കറുത്ത അധ്യായം സമ്മാനിച്ചവരെ വേങ്ങരയില്‍ മത്സരിപ്പിക്കരുത്; തുറന്നടിച്ച് എംഎസ് എഫ് ദേശീയ സെക്രട്ടറി

  • ഏതെങ്കിലും വ്യക്തികളെ ഉദ്ദേശിച്ചല്ല ഫേസ്ബുക്ക് പോസ്റ്റെന്ന് എൻ എ കരീം
  • സിറാജ് ലെെവ് വാർത്തക്ക് പിന്നാലെ കരീം പോസ്റ്റ് പിൻവലിച്ചു
Posted on: September 14, 2017 2:38 pm | Last updated: September 14, 2017 at 9:18 pm

കോഴിക്കോട്: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍, പാര്‍ട്ടി ചരിത്രത്തിലെ കറുത്ത അധ്യായത്തിന് കാരണക്കാരായവരെ ഇനിയും മത്സരിപ്പിക്കരുതെന്ന് എംഎസ്എഫ് ദേശീയ സെക്രട്ടറി എന്‍എ കരീം. വോട്ടര്‍മാരെ കാണാതെ വിജയിച്ച് പോയിരുന്ന ചരിത്രമുള്ള മണ്ഡലത്തില്‍ മത്സരിച്ചിട്ടും വിജയിക്കാനാകാത്തവരെ വീണ്ടും മത്സരിപ്പിക്കരുതെന്നും കരീം ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചു. വോട്ടര്‍മാരിലും പാര്‍ട്ടി പ്രവര്‍ത്തകരിലും ശതമാനക്കണക്കില്‍ കൂടുതലുള്ള യുവജന-വിദ്യാര്‍ത്ഥി പ്രതിനിധികളില്‍ ഒരാള്‍ നിയമസഭയില്‍ ഉണ്ടാകുന്നത് ലീഗ് പുതിയ കാലത്തോട് ചെയ്യുന്ന മികച്ച സംവേദനമായിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

വേങ്ങരയില്‍ ആരെ മത്സരിപ്പിക്കണമെന്ന ചര്‍ച്ച മുസ്ലിം ലീഗില്‍ ശക്തമാകുമ്പോഴാണ് യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ദേശീയ നേതാവ് അഭിപ്രായപ്രകടനവുമായി രംഗത്ത് വന്നത്. പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെയാണ് വേങ്ങരയില്‍ ലീഗ് മത്സര രംഗത്ത് ഇറക്കാന്‍ ഉദ്ദേശിക്കുന്നതെന്ന വാര്‍ത്തകള്‍ക്കിടെയാണ് കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മങ്കടയിലും 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ട മജീദിന് വേങ്ങരയിൽ വീണ്ടും സീറ്റ് നൽകുന്നതിൽ ലീഗിനകത്ത് എതിര്‍വികാരം ഉയരുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഈ പോസ്‌റ്റെന്ന് വിലയിരുത്തപ്പെടുന്നു.

കരീമിൻെറ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻറുകളാണ് വരുന്നത്. എല്ലാ പാർട്ടികളും നിയമസഭയിൽ യുവാക്കളെ മത്സര രംഗത്ത് ഇറക്കുമ്പോൾ ഒരു യൂത്ത് ലീഗ് കാരനെങ്കിലഉം നിയമസഭയിൽ വേണമെന്ന് പലരും കമൻറിൽ അഭിപ്രായപ്പെട്ടു. വലിയ നേതാക്കൾ പറയാൻ മടിച്ച കാര്യമാണ് കരീം പറഞ്ഞതെന്ന് മറ്റൊരു കമൻറ്. ഇത്തരം കാര്യങ്ങൾ പാർട്ടി വേദികളിലാണ് പറയേണ്ടതെന്നും ഫേസ്ബുക്കിൽ അഭിപ്രായം പങ്കുവെച്ചത് ശരിയായില്ലെന്നും മറ്റൊരാൾ അഭിപ്രായപ്പെടുന്നു.

അതേസമയം, ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചല്ല താന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും യുവജനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന അഭിപ്രായം പങ്കുവെക്കുക മാത്രമാണ് ചെയ്തതതെന്നും എന്‍ എ കരീം സിറാജ് ലൈവിനോട് പറഞ്ഞു. പാര്‍ട്ടി വേദികളില്‍ നിരന്തരം പങ്കുവെക്കുന്ന അഭിപ്രായമാണ് ഫേസ്ബുക്കിലും പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ സിറാജ് ലെെവ് വാർത്തക്ക് പിന്നാലെ കരീം പോസ്റ്റ് പിൻവലിച്ചു