Connect with us

Articles

ഫാസിസം: നുണ, വിദ്വേഷപ്രചാരണം

Published

|

Last Updated

നുണയും വിദേ്വഷപ്രചാരണവുമാണ് ചരിത്രത്തിലുടനീളം ഫാസിസ്റ്റുകള്‍ പ്രത്യയശാസ്ത്രവത്കരണത്തിന്റെ വഴിയായി തിരഞ്ഞെടുത്തത്. മഹാപാതകങ്ങള്‍ ചെയ്യുകയും അത് മറ്റുള്ളവരുടെ പേരില്‍ ആരോപിച്ച് വിദേ്വഷരാഷ്ട്രീയം കളിക്കുകയുമാണ് മുസോളിനിയും ഹിറ്റ്‌ലറും ചെയ്തത്. ഇന്ത്യന്‍ ഫാസിസത്തിന്റെ കാലാള്‍പ്പടയായ ആര്‍ എസ് എസ് ഇതേ മാര്‍ഗമാണ് പിന്തുടരുന്നത്. ഗാന്ധി മുതല്‍ ഗൗരിലങ്കേഷ് വരെയുള്ളവരുടെ വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വാദിക്കുകയാണല്ലോ ആര്‍ എസ് എസുകാര്‍. ഗൗരിലങ്കേഷിനെ വധിച്ചത് മാവോയിസ്റ്റുകളാവാമെന്ന പ്രചാരണവും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഫാസിസത്തിന്റെയും നാസിസത്തിന്റെയും അടിസ്ഥാനപ്രമാണം അപരമതവംശവിരോധത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ്. സങ്കുചിത ദേശീയ വികാരങ്ങളെ ആളിക്കത്തിക്കുക, മതാധിഷ്ഠിതമോ വംശാധിഷ്ഠിതമോ ആയ ചില ന്യൂനപക്ഷവിഭാഗങ്ങളെ അപകടകാരികളായി മുദ്രകുത്തുക, അവരെ അന്യരായി മുദ്രകുത്തി വേട്ടയാടുക, സാമൂഹിക നീതിയോടും സോഷ്യലിസം പോലുള്ള പുരോഗമനാശയങ്ങളോടും ശത്രുതവളര്‍ത്തുക, പുരോഗമനപ്രസ്ഥാനങ്ങളെ വിദേശചരക്കുകളായി അധിക്ഷേപിച്ച് അവജ്ഞ വളര്‍ത്തുക, ജനങ്ങളുടെ സമത്വാഭിലാഷങ്ങളെയും സ്വാതന്ത്ര്യവാഞ്ഛയെയും പരിഹസിക്കുക, പറ്റുമെങ്കില്‍ അവയെ നിര്‍മ്മാര്‍ജനം ചെയ്യുക- ഇതെല്ലാമാണ് ഫാസിസത്തിന്റെ സ്വഭാവവിശേഷങ്ങളും പ്രചാരണരീതിയും. ന്യൂനപക്ഷങ്ങള്‍ക്കും പുരോഗമനശക്തികള്‍ക്കുമെതിരെ നുണപ്രചാരണങ്ങളിലൂടെ വിദേ്വഷത്തിന്റെ ഉന്മാദം വളര്‍ത്തുകയാണ് ഫാസിസത്തിന്റെ പ്രചാരകന്മാര്‍ ചെയ്തിട്ടുള്ളത്. ഇത് മനോരോഗ സമാനമായ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രവത്കരണമാണ്. തങ്ങളുടെ മതവും വംശവുമെല്ലാം അപകടത്തിലാണെന്നും അവഗണനയിലാണെന്നും പ്രചരിപ്പിച്ച് മനുഷ്യമനസ്സില്‍ വിദേ്വഷത്തിന്റെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് ലോകത്തെല്ലായിടത്തും മതവംശീയവാദികളായ ഫാസിസ്റ്റ് സംഘടനകള്‍ ചെയ്തത്. തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങള്‍ക്കെതിരെ ആള്‍ക്കൂട്ടങ്ങളെ ഇളക്കിവിടുകയാണ് ഇക്കൂട്ടരുടെ പ്രചാരണതന്ത്രം. ഇറ്റലിയില്‍ മുസോളിനിയും ജര്‍മനിയില്‍ ഹിറ്റ്‌ലറും സ്‌പെയിനില്‍ ഫ്രാങ്കോവും വംശവിദേ്വഷത്തിന്റെ ഉന്മത്തത സൃഷ്ടിച്ച് സെമിറ്റിക് വിഭാഗങ്ങളെയും കമ്യൂണിസ്റ്റുകളെയും വേട്ടയാടുകയായിരുന്നല്ലോ
.
അതുകൊണ്ടാണ് കമ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ ഏഴാം കോണ്‍ഗ്രസില്‍ ദിമിത്രോവ് നടത്തിയ പ്രസംഗത്തില്‍ ഫാസിസത്തിന്റെ സാംസ്‌കാരിക സ്വാധീനത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് പറഞ്ഞത്; ഫാസിസത്തിന്റെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളേക്കാള്‍ കമ്യൂണിസ്റ്റുകാരും ജനാധിപത്യവാദികളും ഭയപ്പെടുന്നത് അതിന്റെ ജനസ്വാധീനത്തെയാണെന്ന്. ഫാസിസത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തെയും മനഃശാസ്ത്രപരമായ തലങ്ങളെയും വിശകലനം ചെയ്തുകൊണ്ട് വില്യംറീഹ് മനുഷ്യമനസ്സുകളില്‍ അപരത്വബോധവും അന്യവംശവിരോധവും അത് വളര്‍ത്തിയെടുക്കുന്നതെങ്ങനെയാണെന്ന് നിരീക്ഷിക്കുന്നുണ്ട്. “ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രം” എന്ന അദ്ദേഹത്തിന്റെ കൃതി മനുഷ്യബന്ധങ്ങളെയും കുടുംബം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെയും ഉപയോഗിച്ച് ഫാസിസ്റ്റുകള്‍ സ്വാധീനം ഉറപ്പിക്കുന്നത് എങ്ങനെയാണെന്നാണ് വിശകലനവിധേയമാക്കുന്നത്. ഫാസിസത്തിന്റെ സംസ്‌കാരത്തിന് ഒരു ജനത വിധേയപ്പെടുന്നത് എങ്ങനെയാണെന്നാണ് റീഹ് മനഃശ്ശാസ്ത്രപരമായി അപഗ്രഥനം ചെയ്യുന്നത്.

ഫാസിസത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തെക്കുറിച്ചുള്ള പഠനങ്ങളെല്ലാം പ്രചാരണത്തെയും പ്രത്യയശാസ്ത്രവത്കരണത്തെയും സംബന്ധിച്ച അപഗ്രഥനങ്ങള്‍ കൂടിയാണ്. ജനാധിപത്യവിരുദ്ധമായി മനുഷ്യമനസ്സുകളെ, പൊതുബോധത്തെ പാട്ടിലാക്കുന്ന പ്രചാരണതന്ത്രമാണ് ഫാസിസ്റ്റുകളുടേത്. ഹിറ്റ്‌ലറുടെ പ്രചാരണമന്ത്രി ഗീബല്‍സ് നുണകള്‍ ആവര്‍ത്തിച്ച് സത്യമാക്കാമെന്ന് പരീക്ഷിച്ച് തെളിയിച്ച ഇരുപതാം നൂറ്റാണ്ടിലെ നുണയന്‍ സമൂഹത്തിന്റെ പിതാവാണ്. നുണകള്‍ പറയുമ്പോള്‍ വലിയ നുണകള്‍ പറയണമെന്നാണ് നാസി പത്രാധിപന്മാരെയും പബ്ലിക് റിലേഷന്‍സ് ഉദേ്യാഗസ്ഥന്മാരെയും ഗീബല്‍സ് എപ്പോഴും ഉപദേശിച്ചിരുന്നത്. കമ്യൂണിസ്റ്റുകാരെയും ജൂതന്മാരെയും കുറിച്ചുള്ള വലിയ നുണകള്‍ ജനങ്ങള്‍ വിശ്വസിക്കുമോ എന്ന് ആശങ്കപ്രകടിപ്പിച്ച പത്രാധിപന്മാരോട് ഗീബല്‍സ് പറഞ്ഞത് നുണകള്‍ ആവര്‍ത്തിച്ച് ജൂതന്മാരെയും കമ്യൂണിസ്റ്റുകാരെയും സംശയത്തിന്റെ നിഴലില്‍ ആക്കാമെന്നാണ്. തീയില്ലാതെ പുകയുണ്ടാവില്ലെന്ന ലളിതയുക്തിയുണര്‍ത്തി ജനങ്ങളെ നുണകള്‍ വിശ്വസിക്കുന്നവരാക്കാം എന്നാണ് ഗീബല്‍സ് തെളിയിച്ചത്. നുണയന്‍ സമൂഹത്തിന്റെ പ്രത്യയശാസ്ത്രമാണ് ഗീബല്‍സിന്റെ പ്രചാരണസിദ്ധാന്തം എന്നുവേണമെങ്കില്‍ പറയാം.

ഭൂരിപക്ഷ മതത്തിന്റെ അടിസ്ഥാനത്തിലുള്ള മതരാഷ്ട്രവാദമാണ് ഫാസിസത്തിന്റെ പ്രത്യയശാസ്ത്രം. ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രനിര്‍മിതിയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. അതുകൊണ്ടാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ കാലാള്‍പ്പടയായി ആര്‍ എസ് എസിനെയും സംഘ്പരിവാറിനെയും നേരത്തെ മുതല്‍ പലരും വിശേഷിപ്പിച്ചത്. കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ സുദീര്‍ഘമായ ചരിത്രം അതിനെ അസ്ഥിരീകരിക്കാനുള്ള മതരാഷ്ട്രവാദത്തിന്റേതുകൂടി ആയിരുന്നല്ലോ. ഹിന്ദു മുസ്‌ലിം രാഷ്ട്രവാദം ഉയര്‍ത്തി ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ശിഥിലീകരിക്കാനാണ് സാമ്രാജ്യത്വവാദികള്‍ ശ്രമിച്ചത്. ഹിന്ദുമഹാസഭയുടെയും ആര്‍ എസ് എസിന്റെയും രൂപവത്കരണത്തില്‍ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഇടപെടലുകള്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ പല ഗവേഷകരും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഹിന്ദുമഹാസഭയും മുസ്‌ലിംലീഗും വര്‍ഗീയസംഘടനകള്‍ മാത്രമല്ല രാജ്യദ്രോഹസംഘടനകള്‍ കൂടിയാണെന്നാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഗോപാലകൃഷ്ണ ഗോഖലെ ഒരിക്കല്‍ പറഞ്ഞത്. കൊളോണിയല്‍ അടിമത്വത്തെ നിലനിര്‍ത്താനും ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനത്തെ ശിഥിലമാക്കാനുമാണ് മതരാഷ്ട്രവാദവും ഹിന്ദു മുസ്‌ലിം വര്‍ഗീയസംഘടനകളും ശ്രമിച്ചിട്ടുള്ളത്.

