Connect with us

Articles

ഉയരുന്ന കമ്മി, ഇടിയുന്ന ബ്രാന്‍ഡ്

Published

|

Last Updated

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ, 1998 മുതല്‍ അധികാരത്തിലിരുന്ന, ബി ജെ പി നയിച്ച ദേശീയ ജനാധിപത്യ സഖ്യം (നാഷനല്‍ ഡെമോക്രാറ്റിക് അലയന്‍സ് – എന്‍ ഡി എ) നേരിട്ടത് “ഇന്ത്യ തിളങ്ങുന്നു”വെന്ന മുദ്രാവാക്യമുയര്‍ത്തിയാണ്. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട തിരഞ്ഞെടുപ്പുകളിലൊക്കെ ഉയര്‍ന്ന മുദ്രാവാക്യങ്ങളില്‍ നിന്ന് ഭിന്നമായൊരു മുദ്രാവാക്യം അവതരിപ്പിക്കാന്‍ ബി ജെ പി ശ്രമിച്ചത്, യുവാക്കളെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ടായിരുന്നു. സാമ്പത്തിക വളര്‍ച്ചയുടെ തോത് ഉയര്‍ത്തുകയും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യാന്‍ എ ബി വാജ്പയിയുടെ നേതൃത്വത്തിലിരുന്ന സര്‍ക്കാറിന് സാധിച്ചുവെന്നും അതിലൂടെയുണ്ടായ “തിളക്കം” വോട്ടിംഗിനെ സ്വാധീനിക്കുമെന്നുമായിരുന്നു കണക്ക് കൂട്ടല്‍. വ്യക്തികളില്‍ കൂടുതല്‍ കേന്ദ്രീകരിക്കാതെ, രാജ്യത്തെ മുന്നില്‍ വെച്ച് നടത്തിയ പ്രചാരണത്തെ വിശ്വാസത്തിലെടുക്കാന്‍ രാജ്യത്തെ വോട്ടര്‍മാര്‍ തയ്യാറായില്ല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപമെടുത്ത യൂനൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യു പി എ) ഇടത് പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്തു.

പത്ത് വര്‍ഷത്തിന് ശേഷം രാജ്യം, പാര്‍ട്ടി, പാര്‍ട്ടിയുടെ നയങ്ങള്‍ എന്നിവയെയൊക്കെ അപ്രസക്തമാക്കിക്കൊണ്ട്, നരേന്ദ്ര മോദിയെന്ന ബ്രാന്‍ഡ് തിരഞ്ഞെടുപ്പു വിപണിയില്‍ അവതരിപ്പിച്ച് വിജയം വരിക്കാന്‍ ബി ജെ പിക്കായി. പാര്‍ട്ടി മുന്‍കൈ എടുത്ത് രൂപവത്കരിച്ചതായിരുന്നില്ല ആ ബ്രാന്‍ഡ്. മറിച്ച് മോദി തന്നെ മുന്‍കൈ എടുത്ത് ആരംഭിച്ച ബ്രാന്‍ഡ് ബില്‍ഡിംഗ് പിന്നീട് ബി ജെ പിക്കും സംഘ്പരിവാരത്തിലെ ഇതര ഘടകങ്ങള്‍ക്കും ഏറ്റെടുക്കേണ്ടി വരികയായിരുന്നു. ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണത്തിലൂടെ ലക്ഷ്യമിട്ട യുവാക്കളെയും ഇടത്തരക്കാരെയും നഗരവാസികളെയുമാണ് മോദി എന്ന ബ്രാന്‍ഡും ലക്ഷ്യമിട്ടത്. വ്യാഴവട്ടത്തിലേറെ നീണ്ട ഭരണത്തിലൂടെ, ഗുജറാത്തില്‍ വലിയ വികസനമുണ്ടാക്കിയെന്ന, ഏറെക്കുറെ പൊള്ളയായ, അവകാശവാദത്തെ സ്ഥാപിച്ചെടുക്കുകയായിരുന്നു ആദ്യത്തെ പടി. ജനങ്ങളുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നിന്ന് കുടിയൊഴിയേണ്ടിവന്ന ടാറ്റയെ ഗുജറാത്തിലേക്ക് ക്ഷണിച്ച്, നാനോ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ അവസരമൊരുക്കിയത് “വികസന നായകന്‍” എന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. ഗുജറാത്തിലെ നേതാവ് എന്നതില്‍ നിന്ന് ദേശീയ നേതാവ് എന്നതിലേക്ക് വളരുന്നതിലും ഇത് നല്‍കിയ സഹായം ചെറുതായിരുന്നില്ല. ഗുജറാത്ത് വംശഹത്യാ ശ്രമവും വ്യാജ ഏറ്റുമുട്ടലുകളും നല്‍കിയ പ്രതികൂല പ്രതിച്ഛായയെ മറികടക്കുന്നതിന് വേണ്ടി കൂടിയാണ് വികസന മുദ്രാവാക്യം നരേന്ദ്ര മോദിയും അദ്ദേഹം വാടകക്കെടുത്ത പ്രചാരകരും മുന്നോട്ടുവെച്ചത്.

