അണക്കെട്ട്, ബുള്ളറ്റ് ട്രെയിന്‍; ഒപ്പം ജന്മദിനാഘോഷവും

കൊട്ടിഘോഷിച്ച് ഒരു പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ മൂന്ന് പതിറ്റാണ്ടായി പദ്ധതി പ്രദേശത്തെ 192 ഗ്രാമങ്ങളിലെ ജനങ്ങള്‍ അതിനെതിരെ നിരന്തരമായ സമരത്തിലാണെന്നത് ഏറെ ഗൗരവത്തോടെ വേണം നോക്കിക്കാണാന്‍. ജീവിക്കാനുള്ള ഭൂമി നഷ്ടപ്പെടുന്നവര്‍ക്കെന്തിനാണ് വൈദ്യുതി എന്നാണിവര്‍ ഭരണകൂടത്തോട് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തമായി ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് പരിമിതമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കാന്‍ തയ്യാറാണ് എന്ന് പറയുമ്പോഴും ആകാശം മേല്‍ക്കൂരയാക്കി കഴിയുന്ന ബാക്കി 60 ശതമാനം ജനതയുടെ കാര്യം സര്‍ക്കാറിന്റെ ബാധ്യതയല്ലെന്നാണ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ പ്രതികരണം. ജനകീയ സമരങ്ങളോടുള്ള ഒരു സര്‍ക്കാറിന്റെ ക്രൂരമായ നിലപാടുകളാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്.
ഐക്കരപ്പടി
Posted on: September 19, 2017 7:51 am | Last updated: September 19, 2017 at 9:04 am

പ്രധാനമന്ത്രിയുടെ 67-ാം ജന്മദിന സമ്മാനമായി രാജ്യത്തിന് സമര്‍പ്പിച്ച പദ്ധതിയാണ് ‘ഗുജറാത്തിന്റെ ജീവരേഖ’ എന്നറിയപ്പെടുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ട്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും അമേരിക്കയിലെ ഗ്രാന്‍ഡ് കൂളി ഡാം കഴിഞ്ഞാല്‍ ലോകത്തില്‍ രണ്ടാമത്തേതുമാണ് സര്‍ദാര്‍ സരോവര്‍. മധ്യപ്രദേശിലെ അമര്‍കണ്ടക് മലനിരകളില്‍ നിന്നും ഉത്ഭവിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ 1300 കിലോമീറ്റര്‍ സഞ്ചരിച്ച് ഗള്‍ഫ് ഓഫ് കമ്പത്തില്‍ വെച്ച് അറബിക്കടലില്‍ ചേരുന്ന നര്‍മദ നദിക്ക് കുറുകെയാണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയെ തെക്കും വടക്കുമായി വേര്‍തിരിക്കുന്നതും ഈ നദിയാണ്. 1961ല്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് തറക്കല്ലിടുന്നത്. കൊളോണിയല്‍ അധിനിവേശം രാജ്യത്തിന്റെ വിഭവങ്ങളത്രയും കൊള്ള ചെയ്ത സന്ദര്‍ഭത്തില്‍ അത് തിരിച്ചുപിടിക്കാനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും ലക്ഷ്യംവെച്ചുള്ള വികസന നയങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്തരം പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത്.

