തമിഴ്‌നാട്ടില്‍ 20 വരെ വിശ്വാസ വോട്ടെടുപ്പ് പാടില്ലെന്ന് ഹൈക്കോടതി

Posted on: September 15, 2017 7:29 am | Last updated: September 15, 2017 at 12:29 am

ചെന്നൈ/ന്യൂഡല്‍ഹി: ഈ മാസം 20 വരെ തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് സ്പീക്കര്‍ പി ധനപാലിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. സര്‍ക്കാറിനോട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവില്‍ നിന്ന് ഉപദേശം സ്വീകരിക്കാന്‍ സര്‍ക്കാറിന് സാവകാശം അനുവദിക്കണമെന്ന് അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണ്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കപില്‍ സിബലാണ് ഡി എം കെക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ടി ടി വി ദിനകരന്‍ അനുകൂലികളായ 19 വിമത എം എല്‍ എമാരെ ആയോഗ്യരാക്കി സഭയില്‍ ഭൂരിപക്ഷമുണ്ടാക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നടത്തുന്നതെന്ന് കപില്‍ സിബല്‍ വാദിച്ചു.
എന്നാല്‍, ഇത് ഇപ്പോള്‍ പരിഗണിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടതല്ലെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ എ ജി വാദിച്ചു. ഇത് അംഗീകരിച്ചാണ്, ഈ മാസം 20 വരെ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് സ്പീക്കര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
തങ്ങള്‍ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും വിശ്വാസ വോട്ടെടുപ്പിന്റെ ആവശ്യം ഉദിക്കുന്നില്ലെന്നും എ ഐ എ ഡി എം കെ വ്യക്തമാക്കി. മുഖ്യമന്ത്രി പളനിസ്വാമിക്ക് 134 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പൊള്ളാച്ചി ജയരാമന്‍ അവകാശപ്പെട്ടു.
അതിനിടെ, ശശികലയെ പുറാത്താക്കിയ നടപടിക്കെതിരെ ടി ടി വി ദിനകരന്‍ വിഭാഗം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ജനറല്‍ സെക്രട്ടറിയുടെ അംഗീകാരമില്ലാതെ പാര്‍ട്ടി കൗണ്‍സില്‍ വിളിച്ചുചേര്‍ത്തതും ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഈ നീക്കം.