ഗുര്‍മീതിന്റെ ദേരാ ആസ്ഥാനത്ത് 600 അസ്ഥികൂടങ്ങള്‍; ദുരൂഹതയേറുന്നു

Posted on: September 20, 2017 8:47 pm | Last updated: September 20, 2017 at 8:47 pm

ചണ്ഡീഗഢ്: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തില്‍ 600 അസ്ഥി കൂടങ്ങള്‍. മോക്ഷം പ്രാപിച്ചവരുടേതാണ് ഈ അസ്ഥികൂടങ്ങളെന്നാണ് അനുയായികള്‍ പറയുന്നത്.

ദേര സച്ചാ ആസ്ഥാനത്ത് 600 മനുഷ്യ അസ്ഥികൂടങ്ങള്‍ മറവ് ചെയ്തതായും വെളിപ്പെടുത്തലുണ്ട്. ദേര ആശ്രമത്തിന്റെ പരിസരത്ത് നിരവധി പേരെ അടക്കം ചെയ്ത വിവരം ഗുര്‍മീത് അനുയായിയും ദേര മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായ ഡോ. പി ആര്‍ നയിന്‍ ആണ് പ്രത്യേക അന്വേഷണം സംഘത്തിന് കൈമാറിയത്. മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നാണ് റാം റഹീമിന്റെ അനുയായികള്‍ പറയുന്നത്. ഇതോടെ ആശ്രമത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത ഏറുകയാണ്.

ദേര ആശ്രമ പരിസരത്ത് നടത്തിയ പരിശോധനയില്‍ നേരത്തെ പോലീസ് അസ്ഥി കൂടങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മാനേജര്‍ വെളിപ്പെടുത്തിയത്രയും അസ്ഥികൂടങ്ങള്‍ ഉണ്ടോ എന്ന കാര്യം തെളിയിക്കപ്പെട്ടിട്ടില്ല. ഈ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം നടക്കേമണ്ടതുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.