Connect with us

Gulf

അടിയന്തരഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് 24 മണിക്കൂറിനകം എക്‌സിറ്റ് പെര്‍മിറ്റ്

Published

|

Last Updated

ദോഹ: അടിയന്തരഘട്ടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ പ്രവാസികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കുമെന്ന് എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീന്‍വന്‍സസ് കമ്മിറ്റി മേധാവി ബ്രിഗേഡിയര്‍ സാലിം സഖ്ര്‍ അല്‍ മുറൈഖി പറഞ്ഞു. ലേബര്‍ കരാര്‍ പ്രകാരമുള്ള റിക്രൂട്ടറെ അറിയിച്ചതിന് ശേഷം തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് എക്‌സിറ്റ് അനുവദിക്കാനുള്ള അവകാശം കമ്മിറ്റി മേധാവിക്കുണ്ട്. അടിയന്തരഘട്ടത്തില്‍ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 24 മണിക്കൂറില്‍ എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കും. സാധാരണ നിലക്ക് എക്‌സിറ്റ് പെര്‍മിറ്റിന് മൂന്ന് ദിവസമാണെടുക്കുക.

പ്രവാസികളില്‍ 90 ശതമാനവും യാതൊരു പ്രശ്‌നവും കൂടാതെയാണ് രാജ്യത്ത് നിന്ന് പുറത്തുപോകുന്നത്. എക്‌സിറ്റ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് പത്ത് ശതമാനത്തിന് മാത്രമാണ് പരാതിയുള്ളത്. ഉപരോധത്തിന്റെ സമയത്ത് തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിഷേധിച്ചുവെന്ന ഊഹാപോഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. പ്രവാസികള്‍ വെറും തൊഴിലാളികള്‍ മാത്രമല്ലെന്നും അവര്‍ രാഷ്ട്ര നിര്‍മാണത്തിലെ പ്രധാന പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പെര്‍മിറ്റുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് ഋജഏഇ@ാീശ.ഴീ്.ൂമ എന്ന ഇ മെയില്‍ സൗകര്യവും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

ഈ വര്‍ഷം 2958 കേസുകളാണ് എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റി സ്വീകരിച്ചത്. രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം പരിഹരിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക പ്രവാസികള്‍ക്കായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച കമ്മിറ്റിയുടെ സെമിനാറിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

പ്രവാസികളുടെ പ്രവേശനം, പുറത്തുപോകല്‍, താമസം സംബന്ധിച്ച പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷമാണ് കമ്മിറ്റി സ്ഥാപിച്ചത്. തൊഴിലുടമകളുമായുള്ള തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കമ്മിറ്റി സ്ഥാപിതമായത്. പ്രവാസിയില്‍ നിന്ന് പരാതി സ്വീകരിച്ചാല്‍ തൊഴിലുടമയുമായി ചര്‍ച്ച ചെയ്താണ് പരിഹാരമുണ്ടാക്കുന്നത്. ആദ്യ ചര്‍ച്ചയില്‍ പരിഹാരമായില്ലെങ്കില്‍ ഇരുകക്ഷികളെയും വീണ്ടും വിളിക്കും. ആഭ്യന്തര മന്ത്രാലയം, ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം, ദേശീയ മനുഷ്യാവകാശ കമ്മിറ്റി എന്നിവയിലെ പ്രതിനിധികളാണ് കമ്മിറ്റിയിലുള്ളത്.

Latest