ആധുനിക ഇന്ത്യയുടെ മഹാ ക്ഷേത്രങ്ങളായാണ് നെഹ്‌റു ഡാമുകളെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ഇടപാടുകള്‍ കൂടുതല്‍ പഠനവിധേയമാക്കുകയും വിശകലനം നത്തുകയും ചെയ്തപ്പോഴാണ് അണക്കെട്ടുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയും അതോടൊപ്പം വന്‍കിട വികസന പദ്ധതികളുടെ പേരില്‍ പതിനായിരങ്ങള്‍ ജനിച്ചുവളര്‍ന്ന മണ്ണില്‍ ആട്ടിയോടിക്കേണ്ടിവരുന്നതിന്റെ ഭീകരതയും ബോധ്യപ്പെട്ടു തുടങ്ങിയത്. വികസനം ആര്‍ക്കുവേണ്ടി എന്ന ചോദ്യം എല്ലാ കാലത്തും ഉയര്‍ന്നുവന്നതാണ്. മനുഷ്യന്‍ മാത്രം ബാക്കിയാകുന്ന വികസനത്തിനാണ് പലപ്പോഴും അധികാരത്തിലെത്തുന്ന ഭരണകൂടം പോലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു പദ്ധതി തന്നെയായിരുന്നു സര്‍ദാര്‍ സരോവര്‍ പദ്ധതി. നിലവില്‍ 1.2 കിലോമീറ്റര്‍ നീളത്തില്‍ സ്ഥിതിചെയ്യുന്ന അണക്കെട്ടിന് 40.73 ലക്ഷം ക്യുബിക് മീറ്റര്‍ സംഭരണശേഷി കണക്കാക്കുന്നു. 450 ടണ്‍ ഭാരമുള്ള 30 ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്. യഥാക്രമം 1200 മെഗാവാട്ട്, 250 മെഗാവാട്ട് വീതം വൈദ്യുതി ഉത്പാദനശേഷിയുള്ള രണ്ടു വൈദ്യുത നിലയങ്ങളാണ് അണക്കെട്ടിന്റെ ഭാഗമായുള്ളത്. ഇവിടെ നിന്നും നിര്‍മാണത്തിനു ചെലവായ പണത്തിന്റെ ഇരട്ടിലാഭമുണ്ടായെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ജനങ്ങള്‍ക്ക് കുടിവെള്ളവും വൈദ്യുതിയുമടങ്ങുന്ന അടിസ്ഥാന ആവശ്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്ന ദൗത്യമാണ് ഭരണകൂടം നിര്‍വഹിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ ആരെയും ധരിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. എങ്കില്‍ ഇതിന് പിന്നിലുള്ള രാഷ്ട്രീയവും താത്പര്യങ്ങളും അങ്ങനെയല്ലെന്ന് വേണം മനസ്സിലാക്കാന്‍. വൈദ്യുതിയും വികസനവും ആവശ്യമാണെന്നിരിക്കെ നര്‍മദാ തീരത്ത് ജീവിക്കാന്‍ പോലും അവസരമില്ലാത്തവരാണ് പതിനായിരങ്ങള്‍ എന്നതാണ് വസ്തുത. 122 മീറ്ററായിരുന്ന അണക്കെട്ടിന്റെ ഉയരം നര്‍മദാ കണ്‍ട്രോള്‍ അതോറിറ്റിയുടെ അനുമതിയോടെ 138.68 മീറ്ററായി ഉയര്‍ത്തിക്കൊണ്ടുള്ള നീക്കം 40,000ത്തോളം ആളുകളുടെ ജീവിതത്തെയാണ് നേരിട്ടു ബാധിച്ചിട്ടുള്ളത്. ഇതില്‍ 60 ശതമാനവും ആദിവാസികളാണ് എന്നതിനാലാകണം വോട്ടു ബേങ്കുരാഷ്ടീയത്തിന്റെ പ്രതിനിധികള്‍ക്കാര്‍ക്കും ഇതൊരു ജീവല്‍ പ്രശ്‌നമാണെന്ന് തോന്നലുണ്ടാകാതിരുന്നത്.

ഏറെ കൊട്ടിഘോഷിച്ച് ഒരു പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ മൂന്ന് പതിറ്റാണ്ടായി പദ്ധതി പ്രദേശത്തെ 192 ഗ്രാമങ്ങളിലെ ജനങ്ങള്‍ അതിനെതിരെ നിരന്തരമായ സമരത്തിലാണെന്നത് ഏറെ ഗൗരവത്തോടെ വേണം നോക്കിക്കാണാന്‍. ജീവിക്കാനുള്ള ഭൂമി നഷ്ടപ്പെടുന്നവര്‍ക്കെന്തിനാണ് വൈദ്യുതി എന്നാണിവര്‍ ഭരണകൂടത്തോട് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തമായി ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് പരിമിതമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കാന്‍ തയ്യാറാണ് എന്ന് പറയുമ്പോഴും ആകാശം മേല്‍കൂരയാക്കി കഴിയുന്ന ബാക്കി 60 ശതമാനം ജനതയുടെ കാര്യം സര്‍ക്കാറിന്റെ ബാധ്യതയല്ലെന്നാണ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ പ്രതികരണം. ജനകീയ സമരങ്ങളോടുള്ള ജനാധിപത്യസര്‍ക്കാറിന്റെ ക്രൂരമായ നിലപാടുകളാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്.

