ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാനില്ലന്ന് ചൈന

Posted on: September 22, 2017 6:52 pm | Last updated: September 23, 2017 at 11:18 am

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാനില്ലെന്ന് ചൈന വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ചൈനയുടെ പിന്തുണ നേടാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ തള്ളിക്കൊണ്ടാണ് ഐക്യരാഷ്ട്രസഭയില്‍ ചൈന നിലപാട് വ്യക്തമാക്കിയത്.

കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തമാണ്. ഏറെ പഴക്കമുള്ള വിഷയമാണ് കശ്മീരിലേത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. മേഖലയില്‍ സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. വിഷയത്തില്‍ നേരത്തെയും സമാന നിലപാട് ചൈന വ്യക്തമാക്കിയിരുന്നു.

കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം പാലിക്കപ്പെടണമെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് കാഖന്‍ അബ്ബാസി ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയും പകിസ്താനും തമ്മില്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനും അത് ആവശ്യമാണ്. കശ്മീരിലേയ്ക്ക് പ്രത്യേക യുഎന്‍ സംഘത്തെ അയയ്ക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസം തീവ്രവാദം സംബന്ധിച്ച് പാകിസ്താന്റെ നിലപാടിലെ പൊള്ളത്തരം ഇന്ത്യ

ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടിയിരുന്നു. തീവ്രവാദത്തിന്റെ മറുവാക്കാണ് പാകിസ്താന്‍ എന്നും ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കവെ ഇന്ത്യയുടെ പ്രതിനിധി ഈനം ഗംഭീര്‍ തുറന്നടിച്ചിരുന്നു. ആഗോള തലത്തില്‍ തീവ്രവാദം ഉത്പാദിപ്പിക്കുന്നതില്‍ പാകിസ്താന് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു