അബുദാബി പോലീസ് പട്രോള്‍ വാഹനങ്ങള്‍ പുതിയ നിറത്തില്‍

Posted on: September 18, 2017 6:02 pm | Last updated: September 18, 2017 at 6:02 pm

അബുദാബി: അബുദാബി പോലീസ് പട്രോള്‍ വാഹനങ്ങള്‍ പുതിയ നിറത്തില്‍ നിരത്തിലിറങ്ങി. പോലീസ് ലോഗോ കഴിഞ്ഞമാസം പരിഷ്‌കരിച്ചതിനു പിന്നാലെയാണ് പട്രോള്‍ വാഹനങ്ങളുടെ ചായത്തിലും ട്രാഫിക് പോലീസ് പരിഷ്‌കാരം വരുത്തിയത്. നിലവിലെ ചുവപ്പ്, വെള്ള നിറങ്ങള്‍ക്ക് പകരം കടും നീലയും വെള്ളയും ചേര്‍ന്നതാണ് പട്രോള്‍വാഹനങ്ങളുടെ പുതിയ നിറം. പരിഷ്‌കരിച്ച ഒരു ഡസനോളം വാഹനങ്ങളാണ് ഇന്നലെ അബുദാബി ആംഡ് ഫോഴ്സ് ഓഫീസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത.് ഇതോടൊപ്പം പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമും അടുത്ത മാസം മുതല്‍ പുതിയ നിറത്തിലായിരിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. അമേരിക്കയിലെ പോലീസ് ഉപയോഗിക്കുന്ന ഫോര്‍ഡ് ടെറസ് പട്രോള്‍ വാഹനങ്ങളാണ് അബുദാബി പോലീസും പുറത്തിറക്കിയിട്ടുള്ളത്. അബുദാബി പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി പുതിയ നിറത്തിലുള്ള വാഹനങ്ങള്‍ പുറത്തിറക്കി.

പുതിയ ബ്രാന്‍ഡിംഗ്, കോര്‍പറേറ്റ് ഡിസൈനിംഗിനൊപ്പം അബുദാബി എമിറേറ്റിലെ നിയമവാഴ്ചയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ലക്ഷ്യംവെക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും സുരക്ഷിതനഗരമായി അബുദാബിയെ മാറ്റുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും മേജര്‍ ജനറല്‍ അല്‍ റൂമൈതി വ്യക്തമാക്കി.

നവംബറില്‍ ഉദ്യോഗസ്ഥരുടെ പുതിയ യൂണിഫോം പുറത്തിറക്കും. കൂടാതെ മറ്റുചില മാറ്റങ്ങളുമുണ്ടാകും, അദ്ദേഹം വിശദീകരിച്ചു. സുരക്ഷിതസമൂഹ സൃഷ്ടിക്ക് സേവനങ്ങള്‍ ആധുനികവത്കരിക്കണമെന്ന് അബുദാബി പോലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മക്തൂം അലി അല്‍ ശരീഫി പറഞ്ഞു.

ട്രാഫിക് പട്രോള്‍, റെസ്‌ക്യൂ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ പുതിയ നിറമായിരിക്കും. അബുദാബി പോലീസിന്റെ കീഴിലെ വിവിധ ബ്രാന്‍ഡിലുള്ള വാഹനങ്ങളാണ് പുതിയ രൂപത്തില്‍ നഗരത്തിലെ പട്രോളിങ്ങിന്റെ ഭാഗമാകുന്നത്.
അബുദാബി ആംഡ് ഫോഴ്സ് ഓഫീസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍, 1957 ല്‍ അബുദാബി പോലീസ് രൂപീകരിച്ചത് മുതലുള്ള പോലീസ് വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 1979ല്‍ അബുദാബി പോലീസ് പട്രോളിംഗിനായി ഉപയോഗിച്ച പോര്‍ഷെ കാറും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

ഓരോ കാലഘട്ടത്തില്‍ പട്രോള്‍ വാഹനങ്ങളിലുണ്ടായ മാറ്റങ്ങള്‍ പോലീസ് വിശദീകരിച്ചു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് അബുദാബി പോലീസ് പുതിയ ലോഗോ പുറത്തിറക്കിയത്.
ചുവന്ന വൃത്തത്തിനകത്ത് കത്തി, ഫാല്‍കണ്‍, ഈത്തപ്പനമരം എന്നിവ ചേര്‍ന്നതാണ് പുതിയ ലോഗോ. ചടങ്ങില്‍ അബുദാബി പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.