മേധപട്കറുടെ നേതൃത്വത്തിലുള്ള നര്‍മദാ ബച്ചാവോ ആന്ദോളന്‍ (എന്‍ ബി എ) നടത്തിയ സമരങ്ങള്‍ തുടക്കം മുതലെ ദേശീയ ശ്രദ്ധ നേടിയിരുന്നു. പുനരധിവാസ പ്രതിസന്ധിയും പരിസ്ഥിതി പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിനല്‍കിയ ഹരജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ നിന്നു 1996ല്‍ നിര്‍മാണത്തിന് സ്റ്റേ വന്നു. ഒടുവില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ 2000 ഒക്ടോബറില്‍ സുപ്രീം കോടതി അനുവദിച്ചതോടെ നിര്‍മാണം പുനരാരംഭിക്കുകയും 2017 ജൂണ്‍ 16ന് അണക്കെട്ടിന്റെ 30 ഷട്ടറുകളും അടച്ചു ജലനിരപ്പ് ഉയര്‍ത്താന്‍ തുടങ്ങുകയും ചെയ്തു. ജനങ്ങളുടെ ശബ്ദമായി മാറേണ്ട ഭരണകൂടത്തിന്റെ നിലപാടുകളില്‍ ഈ ഗ്രാമീണര്‍ തീര്‍ത്തും നിരാശ്രയരായിരുന്നു. കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ അത്ര തന്നെ പശുക്കളും തെരുവിലേക്കിറങ്ങേണ്ടിവരുന്നുണ്ട്. പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ വരെ നടന്നുകൊണ്ടിരിക്കുന്ന രാജ്യത്താണിതെന്നോര്‍ക്കണം. നര്‍മദയോട് ചേര്‍ന്നുള്ള മധ്യപ്രദേശിലെ ചിക്കല്‍ദായില്‍ ജൂലൈ 27ന് ജല സത്യാഗ്രഹമടക്കമുള്ള സമരത്തിനായെത്തിയവരെ തീര്‍ത്തും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്.

മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി നര്‍മദാ ബചാവോ ആന്ദോളന്‍ സമര രംഗത്ത് നിര്‍ഭയമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. അണക്കെട്ടുകളുയര്‍ത്തുന്ന സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളെ അന്തര്‍ദേശീയ തലംവരെ വ്യാപിപ്പിക്കാന്‍ ഈ സംഘത്തിന് സാധിച്ചു. വികസന പദ്ധതികള്‍ നടപ്പാക്കുന്ന അവസരത്തില്‍ കുടിയിറക്കപ്പെടുന്നവര്‍ക്കു വേണ്ടിയാണ് എന്‍ ബി എ നിരന്തരം സമരരംഗത്തുണ്ടായിരുന്നത്. ഹിരാക്കുഡ്, ദാമോദര്‍വാലി, തവാ, ബര്‍ഗി, ബക്രാനംഗല്‍ തുടങ്ങിയ അണക്കെട്ടുകള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അനവധിയാണ്. ഇത്തരത്തില്‍ വീടുവിട്ടിറങ്ങേണ്ടിവരുന്നവരുടെ കൃത്യമായ കണക്കുകള്‍പോലും സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയില്ല. സര്‍ദാര്‍ സരോവരം പദ്ധതിക്കായി സാമ്പത്തിക സഹായം നല്‍കിയ ലോകബേങ്കിനെ പുനരധിവാസം സംബന്ധിച്ച പ്രതിസന്ധികളെ ധരിപ്പിച്ച് പിന്തിരിപ്പിക്കാന്‍ നര്‍മദാ ബചാവോ ആന്ദോളന് സാധിച്ചിരുന്നു.

1946 മുതല്‍ തന്നെ നര്‍മദാ തടത്തില്‍ അണക്കെട്ടുകള്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകളാരംഭിച്ചിരുന്നു. 1987ലാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ പദ്ധതിക്ക് പൂര്‍ണാനുമതി നല്‍കുന്നത്. 3340 ഓളം അണക്കെട്ടുകളുടെ വലിയൊരു ശൃഖലയാണ് നര്‍മദക്ക് കുറുകെ നിര്‍മിക്കാന്‍ നര്‍മദാവാലി ഡെവലപ്പ്‌മെന്റ് അതോറിറ്റി ലക്ഷ്യമിട്ടിരിക്കുന്നത്. ഇവയില്‍ സര്‍ദാര്‍ സരോവര്‍, നര്‍മദാ സാഗര്‍, ഓം കാരേശ്വര്‍, മഹേശ്വര്‍ തുടങ്ങിയവ നാല് വന്‍കിട അണക്കെട്ടുകളാണ്. 1981ലെ സെന്‍സസ് പ്രകാരം ഏകദേശം 20 ദശലക്ഷം ജനങ്ങള്‍ നര്‍മദാ നദിയെ ആശ്രയിച്ച് കഴിയുന്നുണ്ട്. 3,50,000 ഹെക്ടര്‍ വനഭൂമിയും 2,00,000 ഹെക്ടര്‍ കൃഷി ഭൂമിയും വെള്ളത്തിനടിയിലാകുകയും കൂടാതെ 10 ലക്ഷം വരുന്ന ജനങ്ങള്‍ കുടിയിറക്കപ്പെടുകയും ചെയ്യുമെന്നും പദ്ധതിയുടെ ആരംഭത്തില്‍ തന്നെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ആദിവാസികളും നര്‍മദയിലെ മത്സ്യത്തൊഴിലാളികളുമടക്കമുള്ളവരാണ് ഇതനുഭവിക്കേണ്ടിവരിക എന്നതും തീര്‍ച്ചയായിരുന്നു.

ശബ്ദിക്കുന്നവരെയെല്ലാം കായികമായി നേരിടുക എന്ന ഭരണകൂട തത്വം തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. സമരങ്ങളെ ഭയപ്പെടുകയും സമരം ചെയ്യുന്നവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. ലോക ബേങ്കിന്റെ സഹായമില്ലാതെതന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും സര്‍ക്കാറിന്റെ രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലമായി തെറ്റായ പ്രചാരണം നടത്തിയവരെ പരാജയപ്പെടുത്തിയെന്നും ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞത് ജീവിക്കാന്‍ വേണ്ടി സമരം ചെയ്തവരെകുറിച്ചാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
വിദേശ രാജ്യങ്ങളില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് രാജ്യത്ത് കൊണ്ടുവരുന്ന പല വികസന പദ്ധതികളുടെയു അവസ്ഥ ഇതുതന്നെയാണ്. 98,000 കോടി ചെലവില്‍ ജപ്പാനുമായി സഹകരിച്ചുകൊണ്ട് വരാനിരിക്കുന്ന മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും രാജ്യത്തിന് അതികപ്പറ്റായി മാറും എന്നത് തന്നെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത വിലകൂടിയ കളിപ്പാട്ടമാണ് ബുള്ളറ്റ്‌ട്രെയിനെന്നാണ് ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറിയായിരുന്ന ജാവേദ് ഉസ്മാനി പറയുന്നത്. ജപ്പാനും ഇന്ത്യയും തമ്മിലുള്ള പ്രാരംഭ ചര്‍ച്ചകളില്‍ ഭാഗമായിരുന്ന ഒരാള്‍ കൂടിയാണ് ജാവേദ് ഉസ്മാനി. 36 വര്‍ഷമായി ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരനും പദ്ധതിക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
മറ്റു രാജ്യങ്ങള്‍ അവരുടെ ചെലവേറിയ സാങ്കേതിക വിദ്യകള്‍ക്ക് വിപണിപിടിക്കാന്‍ നടക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും പദ്ധതികൊണ്ടുള്ള പ്രയോജനങ്ങളും വകവെക്കാതെ വികസനത്തിന്റെ മേനിനടിക്കുകയാണ് പ്രധാനമന്ത്രിയും പരിവാരങ്ങളും. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ തൊഴിലെടുക്കുന്ന റെയില്‍വേ മേഖല ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യങ്ങളില്‍ ഏറെ പിന്നിലാണ്. മാത്രവുമല്ല, അടുത്തകാലത്തായി രാജ്യത്ത് സംഭവിച്ച തുടര്‍ച്ചയായ ട്രെയിന്‍ ദുരന്തങ്ങള്‍ നിലവിലുള്ള റെയില്‍വേയുടെ സുരക്ഷയെ പോലും ചോദ്യം ചെയ്യുന്നുണ്ട്. ഇതൊന്നും പരിഹരിക്കാനാകാതെയാണ് ആര്‍ക്കും പ്രയോജനപ്പെടാത്തരൂപത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പോലുള്ള പദ്ധതികള്‍ കോടികള്‍ മുടക്കി നടപ്പാക്കികൊണ്ടിരിക്കുന്നത്.

