, 2017 at 10:42 am

സോള്‍: ഉത്തര കൊറിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ചൈനയിലെ ഭൗമശാസ്ത്രജ്ഞര്‍ പറഞ്ഞു. എന്നാലിതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം, റിക്ടര്‍ സ്‌കെയിലില്‍ 3.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദക്ഷിണ കൊറിയ വ്യക്തമാക്കി.
വടക്കന്‍ ഹംഗ്യോംഗ് പ്രവിശ്യയില്‍ സ്ഥാപിച്ചിരുന്ന ഭൂകമ്പ മാപിനിയാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. ഉത്തര കൊറിയയുടെ പൂഗ്ഗേരി ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പ്രാദേശിക സമയം രാവിലെ 8.30നാണ് ഭൂചലനം ഉണ്ടായത്. ഇതിന് മുന്പ് ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളെ തുടര്‍ന്നുണ്ടായ ഭൂചലനങ്ങളെല്ലാം റിക്ടര്‍ സ്‌കെയിലില്‍ 4.3ഉം അതിനു മുകളില്‍ തീവ്രതയുമാണ് രേഖപ്പെടുത്തിയത്.

ഈ മാസം മൂന്നിനാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ചുകൊണ്ട് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയത്. വന്‍ പ്രഹരശേഷിയുള്ള 50 60 കിലോ ടണ്‍ ഹൈഡ്രജന്‍ ബോംബായിരുന്നു ഭൂഗര്‍ഭത്തില്‍ പരീക്ഷിച്ചത്. ആണവസ്‌ഫോടനത്തിന്റെ ഫലമായി റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയുള്ള ഭൂകമ്ബവും ഉണ്ടായിരുന്നു. ഇതിന് ശേഷം തുടര്‍ ചലനവും ഉണ്ടായിരുന്നു.

ഇത് ആറാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത്. നേരത്തെ ആണവ പരീക്ഷണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അമേരിക്കയും ഐക്യരാഷ്ട്ര സഭയും കൊറിയയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉത്തര കൊറിയയ്ക്ക് നല്‍കുന്ന എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്താന്‍ ചൈന ഇന്ന് തീരുമാനിച്ചിരുന്നു. ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയതോടെ കൂടുതല്‍ ഉപരോധങ്ങള്‍ യു.എന്‍ ഏര്‍പ്പെടുത്താനാണ് സാദ്ധ്യത.