മുസ്‌ലിം വിരുദ്ധവും ദളിത് വിരുദ്ധവുമായ ബ്രാഹ്മണപ്രത്യയശാസ്ത്രമാണ് ആര്‍ എസ് എസിന്റെ പ്രയോഗശാസ്ത്രം. സര്‍വര്‍ക്കറുടെ “ഹിന്ദുത്വ”മുതല്‍ ഗോള്‍വാള്‍ക്കറുടെ “നമ്മള്‍ അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു”, വിചാരധാര വരെയുള്ള കൃതികളെല്ലാം ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രം ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ധര്‍മശാസ്ത്രങ്ങളാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലെ ആന്തരിക ഭീഷണികള്‍ എന്ന അധ്യായത്തിലെ മൂന്ന് ഉപശീര്‍ഷകങ്ങള്‍ അവരെത്രത്തോളം ന്യൂനപക്ഷങ്ങള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും എതിരാണെന്നതിന്റെ സൂചനയാണ്. കൊളോണിയല്‍ ഭരണത്തിന്റെ പരിലാളനയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച ആര്‍ എസ് എസിന് നിര്‍മാര്‍ജനം ചെയ്യേണ്ട ശത്രുക്കള്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ്! ഇന്ത്യയില്‍ ഓറിയന്റലിസം പടച്ചുവിട്ട ജീര്‍ണചിന്താധാരകളുമായി സന്ധിചെയ്ത ബൂര്‍ഷ്വാവര്‍ഗങ്ങള്‍ ഹിന്ദുത്വവാദത്തിനും മുസ്‌ലിം രാഷ്ട്രവാദത്തിനും ഒരുപോലെ വെള്ളവും വളവും നല്‍കി എന്നതാണ് യാഥാര്‍ഥ്യം. ഹിന്ദുമഹാസഭയും പില്‍ക്കാലത്ത് അതിന്റെ തന്നെ സേനാദളമായി ജന്മമെടുത്ത ആര്‍ എസ് എസും എങ്ങനെയാണോ ഹിന്ദുരാഷ്ട്രവാദമുയര്‍ത്തിയത് അതേപോലെ മുസ്‌ലിം ലീഗും മതരാഷ്ട്രവാദം ഉയര്‍ത്തി ദേശീയപ്രസ്ഥാനത്തെ ശിഥിലീകരിക്കാനാണ് ശ്രമിച്ചത്. എല്ലാവിധ വര്‍ഗീയവാദികളും രാജ്യദ്രോഹപരമായ താത്്പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.
1938-ല്‍ സര്‍വര്‍ക്കര്‍ ഭൂരിപക്ഷമതമാണ് ദേശീയതയെന്നും പ്രഖ്യാപിക്കുകയുണ്ടായല്ലോ. അതിനോടുള്ള ഒരു പ്രതികരണമെന്നനിലയിലാണെങ്കിലും ജിന്ന പറഞ്ഞത്; “മുസ്‌ലിംകളുടെ താത്പര്യത്തിനു വേണ്ടി ഏതുചെകുത്താനുമായി കൂട്ടുചേരാമെന്നതൊഴിച്ച് മുസ്‌ലിം ലീഗ് ആരുടെയും സഖ്യകക്ഷിയാകാന്‍ പോകുന്നില്ലായെന്നാണ്. നമ്മള്‍ സാമ്രാജ്യത്വത്തോട് പ്രേമത്തിലായതുകൊണ്ടല്ലയിത്, രാഷ്ട്രീയത്തില്‍ ഒരാള്‍ക്ക് ചതുരംഗപലകയുടെ മുമ്പിലെന്ന പോലെ കളിക്കേണ്ടതുണ്ട്” (കമ്യൂണലിസം ഇന്‍ മോഡേണ്‍ ഇന്ത്യ, ബിപിന്‍ചന്ദ്ര). ഹിന്ദുവര്‍ഗീയതയും മുസ്‌ലിം വര്‍ഗീയതയും സമ്പന്നവര്‍ഗങ്ങളുടെ വിഭവങ്ങളും സമ്പത്തും കൈയടക്കാനുള്ള മത്സരത്തിന്റെയും രാഷ്ട്രീയതാത്പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വളര്‍ന്നുവന്നത് എന്നകാര്യം മറക്കരുത്.

