പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് കെ.ജെ യേശുദാസ്

Posted on: September 17, 2017 11:15 am | Last updated: September 17, 2017 at 11:15 am

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത ഗായകന്‍ .കെ.ജെ.യേശുദാസ് ക്ഷേത്രം അധികൃതര്‍ക്ക് അപേക്ഷ നല്‍കി. വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് ദര്‍ശനം നടത്താന്‍അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക ദൂതന്‍ വഴി യേശുദാസ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന് കത്തു നല്‍കിയത്. നാളെ ചേരുന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് രതീശന്‍ പറഞ്ഞു. ദര്‍ശനം അനുവദിക്കുന്ന കാര്യത്തില്‍ ക്ഷേത്രം തന്ത്രിയുടെ അഭിപ്രായവും യോഗം തേടും.

സാധാരണഗതിയില്‍ ഹിന്ദുമത വിശ്വാസികളെയാണ് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറുള്ളത്. എന്നാല്‍ വിദേശികളും മറ്റും ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ പ്രവേശിച്ചു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ യേശുദാസിനും പ്രവേശനം അനുവദിക്കാനാണ് സാദ്ധ്യത. ഹൈന്ദവധര്‍മ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണമിഷന്‍,ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിക്കുന്നവര്‍ക്കും ദര്‍ശനം അനുവദിക്കുന്ന രീതിയുണ്ട്. മൂകാംബികയിലും ശബരിമലയിലുമൊക്കെ യേശുദാസ് ദര്‍ശനം നടത്തിയിട്ടുണ്ട്.