2008ല്‍ ആരംഭിച്ച ആഗോളമാന്ദ്യത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിച്ചത്, 2013 – 14 കാലത്തെ ബ്രാന്‍ഡ് ബില്‍ഡിംഗ് പരിശ്രമത്തില്‍ നരേന്ദ്ര മോദി വലിയ തോതില്‍ ഉപയോഗിച്ചിരുന്നു. 2009ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ യു പി എ സര്‍ക്കാറിന്റെ പരാജയത്തിന് തെളിവായി വളര്‍ച്ചാ മുരടപ്പിനെ ചിത്രീകരിച്ചു. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തതും അന്ന് നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളിലെ മുഖ്യ ഇനങ്ങളായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് വേഗം കൂടിയപ്പോള്‍ “ഞാന്‍” അധികാരത്തിലെത്തിയാല്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കൂട്ടുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമൊക്കെ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

അധികാരത്തിലേറി മൂന്നര വര്‍ഷം പിന്നിടുമ്പോള്‍, യുവാക്കളെയും ഇടത്തരക്കാരെയും ആകര്‍ഷിക്കാന്‍ പാകത്തില്‍ നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങളൊക്കെ വെള്ളത്തില്‍ വരച്ചവര പോലെയായിരിക്കുന്നു. സമ്പദ് ഘടനയുടെ വിവിധ സൂചികകള്‍ സംസാരിക്കുന്ന തെളിവായി നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ്. അതിലേറ്റവും പുതിയയാണ് കറന്റ് അക്കൗണ്ട് കമ്മിയുടെ ക്രമാതീതമായ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ (2016-17) ആദ്യത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ദശാംശം ഒരു ശതമാനമായിരുന്ന കമ്മി, 2017 – 18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2.4 ശതമാനമായി ഉയര്‍ന്നു. രാജ്യത്തിന് കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തെ ഇറക്കുമതിക്കു വേണ്ടിവരുന്ന ചെലവുമായി താരതമ്യം ചെയ്താണ് കറന്റ് അക്കൗണ്ട് കമ്മി കണക്കാക്കുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.4 ശതമാനം കമ്മിയെന്ന് പറഞ്ഞാല്‍ കയറ്റുമതിയിലൂടെ ലഭിച്ച വരുമാനത്തേക്കാള്‍ 1430 കോടി ഡോളര്‍ (ഏകദേശം 91,500 കോടി രൂപ) അധികമായി ഇറക്കുമതിക്ക് ചെലവിട്ടു എന്നാണ് അര്‍ഥം. അതായത് രാജ്യത്തു നിന്നുള്ള കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായിരിക്കുന്നുവെന്ന് ചുരുക്കം. സ്വര്‍ണത്തിന്റെ ഇറക്കുമതി കൂടിയതും ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ദുര്‍ബലമായി