Connect with us

Gulf

തുര്‍ക്കി- ഇറാന്‍- ഖത്വര്‍ വ്യാപാര പാതക്ക് ഖത്വര്‍ മന്ത്രിസഭയുടെ അനുമതി

Published

|

Last Updated

ദോഹ: തുര്‍ക്കിയില്‍ നിന്ന് റോഡ് മാര്‍ഗം ഇറാനിലെത്തിച്ച് അവിടെ നിന്ന് കപ്പലില്‍ ഖത്വറിലേക്ക് ചരക്കെത്തിക്കുന്ന പുതിയ പാതക്ക് ഖത്വര്‍ മന്ത്രിസഭ അനുമതി നല്‍കി. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെത്തുടര്‍ന്ന് തുര്‍ക്കിയില്‍ നിന്നും വേഗത്തില്‍ ചരക്ക് എത്തിക്കുന്നതിനാണ് കരമാര്‍ഗം ഇറാന്‍ മുഖേന പുതിയ റൂട്ട് തുറന്നിരിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്.

ഖത്വര്‍, ഇറാന്‍, തുര്‍ക്കി എന്നിവക്കിടയില്‍ ഗതാഗത, ചരക്കുകടത്ത്് ഗതാഗതത്തിനായുള്ള കരട് ധാരണാപത്രത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിലവില്‍ വ്യോമ, കടല്‍ മാര്‍ഗം തുര്‍ക്കി ഖത്വറില്‍ ചരക്കുകളെത്തിക്കുന്നുണ്ട്. ഇതിനുപുറമെയാണ് കരമാര്‍ഗം കൂടി തുറന്നിരിക്കുന്നത്. ഇറാനിലെ രണ്ട് തുറമുഖങ്ങളില്‍ തുര്‍ക്കി ട്രക്കുകളില്‍ ചരക്ക് എത്തിക്കുകയും അവിടെനിന്ന് ചെറു കപ്പലുകളില്‍ ഖത്വറിലേക്ക് എത്തിക്കുകയും മാണ് കരമാര്‍ഗമുള്ള ബദല്‍ പാത. തുര്‍ക്കിയില്‍ നിന്ന് ഇറാന്‍ വരെ മാത്രമെ കരമാര്‍ഗമുള്ള ഗതാഗതം സാധ്യമാകു. തുടര്‍ന്ന് കടല്‍മാര്‍ഗത്തിലൂടെയാവും ഖത്വറിലെത്തിക്കുന്നത്. ഈ റൂട്ടിനാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്.

പാല്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മറ്റു ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയടങ്ങിയ 200 ട്രക്കുകളാണ് അടുത്തിടെ ഈ റൂട്ടിലൂടെ ഖത്വറില്‍ എത്തിച്ചത്.
പുതിയ റൂട്ടിലൂടെ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലൂടെ ഗതാഗതച്ചെലവില്‍ വലിയതോതിലുള്ള കുറവുണ്ടാകും. വ്യോമ ചരക്കുഗതാഗതത്തിലൂടെയുള്ള ചെലവുമായി താരമത്യപ്പെടുത്തിയാല്‍ 80 ശതമാനം ചെലവു കുറക്കാന്‍ പുതിയ പാതയിലൂടെ സാധിക്കും.

വ്യോമയാന സുരക്ഷ സംബന്ധിച്ച ദേശീയകമ്മിറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച രണ്ടാമത് റിപ്പോര്‍ട്ട് മന്ത്രിസഭ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ ഈ ജൂണ്‍ നാല് വരെയുള്ള കാലയളവിലെ പ്രവര്‍ത്തനമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. വ്യോമയാന സുരക്ഷാമേഖലയില്‍ ഖത്വര്‍ കൈവരിച്ച നേട്ടങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു.

രാജ്യാന്തര വ്യോമയാന സംഘടന (ഐ സി എ ഒ) ഫെബ്രുവരി ആറ് മുതല്‍ പതിമൂന്നു വരെ ഖത്വറിനായി നടത്തിയ സുരക്ഷാ ഓഡിറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായി. ഉയര്‍ന്ന റേറ്റിംഗാണ് ഖത്വറിന് ലഭിച്ചത്. മാനദണ്ഡങ്ങളിലും നിലവാരത്തിലും വ്യവസ്ഥകള്‍ പാലിക്കുന്നതിലും ഏറ്റവും ഉയര്‍ന്ന റേറ്റിംഗാണ് ഖത്വറിനുള്ളതെന്ന് രണ്ടാമത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യന് ഉപയോഗയോഗ്യമായ ഭക്ഷ്യവസ്തുക്കളുടെ നിയന്ത്രണം സംബന്ധിച്ച 1990ലെ എട്ടാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കരട് നിയമം പുറപ്പെടുവിക്കാനും മന്ത്രിസഭ തീരുമാനിച്ചു.