റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കാന്‍ ബി എസ് എഫ്

Posted on: September 22, 2017 11:12 pm | Last updated: September 23, 2017 at 11:17 am

ന്യൂഡല്‍ഹി: അഭയം തേടിയെത്തിയ റോഹിംഗ്യന്‍ മുസ്‌ലിംകളെ തിരിച്ചയക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന ഇന്ത്യ കൂടുതല്‍ പേര്‍ അതിര്‍ത്തി കടന്നെത്തുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മിസോറാം പോലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് മുളക് പൊടിയും സ്റ്റണ്‍ ഗ്രനേഡുകളും അടക്കം പ്രയോഗിച്ച് അഭയാര്‍ഥികളെ തടയുന്നത്. ‘അവരെ വെടിവെക്കാനോ ഗുരുതരമായി പരുക്കേല്‍പ്പിക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഇന്ത്യന്‍ മണ്ണില്‍ വരാന്‍ അവരെ അനുവദിക്കാനും സാധ്യമല്ല. ഈ സാഹചര്യത്തിലാണ് മുളക് പൊടിയും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിക്കുന്നതെന്ന് അതിര്‍ത്തി രക്ഷാ സേന (ബി എസ് എഫ്)യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുളക് പൊടിയുള്ള ഗ്രനേഡുകള്‍ ഉപയോഗിക്കുന്നത് റോഹിംഗ്യകളെ അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് തടയുമെന്നാണ് വലയിരുത്തുന്നതെന്ന് ബി എസ് എഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍ പി എസ് ജയ്‌സ്വാള്‍ പറഞ്ഞു. എന്നാല്‍, ഇത് തീര്‍ത്തും പര്യാപ്തമാണെന്ന് കരുതുന്നില്ല. അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ കൂട്ടമായെത്തുന്നത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും ജയ്‌സ്വാള്‍ പറഞ്ഞു. മുളക് പൊടി ഗ്രനേഡുകള്‍ ദേഹത്ത് പതിക്കുന്നതോടെ ചൊറിച്ചിലും പൊള്ളലുമുണ്ടാകും. കണ്ണില്‍ പതിച്ചാല്‍ താത്കാലികമായി കണ്ണു കാണാന്‍ സാധിക്കാതെയും വരും.

ജമ്മു, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലുള്ള റോഹിംഗ്യന്‍ മുസ്‌ലിംകളെ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അഭയാര്‍ഥികളെ ശക്തമായി നേരിടുമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലമണ് ഈ ഹരജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുള്ളത്. റോഹിംഗ്യകള്‍ക്ക് അഭയാര്‍ഥി പദവിയില്ലെന്നും അവര്‍ അനധികൃത കുടിയേറ്റക്കാര്‍ മാത്രമാണെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. റോഹിംഗ്യകള്‍ക്ക് പാക് തീവ്രവാദി സംഘങ്ങളുമായുള്ള ബന്ധത്തിന് വ്യക്തമായ തെളിവ് ഹാജരാക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതത്തിലും രോഗത്തിലും കഴിയുന്ന മനുഷ്യരെയാണ് കേന്ദ്രം തീവ്രവാദികളെന്ന് മുദ്ര കുത്തുന്നത്.
ഈ നടപടിയെ യു എന്‍ മനുഷ്യാവകാശ ഏജന്‍സി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മനുഷ്യത്വ രഹിതമായ സമീപനമാണ് ഇന്ത്യ കൈകൊള്ളുന്നതെന്നായിരുന്നു ഏജന്‍സി വിലയിരുത്തിയത്. എന്നാല്‍, അന്താരാഷ്ട്ര അഭയാര്‍ഥി കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ ന്യായം. കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചാലും ഇല്ലെങ്കിലും അഭയാര്‍ഥികളെ അവരുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലേക്ക് തിരിച്ചയക്കരുതെന്ന് ചട്ടമുണ്ട്.

മ്യാന്‍മര്‍ സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും ആക്രമണങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയാര്‍ഥികളായെത്തിയ റോഹിംഗ്യകളെ മടക്കി അയക്കാനുള്ള കേന്ദ്ര നീക്കത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷനും വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള സര്‍ക്കാര്‍ തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്നും കേന്ദ്ര നിലപാടിനെ സുപ്രീം കോടതിയില്‍ എതിര്‍ക്കുമെന്നുമാണ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഈ വിഷയം മനുഷ്യാവകാശ പ്രശ്‌നമായിട്ടാണ് കാണുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാനും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ എച്ച് എല്‍ ദത്തു പറഞ്ഞു.

ഇന്ത്യന്‍ പൗരന്‍മാര്‍ക്കും അല്ലാത്തവര്‍ക്കും ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഭരണഘടനയുടെ 21ാം അനുച്ഛേദം നല്‍കുന്നുണ്ടെന്നും മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.