ഗോള്‍വാള്‍ക്കറുടെ വിചാരധാരയും ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ന്‍കാംഫും വായിക്കുന്ന ഒരാള്‍ക്ക് രണ്ടും ഒരേ രീതിശാസ്ത്രമാണ് പിന്തുടരുന്നതെന്ന് എളുപ്പം മനസ്സിലാകും. ഹിറ്റ്‌ലറുടെ ജൂതമതവിദേ്വഷത്തിന്റേതായ നാസിമാതൃകയില്‍ നിന്നും ഗോള്‍വാള്‍ക്കര്‍ ആവേശം കൊള്ളുന്നത് നോക്കുക: “ഇന്ന് ലോകം ശ്രദ്ധിക്കുന്ന രാഷ്ട്രമാണ് ജര്‍മ്മനി. ഈ രാഷ്ട്രം ലക്ഷണമൊത്ത ദൃഷ്ടാന്തമാണ്…….. വംശത്തിന്റെയും സംസ്‌കാരത്തിന്റെയും വിശുദ്ധി നിലനിര്‍ത്താന്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജര്‍മ്മനി സെമറ്റിക് വിഭാഗക്കാരെ (ജൂതന്മാരെ) പുറത്താക്കി. വംശാഭിമാനം അതിന്റെ ഉച്ചകോടിയില്‍ എത്തുന്ന കാഴ്ചയാണ് അവിടെ ദൃശ്യമാകുന്നത്. അടിസ്ഥാനപരമായി വ്യത്യസ്തമായ വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഒന്നായി വര്‍ത്തിക്കാന്‍ കഴിയില്ലെന്ന വസ്തുതയാണ് ജര്‍മ്മനി കാണിച്ചുതരുന്നത്…… ഹിന്ദുസ്ഥാന് ഇതില്‍നിന്ന് നല്ലൊരു പാഠം പഠിക്കാനുണ്ട്” (വിചാരധാര).

“നമ്മള്‍ അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു” എന്ന പുസ്തകത്തില്‍ ഗോള്‍വാള്‍ക്കര്‍ ആര്‍ എസ് എസ് നിലപാടിന്റെ പരസ്യമായ വിളംബരമാണ് നടത്തുന്നത്. “നാം ഹിന്ദുക്കളും” “മുസ്‌ലികളും” “ബ്രിട്ടീഷുകാരും” എക്കാലത്തും ത്രികോണ യുദ്ധത്തിലായിരുന്നുവെന്ന് പറയുന്ന ഗോള്‍വാള്‍ക്കറുടെ ഉപദേശങ്ങളിലുടനീളം മതവംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷത്തിന്റെ നുരയും പതയുമാണ് തികട്ടുന്നത്. മെയ്ന്‍കാംഫില്‍ ഹിറ്റ്‌ലര്‍ എന്നപോലെ ഗോള്‍വാള്‍ക്കര്‍ ന്യൂനപക്ഷങ്ങളെ ഉപദേശിക്കുന്നത് നോക്കൂ: “വിദേശശക്തികള്‍ക്കു മുമ്പില്‍ രണ്ടു പോംവഴികളെയുള്ളൂ. ഒന്നുകില്‍ അവര്‍ ദേശീയജനതയുടെ സംസ്‌കാരം സ്വീകരിച്ച് പൊതുധാരയില്‍ ലയിച്ചുചേരുക, അല്ലെങ്കില്‍ അവര്‍ ദേശീയജനതയുടെ കാരുണ്യത്തില്‍ കഴിയുക.” (ഇവിടെ വിദേശശക്തികള്‍ മുസ്‌ലിംകളാണ്. ദേശീയജനതയെന്നാല്‍ ഹിന്ദുക്കളും. ഇപ്പോള്‍ ഘര്‍വാപസിയിലൂടെ സംഘ്പരിവാര്‍ ഗോള്‍വാള്‍ക്കറിന്റെ ഹിറ്റ്‌ലേറിയന്‍ തന്ത്രമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്). നുണപ്രചാരണങ്ങളിലൂടെയാണ് ഫാസിസ്റ്റുകള്‍ തങ്ങളുടെ അപരമതവിരോധത്തിന്റേതായ പ്രത്യയശാസ്ത്രം വിപുലമാക്കുന്നത്. ഇന്ത്യയിലും കേരളത്തിലുമിപ്പോള്‍ ജനമനസ്സുകളെ ഹിന്ദുത്വത്തിന്റെ സ്വീകര്‍ത്താക്കളാക്കി മാറ്റുന്നത് ന്യൂനപക്ഷവിരുദ്ധമായ വ്യാജപ്രചാരണങ്ങളിലൂടെയാണ്. എല്ലാ മതവര്‍ഗീയവാദികളും അപരമതവിരോധത്തിന്റേതായ വിദേ്വഷപ്രചാരണങ്ങളിലൂടെയാണ് താന്താങ്ങളുടേതായ സ്വത്വരാഷ്ട്രീയ ഗ്രൂപ്പുകളെയും സംഘടനകളെയും വളര്‍ത്തിയെടുക്കുന്നത്.
ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമെല്ലാം മതവിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല മതേതരമായ കാര്യങ്ങളിലും ഭിന്നതയും വ്യത്യസ്തതയുമുള്ളവരാണെന്ന വാദമാണ് വര്‍ഗീയസാമുദായികവാദികള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ബി ജെ പിയെ പോലെ ലീഗും എസ് ഡി പി ഐയുമെല്ലാം ഇതാണ് ചെയ്യുന്നത്. പലരൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്ന ക്രിസ്ത്യന്‍ വര്‍ഗീയവാദികളും. ആഗോളഫൈനാന്‍സ്മൂലധനത്തിന്റെ വ്യാപനതാത്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് വ്യത്യസ്ത മതരാഷ്ട്രവാദ പ്രസ്ഥാനങ്ങളും വര്‍ഗീയതയും വളര്‍ന്നുവരുന്നത്. ലിബറല്‍ സ്വഭാവമുള്ള മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ വര്‍ഗീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാണ് ബി ജെ പിയെന്ന കാര്യം വര്‍ഗീയതക്കെതിരായ പൊതുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ വിസ്മരിച്ചുകളയരുത്. ലീഗും കേരള കോണ്‍ഗ്രസും വര്‍ഗീയവാദികളായിരിക്കുമ്പോള്‍ തന്നെ അവക്ക് ഒരു മതരാഷ്ട്ര അജന്‍ഡയില്ലെന്ന കാര്യം കാണണം. ആര്‍ എസ് എസിന്റെ ബഹുജനരാഷ്ട്രീയ മുഖമായ ബി ജെ പി ഭൂരിപക്ഷമതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന അജന്‍ഡയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനോന്മുഖമായിരിക്കുന്ന പാര്‍ട്ടിയാണ്.
ഹിന്ദുത്വവാദികള്‍ കടുത്ത ന്യൂനപക്ഷവിരുദ്ധത ഉയര്‍ത്തിയാണ് ഹിന്ദുസ്വത്വത്തെ വളര്‍ത്തിയെടുക്കുന്നത്. എല്ലാ കാര്യത്തിലും ഭൂരിപക്ഷ സമുദായം അവഗണനയും പീഡനങ്ങളും നേരിടുകയാണെന്ന പ്രചാരണമാണ് അവര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരാണെന്നും എല്ലാകാര്യങ്ങളിലും മുസ്‌ലിംകളും ക്രിസ്ത്യാനികളും മേല്‍ക്കൈനേടുകയുമാണെന്ന പ്രചാരണമാണ് കേരളത്തില്‍ പി പരമേശ്വരന്‍ മുതല്‍ കുമ്മനവും ശശികല ടീച്ചറുമെല്ലാം പ്രചരിപ്പിച്ചുപോരുന്നത്. എല്ലായിടത്തും ജൂതര്‍ മേല്‍ക്കൈ നേടുന്നുവെന്ന വ്യാജപ്രചാരണത്തിലൂടെയാണ് ഹിറ്റ്‌ലര്‍ ആര്യവംശാഭിമാനത്തിലധിഷ്ഠിതമായ നാസിസം വളര്‍ത്തിയെടുത്തത്. അത് ദശലക്ഷക്കണക്കിന് ജൂതന്മാരുടെ കൂട്ടക്കൊലയിലാണ് അവസാനിച്ചത്. ബ്രാഹ്മണപാരമ്പര്യത്തെ വിമര്‍ശിക്കുന്നവര്‍ പൗരത്വം ഉപേക്ഷിക്കണം എന്നതുപോലുള്ള പ്രഖ്യാപനങ്ങളും ഹിറ്റ്‌ലേറിയന്‍ ഫാസിസത്തിന്റെ ഇന്ത്യന്‍ പരീക്ഷണങ്ങളാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സങ്കരം അഥവാ രണ്ട് വംശങ്ങളില്‍പെട്ട ആളുകള്‍ തമ്മിലുള്ള സഹവാസവും സഹവര്‍ത്തിത്വവും വരാനിരിക്കുന്ന ഏറ്റവും വലിയ വിപത്ത് എന്നായിരുന്നല്ലോ ഹിറ്റ്‌ലര്‍ തന്റെ ആര്യവംശസിദ്ധാന്തത്തിലൂടെ പ്രചാരണം നടത്തിയത്. ജൂതന്മാരുടെ രക്തം കലര്‍ന്ന് വര്‍ണസങ്കരം സംഭവിച്ചതാണ് ആര്യവംശം അധഃപതിക്കാന്‍ കാരണമെന്നതായിരുന്നല്ലോ നാസിപ്രചാരണം. ഇവിടെ ഹിന്ദുത്വവാദികളും ഗീതയും സ്മൃതിയുമെല്ലാം ഉദ്ധരിച്ച് ഭൂരിപക്ഷസമുദായത്തിന്റെ അധഃപതനത്തിനുകാരണം ന്യൂനപക്ഷങ്ങളാണ് എന്ന് പ്രചരിപ്പിക്കുകയാണ്. ഹിന്ദുക്കളല്ലാത്ത എല്ലാവരും അന്യരും അകലം സൂക്ഷിക്കേണ്ടവരുമാണെന്ന അഥോറിറ്റേറിയന്‍ സിദ്ധാന്തമാണ് സംഘ്പരിവാര്‍ പുറത്തെടുക്കുന്നത്. ഹിറ്റ്‌ലറുടെ വംശവിരോധത്തിന്റെ ഭാഷാന്തരം കടമെടുത്തുകൊണ്ട് ആര്‍ എസ് എസും കേരളത്തില്‍ മുസ്‌ലിം-ക്രിസ്ത്യന്‍ വിരുദ്ധമായ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതുകൊണ്ടുകൂടിയാണ് കമ്യൂണിസ്റ്റുകാര്‍ ഹിന്ദുത്വവാദികളുടെ ശത്രുതയും ആക്രമണവും ഏറ്റുവാങ്ങേണ്ടിവരുന്നത്. കോര്‍പറേറ്റ് മൂലധനത്തിന്റെയും ഹിന്ദുത്വ വര്‍ഗീയതയുടെയും ഹിംസാത്മകമായ അധിനിവേശമാണ് മോദി സര്‍ക്കാറിനുകീഴില്‍ നടക്കുന്നത്. മതനിരപേക്ഷ ജനാധിപത്യപ്രസ്ഥാനങ്ങളും ന്യൂനപക്ഷ ജനസമൂഹങ്ങളും പിന്നാക്കദളിത് വിഭാഗങ്ങളും സ്ത്രീജനങ്ങളും സംഘ്പരിവാര്‍ ഫാസിസത്തിന്റെ ഇരകളായി വേട്ടയാടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഹിന്ദുരാഷ്ട്രാഭിമാനത്തെയും ബ്രാഹ്മണവൈദിക അധീശത്വത്തെയും ചോദ്യംചെയ്യുന്നവരെ രാജ്യദ്രോഹികളും ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരുമായി മുദ്രകുത്തി വെടിവെച്ച് കൊല്ലുന്ന രാഷ്ട്രീയമാണ് സംഘ്പരിവാറിന്റേത്.