Connect with us

Kasargod

കാസര്‍കോട് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 11 പേര്‍; കുറ്റവാളികള്‍ രക്ഷപ്പെടുന്നു

Published

|

Last Updated

കാസര്‍കോട്: പോലീസ് അന്വേഷണത്തിലെ ഗുരുതര വീഴ്ചകളും കേസ് നടത്തിപ്പിലുണ്ടാകൂന്ന പാളിച്ചകളും കാസര്‍കോട്ട് വര്‍ഗീയ കൊലപാതകങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 2008 മുതല്‍ സാമുദായിക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 11 പേരാണ്. ഇങ്ങനെ കൊലചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായാംഗങ്ങളാണ്. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കൊല്ലപ്പെടുന്ന കേസുകളില്‍ പോലീസ് അന്വേഷണം കാര്യക്ഷമമാകുന്നില്ലെന്നും വിവേചനം കാണിക്കുന്നുവെന്നുമുള്ള വിമര്‍ശനം ഈയിടെ ശക്തമാണ്.
പല കേസുകളിലും പ്രതികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നു. പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളാണ് ഇവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നത്. കുറ്റവാളികള്‍ രക്ഷപ്പെടുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഏറ്റവും ഒടുവിലായി നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സിനാന്‍ വധക്കേസിലെ പ്രതികളെയും കോടതി വെറുതെ വിട്ടതോടെ പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
മുഹമ്മദ് സിനാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ടു കൊണ്ടുള്ള കോടതിവിധി നിയമവൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. സിനാന്‍ വധക്കേസിലെ പ്രതികളും ആര്‍ എസ് എസ് പ്രവര്‍ത്തകരുമായ അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ്, അടുക്കത്ത് ബയല്‍ കശുവണ്ടി ഫാക്ടറി റോഡിലെ കിരണ്‍കുമാര്‍, കെ നിധിന്‍കുമാര്‍ എന്നിവരെയാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടത്. പോലീസ് അന്വേഷണത്തിലെ പാളിച്ചകളും തെളിവുകള്‍ ശേഖരിക്കുന്നതില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുമാണ് സംസ്ഥാനത്തെ തന്നെ നടുക്കിയ പല പ്രമാദമായ കൊലക്കേസുകളിലെയും പ്രതികളെ വെറുതെ വിടാന്‍ കാരണമാകുന്നതെന്നാണ് പ്രധാന വിമര്‍ശനം.
സിനാന്‍ വധക്കേസില്‍ സംഭവം കണ്ടതായി ദൃക്‌സാക്ഷികള്‍ കോടതിയെ ബോധിപ്പിച്ചിട്ടുപോലും ശിക്ഷ വിധിക്കാന്‍ പര്യാപ്തമായ തെളിവായി ഇത് മാറിയില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി വരാന്‍ പര്യാപ്തമായ രീതിയില്‍ വിചാരണവേളയില്‍ തെളിവ് ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷനും പരാജയപ്പെടുകയായിരുന്നു. കേസിന്റെ വിചാരണ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കുള്ള ശിക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും നിയോഗിച്ചിട്ടുപോലും കേസ് തെളിയിക്കാനാകാത്തത് ഇരകളുടെ കുടുംബങ്ങളില്‍ ആശങ്ക വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
സന്ദീപ്, മുഹമ്മദ് സിനാന്‍, അഡ്വ. സുഹാസ്, മുഹമ്മദ് ഹാജി, റിശാദ്, റഫീഖ്, ഉപേന്ദ്രന്‍, അസ്ഹര്‍, സാബിത്, സൈനുല്‍ ആബിദ്, റിയാസ് മൗലവി എന്നിവരാണ് 2008 മുതല്‍ കാസര്‍കോട്ട് സാമുദായിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്. ഇതില്‍ റിശാദ്, അസ്ഹര്‍, ഏറ്റവും ഒടുവിലായി സിനാന്‍ വധക്കേസുകളിലെ പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മറ്റു കേസുകള്‍ വിചാരണ ഘട്ടത്തിലും, ചിലത് വിചാരണ നടക്കാനിരിക്കുകയുമാണ്.
ഇനി വിചാരണക്ക് വരാനിരിക്കുന്ന കേസുകളുടെ സ്ഥിതി എന്താകുമെന്നതിനെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് ജില്ലാ കോടതിയിലെ മുന്‍പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ശുക്കൂര്‍ വ്യക്തമാക്കി. റിയാസ് മൗലവി വധക്കേസില്‍ യു എ പി എ ചുമത്തണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതേ രീതിയിലുള്ള മറ്റ് കൊലക്കേസുകളിലും യു എ പി എ ചുമത്തേണ്ടതുതന്നെയായിരുന്നു. അങ്ങനെയൊരു വകുപ്പ് ചുമത്തിയാല്‍ പ്രതികള്‍ക്കെതിരായ തെളിവുകള്‍ കണ്ടെത്താന്‍ പ്രോസിക്യൂഷന് വലിയ പ്രയാസമുണ്ടാകില്ല. നാടിന്റെ സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കുന്ന ശക്തികള്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ പോലീസും ജുഡീഷ്യറിയും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. അല്ലാത്ത പക്ഷം ഇങ്ങനെയുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും സമൂഹത്തില്‍ അത് ആപത്ശങ്ക വര്‍ധിപ്പിക്കുമെന്നും അഡ്വ. സി ശുക്കൂര്‍ കൂട്ടിച്ചേര്‍ത്തു.