ഭീകരര്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കുന്നത് തടയണമെന്ന് ട്രംപ്

Posted on: September 15, 2017 10:22 pm | Last updated: September 15, 2017 at 10:22 pm

വാഷിംഗ്ടണ്‍: ഭീകരാക്രമണങ്ങള്‍ തടയാന്‍ ഭീകരര്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കുന്നത് തടയുകയാണ് വേണ്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ്വേയിലുണ്ടായ സ്‌ഫോടനത്തെ അപലപിച്ചുള്ള ട്വീറ്റുകളിലാണ് ട്രംപിന്റെ പരാമര്‍ശം.

യുഎസിലേക്കുള്ള യാത്രാവിലക്കിന്റെ പരിധി കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള തന്റെ യാത്രാവിലക്ക് വ്യാപ്തിയുള്ളതും കടുപ്പമേറിയതും കൃത്യതയുള്ളതുമാണ്. എന്നാല്‍ ഒരുപക്ഷേ, ഇത് രാഷ്ട്രീയമായി ശരിയായിരിക്കണമെന്നില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. നേരത്തെ ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ യു.എസില്‍ പ്രവേശിപ്പിക്കുന്നത് വിലക്കി മാര്‍ച്ച് ആറിന് ട്രംപ് ഉത്തരവിറക്കിയിരുന്നു.

ലണ്ടന്‍ മെട്രോയിലെ പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ 8.20 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ സ്‌ഫോടനം തടയാമായിരുന്നു എന്ന ട്രംപിന്റെ ട്വീറ്റിനോട് പ്രതികരിക്കാന്‍ സ്‌കോട്ട്‌ലന്റ് യാര്‍ഡ് ഇതുവരെ തയ്യാറായിട്ടില്ല.