മലയാളി വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Posted on: September 22, 2017 11:39 pm | Last updated: September 22, 2017 at 11:39 pm

ബെംഗളൂരു: മലയാളി വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബെംഗളൂരുവിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പാലക്കാട് പറളി സ്വദേശി നിരഞ്ജന്‍ കുമാറിന്റെ മകന്‍ ശരത് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തോടനുബന്ധിച്ച് ശരത്തിന്റെ അടുത്ത സുഹൃത്തായ വിശാല്‍ ഉള്‍പ്പെടെ ആറ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ബെംഗളൂരു രാമോഹള്ളിയിലെ തടാകക്കരയില്‍ നിന്ന് കണ്ടെടുത്തു. ശരത്തിന്റെ സഹോദരിയുടെ സഹപാഠിയും കുടുംബവുമായി അടുത്ത ബന്ധവുമുണ്ടായിരുന്ന വിശാലും സുഹൃത്തുക്കളുമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഈ മാസം പന്ത്രണ്ടിന് വൈകീട്ട് മുതലാണ് ശരത്തിനെ കാണാതായത്. പുതിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥി പിന്നീട് തിരിച്ചെത്തിയില്ല. രണ്ട് ദിവസത്തിനു ശേഷം ശരത്തിന്റെ സഹോദരിയുടെ വാട്‌സ് ആപ്പിലേക്ക് താന്‍ തടങ്കലിലാണെന്നും അമ്പത് ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയാല്‍ മാത്രമേ മോചിതനാകൂവെന്നുമുള്ള വീഡിയോ ലഭിച്ചു. വീഡിയോ ലഭിച്ച കാര്യം പോലീസില്‍ അറിയിക്കരുതെന്നും ശരത് ശബ്ദ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബന്ധുക്കള്‍ പോലീസില്‍ വിവരം നല്‍കി. പോലീസ് തിരയുന്നുവെന്ന വിവരം ലഭിച്ച വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി ശരത്തിനെ കൊലപ്പെടുത്തുകയായിരുന്നു.

ശരത്തിനെ സ്വിഫ്റ്റ് കാറില്‍ കയറ്റി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതായി പിടിയിലായ വിദ്യാര്‍ഥികള്‍ സമ്മതിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷം മൃതദേഹം രാമഹള്ളി തടാകത്തില്‍ കല്ലില്‍ കെട്ടി താഴ്ത്തുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം വീണ്ടും തടാകക്കരയിലെത്തിയപ്പോള്‍ മൃതദേഹം പൊങ്ങിയതായി കണ്ടു. ഇതേത്തുടര്‍ന്നാണ് കാറിലെടുത്ത് തൊട്ടടുത്ത തടാകക്കരയില്‍ കൊണ്ടുപോയി മറവു ചെയ്തത്. ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയാണ് ശരത്.