യുവതയുടെ കര്‍മശേഷിയിലുള്ള വിശ്വാസമാണ് യു എ ഇയുടെ വിജയ രഹസ്യം

Posted on: September 20, 2017 6:39 pm | Last updated: September 20, 2017 at 6:39 pm

അബുദാബി: യുവാക്കളിലും അവരുടെ കര്‍മശേഷിയിലുമുള്ള വിശ്വാസമാണ് യു എ ഇയുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്ന് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. ലോകത്തിലെ ഏറ്റവും മികച്ച യുവകേന്ദ്രമായി മാറാനായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത യുഎ ഇ യൂത്ത് സെന്ററിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു ശൈഖ് ഹസ്സ.

രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ മഹത്തായ പാരമ്പര്യമാണു യുവാക്കളെ പിന്തുണക്കുകയും രാജ്യത്തിന്റെ വികസനത്തിനും നിര്‍മിതിക്കും അവര്‍ക്ക് അവസരങ്ങള്‍ ഒരുക്കുകയും വഴി ചെയ്യുന്നത്. സമൂഹത്തിന്റെ മുന്നേറ്റത്തിന് അവരുടെ വ്യക്തമായ മുദ്രയ്ക്കാണ് അവസരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.