തുടരുന്നതും കമ്മി കൂടാന്‍ കാരണമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നുണ്ട്. സാങ്കേതികമായി ഇത് ശരിയായിരിക്കാമെങ്കിലും ഉത്പാദനം വര്‍ധിപ്പിക്കാനും ആഗോള വിപണിയില്‍ മത്സരിക്കാനും പാകത്തില്‍ ആഭ്യന്തര നിര്‍മാണ മേഖല കരുത്താര്‍ജിച്ചില്ലെന്നതാണ് വസ്തുത. കരുത്താര്‍ജിച്ചില്ലെന്ന് മാത്രമല്ല, ദുര്‍ബലമാകുകയും ചെയ്തു. അതിന് തെളിവാണ് ആഭ്യന്തര വളര്‍ച്ചാ നിരക്ക് കഴിഞ്ഞ പാദത്തില്‍ 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ വളര്‍ച്ചാ നിരക്ക് കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയിരുന്നു. (നിരക്ക് ഉയരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള നടപടിയായിരുന്നു ഇതെന്ന വിമര്‍ശം അന്ന് തന്നെ ഉയര്‍ന്നിരുന്നു) ഇതേത്തുടര്‍ന്ന് അധികാരമേറ്റതിന് ശേഷമുള്ള ഏതാനും പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നുനിന്നു. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 9.2 ശതമാനമായിരുന്നു നിരക്ക്. അതിന് ശേഷം തുടര്‍ച്ചയായി നിരക്ക് താഴ്ന്നു. 2016 നവംബര്‍ എട്ടിനാണ് (കു)പ്രസിദ്ധമായ നോട്ട് പിന്‍വലിക്കല്‍ നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. ചരക്ക് സേവന നികുതി പ്രാബല്യത്തിലാകുന്നത് ജൂലൈ ഒന്നിനും. ഇത് രണ്ടും വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പക്ഷേ, ഇതിനൊക്കെ മുമ്പേ തന്നെ വളര്‍ച്ചാ നിരക്ക് ഇടിഞ്ഞുതുടങ്ങിയിരുന്നു. സാമ്പത്തിക വളര്‍ച്ചക്ക് ഉതകും വിധത്തില്‍ നിക്ഷേപം ആകര്‍ഷിക്കാനോ ഉത്പാദന വര്‍ധനക്ക് സഹായകമാകും വിധത്തില്‍ നയങ്ങള്‍ ആവിഷ്‌കരിക്കാനോ മോദി സര്‍ക്കാറിന് സാധിച്ചില്ലെന്ന് ചുരുക്കം. അതിന്റെ കൂടെയാണ് നോട്ട് പിന്‍വലിച്ചതോടെ സൃഷ്ടിക്കപ്പെട്ട സ്തംഭനാവസ്ഥ. സാമ്പത്തിക വളര്‍ച്ചയിലേക്ക് നിര്‍ണായക സംഭാവനകള്‍ ചെയ്യുന്ന കൃഷി, ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയെയൊക്കെ നോട്ട് പിന്‍വലിക്കല്‍ ബാധിച്ചു. ഇതില്‍ കൃഷി, ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ എന്നിവയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇനിയും കാലമെടുക്കും. അതായത് ഈ മേഖലയില്‍ നിന്ന് വളര്‍ച്ചാ നിരക്കിലേക്കുള്ള സംഭാവന കുറഞ്ഞുതന്നെ നില്‍ക്കും. ഇവിടങ്ങളില്‍ പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയുമില്ല.

