മുരിങ്ങയില ഉണക്കിപ്പൊടിച്ചതിന് കിലോക്ക് 4,000 രൂപ!

Posted on: September 19, 2017 6:12 pm | Last updated: September 19, 2017 at 6:12 pm

ദുബൈ: കേരളത്തിന്റെ സ്വന്തം മുരിങ്ങയുടെ കായും ഇലയും പാക്കറ്റിലാക്കിയാല്‍ വന്‍തുക നേടാമെന്ന് കാണിച്ചുതരികയാണ് ദുബൈയില്‍ നടക്കുന്ന ഹലാല്‍ ഉത്പന്ന പ്രദര്‍ശനം.

മുരിങ്ങാക്കുരു 50 ഗ്രാമിന് 35 ഡോളറാണ് മലേഷ്യന്‍ കമ്പനിയുടെ വില. മുരിങ്ങയില ഉണക്കിപ്പൊടിച്ചു കുപ്പിയിലാക്കിയാല്‍ കിലോയ്ക്ക് 60 ഡോളര്‍. ഏകദേശം 4000 രൂപയോളം വരുമിത്.
ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുള്ള ജൈവ ഔഷധമാണിതെന്നു ഹെര്‍ബ കമ്പനി എം ഡി ലൈല ബിന്ദി മുഹൈര്‍ പറഞ്ഞു. മോറിങ്ങാ എന്നാണ് മലേഷ്യയില്‍ മുരിങ്ങ അറിയപ്പെടുന്നത്.
വാണിജ്യാടിസ്ഥാനത്തില്‍ തന്നെ മുരിങ്ങാമരം നട്ടുപിടിപ്പിക്കുകയും ചെയ്യുന്നുവെന്നും മുരിങ്ങയിലയില്‍ നിന്ന് ചായ പോലുള്ള പാനീയം ആകാമെന്നും അവര്‍ പറഞ്ഞു.

യു എ ഇ 2,000 കോടി ഡോളറിന്റെ ഹലാല്‍ ഉത്പന്നങ്ങളാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വിവിധ ഉത്പന്നങ്ങള്‍ എത്തുന്നു.