സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും: അരുണ്‍ ജെയിറ്റ്‌ലി

Posted on: September 20, 2017 7:47 pm | Last updated: September 21, 2017 at 9:17 am

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വളര്‍ച്ച നിരക്ക് മൂന്ന് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കായ 5.7 ശതമാനത്തിലേക്ക് എത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം.

എല്ലാ സാമ്പത്തിക സൂചികകളും സര്‍ക്കാര്‍ പരിശോധിച്ചുവരുന്നുണ്ട്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കൂടുതലായി എന്തെങ്കിലും ചെയ്യണമെങ്കില്‍ അത് ചെയ്യും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കോന്‍ പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച് വേണ്ട നടപടികളിലെടുക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 5.7 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പദവി ഇന്ത്യക്ക് ഇതുമൂലം നഷ്ടപ്പെട്ടിരുന്നു. നോട്ട് പിന്‍വലിക്കലും ജി.എസ്.ടിയുമാണ് ഇന്ത്യയുടെ വളര്‍ച്ച നിരക്ക് കുറച്ചതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.