ഉത്പാദനത്തിലുണ്ടാകുന്ന ഈ ഇടിവാണ് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നത്. അതുകൊണ്ടാണ് കറന്റ് അക്കൗണ്ട് കമ്മി, സമീപകാലത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതും. ഈ അവസ്ഥ തത്കാലത്തേക്കൊന്നും പരിഹരിക്കപ്പെടില്ലെന്നാണ് വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവ് കാണിക്കുന്നത്. ചെറുതല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത് എന്ന് ചുരുക്കം. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വലിയ പദ്ധതികളെ പ്രയോജനപ്പെടുത്തി വളര്‍ച്ചാ വേഗം കൂട്ടുക എന്നത് മാത്രമാണ് തത്കാലം സര്‍ക്കാറിന് മുന്നിലുള്ള മാര്‍ഗം. എന്നാല്‍ അതിലും കാര്യമായൊന്നും മുന്നേറാനായിട്ടില്ലെന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം പ്രഖ്യാപിച്ച പല പദ്ധതികളും പ്രയോഗത്തിലേക്ക് എത്തിയിട്ടില്ല. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് ആരംഭിക്കുകയും തുടരുകയും ചെയ്യുന്ന പദ്ധതികളുടെ വേഗം കൂട്ടാനും സാധിച്ചിട്ടില്ല. 16.9 ലക്ഷം കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന 1201 പദ്ധതികളില്‍ 25 ശതമാനവും ലക്ഷ്യമിട്ട വേഗത്തില്‍ മുന്നോട്ടുപോകുന്നില്ല. ഇതില്‍ പലതിന്റെയും ചെലവ് ആദ്യം കണക്കാക്കിയതിലും വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് ഏത് വിധത്തിലാണോ പദ്ധതികള്‍ നടന്നിരുന്നത്, ആ പാതയില്‍ നിന്ന് വലിയ മാറ്റമുണ്ടായിട്ടില്ല. കല്‍ക്കരി, ഊര്‍ജം, റെയില്‍വേ, പെട്രോളിയം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് ഇവ്വിധം ഇഴയുന്നത്. പദ്ധതി നടത്തിപ്പിന് പണം കണ്ടെത്താനാകാത്തതും ഭൂമി യഥാസമയം ഏറ്റെടുക്കാനാകാത്തതും പരിസ്ഥിതി അനുമതി ലഭിക്കാത്തതുമൊക്കെയാണ് പ്രധാന തടസ്സങ്ങള്‍. ഈ മേഖലകളില്‍ തന്നെയാണ് പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതും. കൊട്ടിഘോഷിക്കപ്പെട്ട സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയവയും വലിയതോതില്‍ മുന്നേറിയിട്ടില്ല.
പെട്രാളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി ഏതാണ്ട് ഇല്ലാതാക്കുകയും കസ്റ്റംസ് നികുതി പലകുറി ഉയര്‍ത്തുകയും ചെയ്യുക വഴി പ്രതിവര്‍ഷം സര്‍ക്കാറിനുള്ള അധിക വരുമാനം രണ്ടര ലക്ഷം കോടിയാണ്. മറ്റു സബ്‌സിഡികള്‍ പരിമിതപ്പെടുത്തിയതിലൂടെ കേന്ദ്ര ഖജനാവിലേക്ക് മുതല്‍ക്കൂട്ടിയ കോടികള്‍ വേറെ. ഇതൊക്കെയായിട്ടും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തായാക്കാന്‍ പാകത്തിലുള്ള പണം കണ്ടെത്താന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. നോട്ട് പിന്‍വലിച്ചതോടെ, കള്ളപ്പണത്തിന്റെ സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്നും ബേങ്കുകളുടെ സാമ്പത്തിക നില മെച്ചപ്പെട്ടുവെന്നുമാണ് അവകാശവാദം. വന്‍കിട പദ്ധതികള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള ശേഷി ബേങ്കുകള്‍ക്ക് ഉണ്ടായെന്നും. എന്നാല്‍ ഇതും പണമൊഴുകാന്‍ സഹായിക്കുന്നില്ലെന്നാണ്, കേന്ദ്ര സര്‍ക്കാറിന്റെ തന്നെ അവലോകന റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നത്.

“ഇന്ത്യ തിളങ്ങുന്നു” എന്ന മുദ്രാവാക്യം പരാജയപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുകയാണ് നരേന്ദ്ര മോദി ബ്രാന്‍ഡും. അത് കൂടുതല്‍ വ്യക്തമാകും വരും നാളുകളില്‍. ഈ സാമ്പത്തിക പ്രതിസന്ധിയുടെ മറുപുറം, തീവ്ര അജന്‍ഡകള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുവെക്കപ്പെടുമെന്നതാണ്. വികസനനായകന്‍ എന്ന നിലക്കല്ല, വംശഹത്യാ ശ്രമത്തിലൂടെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷം മുതലെടുത്താണ് നരേന്ദ്ര മോദി വ്യാഴവട്ടത്തിലേറെക്കാലം ഗുജറാത്ത് ഭരിച്ചത്. അതേ മാതൃക രാജ്യത്തേക്ക് വ്യാപിപ്പിക്കാന്‍, ഇതിനകം ആരംഭിച്ച നീക്കങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാകാനാണ് ഇട. ജനങ്ങളെ കൂടുതല്‍ ഭിന്നിപ്പിച്ച്, സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനൊപ്പം സാമൂഹിക സംഘര്‍ഷങ്ങളുടെ ആധിക്യത്തിന് കൂടി രാജ്യം വേദിയായേക്കും. കറന്റ് അക്കൗണ്ടിലെ കമ്മി നികത്താന്‍ സംഘ്പരിവാരം എക്കാലവും ഉപയോഗപ്പെടുത്തുന്നത്, വര്‍ഗീയവിഷത്തെയാണ്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest