ദിലീപിന് വീണ്ടും തിരിച്ചടി; ജാമ്യഹരജി പരിഗണിക്കുന്നത് 26ലേക്ക് മാറ്റി

Posted on: September 19, 2017 11:01 am | Last updated: September 20, 2017 at 9:06 am


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റി. ജാമ്യഹരജി പരിഗണിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സാഹചര്യങ്ങളില്‍ കാതലായ മാറ്റമുണ്ടായാലേ ജാമ്യഹരജി പരിഗണക്കേണ്ടതുള്ളൂ എന്നും കോടതി വ്യക്തമാക്കി. കുറച്ചുദിവസം ജയിലില്‍ കിടന്നതു കൊണ്ടുമാത്രം സാഹചര്യം മാറില്ല. അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ കാവ്യാ മാധവനേയും നാദിര്‍ഷായേയും ചോദ്യം ചെയ്യാനുണ്ട്. രണ്ട് തവണ ജാമ്യം തള്ളിയപ്പോഴും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ താന്‍ ഒരു കാരണവശാലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ലെന്ന് ദിലീപ് ജാമ്യഹരജിയില്‍ വ്യക്തമാക്കിയിരുന്നു. താന്‍ ജയിലില്‍ തുടരുന്നതു കാരണം അന്‍പത് കോടിയുടെ സിനിമാ പ്രൊജക്ടുകള്‍ അനിശ്ചിതത്വത്തിലായതായും ജാമ്യഹരജിയില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ഭാര്യ മഞ്ജുവാര്യര്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയും ദിലീപ് ആരോപണമുന്നയിച്ചു. മഞ്ജുവാര്യര്‍ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്നും ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ദിലീപ് ജാമ്യഹരജിയില്‍ ആരോപിച്ചു.

ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. . നേരത്തെ, രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ജൂലൈ പത്തിനാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.