രണ്ട് നഗരങ്ങളിലെ യാത്രക്കാര്‍ക്ക് 500 കിലോമീറ്റര്‍ ദൂരം മാത്രം ലഭിക്കുന്ന സേവനത്തിനായി 63,000 കിലോ മീറ്ററിലേറെ ദൂരം വരുന്ന രാജ്യത്തെ മുഴുവന്‍ റെയില്‍വേ ശൃംഖലയെയും അവഗണിക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നത്. ഇന്ത്യന്‍ റെയില്‍വേക്ക് ഇപ്പോഴും മുന്‍ഗണന ആവശ്യമുള്ള നിരവധി അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ബാക്കിയായിരിക്കെ മുംബൈഅഹമ്മദാബാദ് വിമാനത്തിലെ ചില യാത്രക്കാരെ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിലേക്ക് ആകര്‍ഷിക്കുന്നു എന്നതില്‍ കവിഞ്ഞ് മറ്റൊന്നും 98,000 കോടി രൂപ ചെലവഴിക്കുന്നതില്‍ നിന്ന് ലഭിക്കുന്നില്ല എന്ന് ആര്‍ക്കും മനസ്സിലാകും.

അനിയന്ത്രിതമായ രൂപത്തില്‍ കുതിച്ചുയരുന്ന പെട്രോള്‍ വില രാജ്യത്തെ ജനങ്ങളെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലും കോര്‍പറേറ്റുകള്‍ക്ക് വേണ്ടി രാജ്യം തീറെഴുതിക്കൊടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
ജനകീയ സമരങ്ങളോടുള്ള സര്‍ക്കാറുകളുടെ നിലപാട് പോലെത്തന്നെയാണ് മാധ്യമങ്ങളും ഇതിനെ നോക്കിക്കാണുന്നത്. ഭരണത്തിന്റെ പദ്ധതികളെ വാഴ്ത്തിപാടുകയും സാധാരണക്കാരുടെ ശബ്ദങ്ങള്‍ മറച്ചുവെക്കുകയുമാണ് അവര്‍ചെയ്തുകൊണ്ടിരിക്കുന്നത്. ഗുജറാത്ത് മോഡല്‍ വികസനമെന്ന പേരില്‍ മാധ്യമങ്ങള്‍ നിര്‍മ്മിച്ചെടുത്ത അജന്‍ഡ അതേ ഗുജറാത്തിന്റെ തെരുവില്‍ പതിനായിരങ്ങള്‍ നടത്തുന്ന സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. വികസന പദ്ധതികളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ജനാധിപത്യത്തിന്റെ നാലാം തൂണായി അറിയപ്പെടുന്ന മാധ്യമങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.