റോഹിംഗ്യ: ട്രംപിന്റെ സഹായം വേണ്ടെന്ന് ബംഗ്ലാദേശ്

Posted on: September 21, 2017 8:58 am | Last updated: September 21, 2017 at 11:59 am

ന്യൂയോര്‍ക്ക്: റോഹിംഗ്യന്‍ വിഷയത്തില്‍ അമേരിക്കയുടെ സഹായം പ്രതീക്ഷിക്കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ ഒറ്റക്ക് നേരിടുമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. റോഹിംഗ്യന്‍ വിഷയത്തെ കുറിച്ച് പ്രതികരിക്കാതെ തന്ത്രപരമായി ഒഴിഞ്ഞുമാറിയ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള മറുപടിയായാണ് ഹസീന ഇങ്ങനെ പ്രതികരിച്ചത്. റാഖിനെയില്‍ നിന്ന് ക്രൂരമായ ആക്രമണത്തിനിരയായി ബംഗ്ലാദേശിലെത്തുന്ന റോഹിംഗ്യകളെ സ്വീകരിക്കാന്‍ തയ്യാറാണെന്നും കൂടുതല്‍ പേര്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുമെന്നും ഹസീന വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ ബംഗ്ലാദേശ് ആക്ടിവിസ്റ്റുകളുമായി സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

റോഹിംഗ്യന്‍ വിഷയത്തില്‍ വിളിച്ചുചേര്‍ത്ത യു എന്‍ അസംബ്ലിയില്‍ പങ്കെടുക്കവെ അഭയാര്‍ഥികളെ കുറിച്ച് ഹസീന ട്രംപിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതേകുറിച്ച് ഒന്നും പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു ട്രംപ്. സിറിയ, മെക്‌സിക്കോ തുടങ്ങി അഭയാര്‍ഥി വിഷയത്തില്‍ മനുഷ്യത്വരഹിതമായ നിലപാട് സ്വീകരിച്ച ട്രംപിനെ ശക്തമായ ഭാഷയില്‍ ഹസീന വിമര്‍ശിച്ചിട്ടുണ്ട്.
അതിനിടെ, റോഹിംഗ്യന്‍ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഹസീന മ്യാന്മറിന് താക്കീത് നല്‍കി. റോഹിംഗ്യകള്‍ മ്യാന്മറിന്റെ പൗരന്മാരാണെന്നും അവരെ തിരിച്ചുവിളിക്കല്‍ അവിടുത്തെ സര്‍ക്കാറിന്റെ ബാധ്യതയാണെന്നും ഹസീന വ്യക്തമാക്കി.