ഖത്വര്‍ എയര്‍വെയ്‌സ് സുഹാര്‍ – ദോഹ സര്‍വ്വീസ് വര്‍ധിപ്പിക്കുന്നു

Posted on: September 14, 2017 11:16 pm | Last updated: September 14, 2017 at 11:16 pm

സുഹാര്‍: സുഹാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഖത്വര്‍ എയര്‍വെയ്‌സിന്റെ ദോഹ സര്‍വ്വീസുകള്‍ ആഴ്ചയില്‍ ഏഴ് ദിവസവുമാക്കുന്നു. നേരത്തെ ഇത് മൂന്ന് ദിവസമായിരുന്നു. നാല് സര്‍വ്വീസുകള്‍ കൂടി വര്‍ധിപ്പിച്ച് ഏഴാക്കുന്നതോടെ വര്‍ധിച്ചുവരുന്ന സുഹാര്‍- ദോഹ യാത്രക്കാര്‍ക്ക് ഗുണം ചെയ്യും. ജനുവരി മുതലാണ് വര്‍ധിപ്പിച്ച സര്‍വ്വീസുകള്‍ ആരംഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
സുഹാറില്‍ നിന്ന് കഴിഞ്ഞ മാസം സര്‍വ്വീസ് ആരംഭിച്ച ഖത്വര്‍ എയര്‍വെയ്‌സില്‍ യാത്രക്കാര്‍ വര്‍ധിച്ചുവരികയാണ്.

സുഹാറില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കുന്ന മൂന്നാമത്തെ വിമാന കമ്പനിയും രണ്ടാമത്തെ അന്താരാഷ്ട്ര വിമാന കമ്പനിയുമാണ് ഖത്വര്‍ എയര്‍വെയ്. സലാം എയര്‍, എയര്‍ അറേബ്യ എന്നിവ ഇവിടെ നിന്നും സര്‍വ്വീസ് നടത്തിവരുന്നുണ്ട്. ഉച്ചക്ക് 1.35നാണ് ദോഹയിലേക്കുള്ള ഖത്വര്‍ എയര്‍വെയ്‌സ് വിമാനം സുഹാറില്‍ നിന്ന് പറന്നുയരുക. വര്‍ഷത്തില്‍ 250,000 യാത്രക്കാരെയും 50,000 ടണ്‍ കാര്‍ഗോയും വഹിക്കാന്‍ സാധിക്കുന്നതാണ് സുഹാര്‍ അന്താരാഷ്ട്ര വിമാനത്താവളം.

എയര്‍ അറേബ്യ, സലാം എയര്‍ സര്‍വ്വീസുകളും സലാലയില്‍ നിന്ന് വിജയകരമായി സര്‍വ്വീസ് നടത്തിവരികയാണ്. യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.