ദിലീപ് അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

Posted on: September 14, 2017 2:39 pm | Last updated: September 14, 2017 at 9:15 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. 60 ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഗൂഢാലോചനയെന്ന ആരോപണം മാത്രമാണ് തന്റെ പേരിലുള്ളതെന്നും നടിയുടെ നഗ്നചിത്രമെടുക്കാന്‍ പറഞ്ഞതാണ് തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഹരജി കോടതി മറ്റന്നാള്‍ പരിഗണിക്കും. ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും വിചാരണ കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നില്ലെന്ന് രാവിലെ തന്നെ ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ദിലീപിന്റെ ജാമ്യഹരജിയെ ശക്തിയുക്തം എതര്‍ക്കുന്ന നിലപാട് തന്നെയാകും പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിക്കുക. ഇതിനായി, കോടതി ജാമ്യഹരജി പരിഗണിക്കുമ്പോള്‍ ദിലീപിന്റെ സുഹൃത്ത് കൂടിയായ നാദിര്‍ഷാ ചോദ്യം ചെയ്യലിന് ഹാജരാകാത്ത കാര്യവും, എംഎല്‍എ കൂടിയായ നടന്‍ ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദിലീപിനെ ജയിയില്‍ സന്ദര്‍ശിച്ചതും അതിനുശേഷം നടത്തിയ പ്രസ്താവനകളുമെല്ലാം ചൂണ്ടിക്കാട്ടി തടസ്സവാദങ്ങള്‍ ഉന്നയിച്ചേക്കും.