Connect with us

Gulf

പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ എല്‍ എന്‍ ജി തുര്‍ക്കിക്ക് നല്‍കാന്‍ കരാര്‍

Published

|

Last Updated

ദോഹ: അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതിവാതകം (എല്‍ എന്‍ ജി) ലോകത്തിലെ ഏറ്റവും പ്രധാന ദ്രവീകൃത പ്രകൃതിവാതക കമ്പനിയായ ഖത്വര്‍ ഗ്യാസ് തുര്‍ക്കിയിലേക്ക് കയറ്റുമതി ചെയ്യും. അടുത്ത മാസം ഒന്ന് മുതലായിരിക്കും കയറ്റുമതി ആരംഭിക്കുക. ഇതുസംബന്ധിച്ച കരാറില്‍ ഖത്വര്‍ ഗ്യാസും തുര്‍ക്കിയിലെ ബൊതാസ് പെട്രോളിയം പൈപ്പ്‌ലൈന്‍ കോര്‍പറേഷനു (ബൊതാസ്)മായി ഒപ്പുവെച്ചു.

ബൊതാസുമായി പുതിയ കരാര്‍ പ്രഖ്യാപിക്കുന്നതില്‍ അത്യധികമായ സന്തോഷമുണ്ടെന്നും സുഹൃദ്‌രാജ്യമായ തുര്‍ക്കിയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ കരാര്‍ സഹായകമാകുമെന്നും ഖത്വര്‍ പെട്രോളിയം പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടിവൂം ഖത്വര്‍ ഗ്യാസ് ബോര്‍ഡ് ചെയര്‍മാനുമായ സാദ് ഷെരിദ അല്‍ കഅബി പറഞ്ഞു. എല്‍ എന്‍ ജി വിപണിയിലെ വികസനം തുടരുകയാണ്. പുതിയ അവസരങ്ങള്‍ സ്വന്തമാക്കുന്നതില്‍ ഖത്വറിന്റെ ശേഷി ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് പുതിയ കരാര്‍.

ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വിശ്വാസയോഗ്യമായ വിതരണക്കാരെന്ന ഖത്വറിന്റെ ശേഷിയില്‍ ലോകമെങ്ങുമുള്ള ഉപഭോക്താക്കള്‍ക്കുള്ള ആഴത്തിലുള്ള ആത്മവിശ്വാസം പ്രതിഫലിക്കുന്നതാണ് ഏറ്റവും പുതിയ കരാര്‍.
ദ്രവീകൃത പ്രകൃതിവാതക വ്യവസായത്തില്‍ ആഴത്തില്‍ വൈദഗ്ധ്യമുള്ള മൂല്യമേറിയ ഉപഭോക്താക്കളായ ബൊതാസുമായി ബഹുവര്‍ഷ കരാര്‍ പ്രഖ്യാപിക്കുന്നതില്‍ ഖത്വര്‍ ഗ്യാസിന് വലിയ സന്തോഷമുണ്ടെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഖാലിദ് ബിന്‍ ഖലീഫ അല്‍ താനി പറഞ്ഞു. നിലവിലെ ഇടക്കാല സ്‌പോട്ട് കാര്‍ഗോ വിതരണത്തില്‍ നിന്നും ബൊതാസുമായുള്ള സഹകരണം കൂടുതല്‍ വികസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ആദ്യ പൂര്‍ണ സംയോജിത എല്‍ എന്‍ ജി ശംൃഖലയായ ഖത്വര്‍ ലിക്വിഫൈഡ് ഗ്യാസ് കമ്പനി ലിമിറ്റഡ് 2(ഖത്വര്‍ ഗ്യാസ് 2)വില്‍ നിന്ന് ക്യു ഫ്‌ളെക്്‌സ് കപ്പലിലായിരിക്കും ബൊതാസിലേക്ക് കയറ്റുമതി. മര്‍മറ എല്‍ എന്‍ ജി ടെര്‍മിനലിലേക്കോ എത്കി എല്‍ എന്‍ ജി ടെര്‍മിനലിലേക്കോ ആയിരിക്കും കയറ്റുമതി ചെയ്യുക.

 

Latest