നോര്‍ക്ക റൂട്‌സ് പ്രവാസി മലയാളികള്‍ക്ക് നാണക്കേടായി

Posted on: September 19, 2017 9:22 pm | Last updated: September 21, 2017 at 8:19 pm

ദുബൈ :പ്രവാസിക്ഷേമത്തിനുള്ള നോര്‍ക്ക റൂട്‌സിനെ ,പ്രവര്‍ത്തനക്ഷമമല്ലാത്ത കമ്പനികളുടെ കൂട്ടത്തില്‍പെടുത്തിയ കേന്ദ്രസര്‍ക്കാരിനും നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിനുമെതിരെ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ അമര്‍ഷം. പ്രവാസികളുടെ പേരില്‍ ഭരണകൂടങ്ങള്‍ കണ്ണീരൊഴുക്കുന്നതില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ബോധ്യപ്പെടുന്നതായി നിരവധി പേര്‍ അഭിപ്രായപ്പെട്ടു. 2014 നു ശേഷം നോര്‍ക റൂട്‌സ് കണക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെട്ടില്ലായെന്ന ഗുരുതരവീഴ്ച പുറത്തുവന്നിരിക്കുകയാണ്. ഉദ്യോഗസ്ഥരെ നേരായ വഴിയിലേക്ക് നയിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെപ്പോലെ പിണറായി സര്‍ക്കാരും പരാജയപ്പെട്ടിരിക്കുന്നു. പ്രമുഖ ഇടതുപക്ഷ സഹയാത്രികന്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. പിണറായി സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന് ശേഷം നോര്‍ക്ക റൂട്‌സ് പുനഃസംഘടിപ്പിച്ചരുന്നു. ഏതാനും മാസം മുമ്പ് പുതിയ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നപ്പോള്‍ ,പഴയ കണക്കുകള്‍ ഇനിയും ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് ഡയറക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്രെ. അതിന്റെ പേരില്‍ ചില ഉദ്യോഗസ്ഥരെ മാറ്റുകയും ചെയ്തു. പക്ഷേ പുതിയ ഉദ്യോഗസ്ഥരും മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്.

ഏഴു മാസം ലഭിച്ചിട്ടും കണക്കുകള്‍ തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. നേരായ വഴിയിലല്ലാത്ത കമ്പനികളെ പിരിച്ചു വിടുമെന്ന കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ഇതിന്റെ നാണക്കേട് പേറേണ്ടി വരുന്നത് ഡയറക്ടര്‍മാരാണ്. പ്രവാസികളുടെ പേരില്‍ ആളാകാനുള്ള ഇടമാണ് നോര്‍ക്ക റൂട്‌സ് എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.
നോര്‍ക്ക റൂട്‌സ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് കമ്പനി ആക്ട് പ്രകാരം ആണെങ്കിലും മുഖ്യമന്ത്രി അധ്യക്ഷനായ സ്ഥാപനമാണെന്ന് കേന്ദ്ര സര്‍ക്കാരും മറന്നു. അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചു. നോര്‍ക്ക റൂട്‌സില്‍ തുടക്കത്തില്‍ സകാര്യ വ്യക്തികള്‍ക്കായിരുന്നു കൂടുതല്‍ ഓഹരി. അച്യുതാനന്ദന്‍ സര്‍ക്കാരാണ് ഇതിന് മാറ്റം വരുത്തിയത്. 51 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിനായി. സര്‍ക്കാര്‍ സ്ഥാപനം ആയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ നാണംകെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി കൈക്കൊണ്ടതെന്നു ഒരു വിഭാഗം പറയുന്നു.
നായനാര്‍ സര്‍ക്കാരാണ് നോര്‍ക്ക വകുപ്പ് സ്ഥാപിച്ചത്. സാധാരണക്കാരായ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായിട്ടായിരുന്നു നോര്‍ക്ക. ഡോ.വി വേണു ഐ എ എസ് ആദ്യ സെക്രട്ടറി ആയി. പക്ഷേ വിദേശത്തു മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ നോര്‍ക്കയ്ക്കു സാങ്കേതിക തടസം വന്നപ്പോള്‍
നോര്‍ക്കയുടെ കീഴില്‍ നോര്‍ക്ക റൂട്‌സ് എന്ന ആശയം കൊണ്ടു വന്നു. വിദേശ വാണിജ്യ പ്രമുഖരുടെ സഹകരണത്തോടെ കമ്പനി രൂപവത്കരിക്കുകയായിരുന്നു. നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവെങ്കിലും വിദേശ മലയാളികളില്‍ സന്ദേശം എത്തിക്കാന്‍ നോര്‍ക്ക റൂട്‌സിനു കഴിയുന്നില്ലെന്ന ആക്ഷേപം നില നില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ അടി.
രാജ്യത്തെ ആയിരക്കണക്കിന് കമ്പനികള്‍ക്കെതിരെ കേന്ദ്രം നടപടി കൈകൊണ്ടല്ലോ എന്ന് ആശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഈ നാണക്കേട് തുടച്ചു നീക്കാന്‍ കാലം ഏറെ വേണ്ടി വരും.
നോര്‍ക്ക റൂട്‌സ് നേരിടുന്ന പ്രശ്നം സാങ്കേതികം മാത്രമാണെന്ന്
ഡയറക്ടര്‍മാരില്‍ ഒരാളായ ഒ വി മുസ്തഫ അഭിപ്രയപ്പെട്ടു.
ഒന്നോ രണ്ടോ മാസം കൂടി കഴിഞ്ഞാല്‍ എല്ലാം ശരിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

ഗള്‍ഫില്‍ 20 ലക്ഷത്തോളം കേരളീയര്‍ ഉണ്ടെങ്കിലും ഒരു ലക്ഷം പേര്‍ പോലും നോര്‍ക്ക റൂട്‌സ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിട്ടില്ല. ഇതിന്റെ ആവശ്യം എന്താണെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ കഴിയാത്തതാണ് പ്രശ്‌നം. ചില സംഘടനകള്‍ ചേര്‍ത്ത ആളുകളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങിയിട്ടുണ്ട്.അബുദാബി കെ എസ് സി യില്‍ ബുധന്‍ രാത്രി വിതരണം ചെയ്യും. മറ്റിടങ്ങളില്‍ ഒരു നിശ്ചയവുമില്ലൊന്നിനും