പച്ചതേയിലയുടെ വില തകര്‍ച്ച നീലഗിരിയില്‍ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

Posted on: September 16, 2017 6:14 am | Last updated: September 15, 2017 at 11:22 pm

ഗൂഡല്ലൂര്‍: പച്ചതേയിലയുടെ വില തകര്‍ച്ച കാരണം നീലഗിരി ജില്ലയില്‍ കാര്‍ഷിക മേഖല പ്രതിസന്ധിയിലായി. നീലഗിരി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. നാള്‍ക്കുനാള്‍ തേയിലയുടെ വില കുറയുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. കുന്നൂര്‍ ലേല കേന്ദ്രത്തില്‍ നിന്ന് ആഴ്ചയില്‍ 15 ലക്ഷം കിലോ ചായപൊടിയാണ് കയറ്റി അയക്കുന്നത്. നീലഗിരിയിലെ പ്രധാന കാര്‍ഷിക വിളയാണ് തേയില. ജില്ലയില്‍ 60 ശതമാനം ആളുകളും തേയിലയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്. 15 സഹകരണ ഫാക്ടറികളും 100ല്‍പ്പരം സ്വകാര്യ ഫാക്ടറികളും നീലഗിരിയിലുണ്ട്. 25,000 കര്‍ഷകര്‍ സഹകരണ ഫാക്ടറികളില്‍ അംഗങ്ങളാണ്.

തേയിലയുടെ വിലയിടിവ് ചെറുകിട കര്‍ഷകരെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. ഇപ്പോള്‍ പച്ചതേയിലക്ക് കിലോയ്ക്ക് അഞ്ച് രൂപ മുതല്‍ 9 രൂപ വരെയാണ് വില ലഭിക്കുന്നത്. ഇത് തേയിലയുടെ ഉത്പാദന ചിലവിന് പോലും തികയുന്നില്ല. പല കര്‍ഷകരും കൂലി നല്‍കാന്‍ സാധിക്കാത്തതിനാല്‍ തേയില എടുക്കാതെ തോട്ടങ്ങള്‍ വെറുതെ ഇട്ടിരിക്കുകയാണ്. തേയില തോട്ടങ്ങള്‍ കാടുമൂടി കിടക്കുകയാണ്. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ജോലിയും ലഭിക്കാതെയായി. ഇത് തൊഴിലാളികളെയും സാരമായി ബാധിച്ചിരിക്കുകയാണ്. വീട് പുലര്‍ത്താനോ, മക്കളെ പഠിപ്പിക്കാനോ സാധിക്കാതെ പ്രയാസത്തിലായിരിക്കുകയാണ് കര്‍ഷക കുടുംബങ്ങള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മലയോര തോട്ടം മേഖലയാണ് നീലഗിരി.

കഴിഞ്ഞ ദിവസം സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ തേയിലയുടെ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂര്‍ രണ്ടാംമൈല്‍ സഹകരണ ഫാക്ടറിക്ക് മുമ്പില്‍ സമരം നടത്തിയിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവൃത്തിക്കുന്ന ടാന്‍ടി മേഖലയും പ്രതിസന്ധിയിലാണ്. കൊളപ്പള്ളി, നെല്ലിയാളം, ചേരങ്കോട്, ചേരമ്പാടി, നടുവട്ട, ഗൂഡല്ലൂര്‍, നാടുകാണി പാണ്ഡ്യാര്‍ തുടങ്ങിയ മേഖലകളിലാണ് ടാന്‍ടി എസ്റ്റേറ്റ് പ്രവൃത്തിക്കുന്നത്. തേയില കര്‍ഷകരെ സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളൊന്നും ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

കാര്‍ഷിക മേഖലയിലുണ്ടായ സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന് ഗൂഡല്ലൂരിലെ വ്യാപാര മേഖല മന്ദഗതിയിലായിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ ശ്രമങ്ങളും ഉണ്ടാകുന്നില്ല.