മഹേന്ദ്ര സിംഗ് ധോണി ലോകകപ്പ് കളിക്കും

Posted on: September 14, 2017 1:30 am | Last updated: September 14, 2017 at 12:11 am

ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണിയുടെ രാജ്യാന്തര കരിയറിന് വലിയ ഭാവിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി തള്ളിക്കളഞ്ഞു.
ധോണിയുടെ നിലവിലെ ഫോമും ഫിറ്റ്‌നെസും ടീം ഇന്ത്യക്ക് ആവശ്യമുണ്ട്. 2019 ലോകകപ്പ് കളിക്കാന്‍ ധോണിക്ക് സാധിക്കും.

ശ്രീലങ്കയില്‍ ധോണി 82.23 സ്‌ട്രൈക്ക് റേറ്റോടെ 162 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മുന്നൂറ് ഏകദിന മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ധോണി ഏകദിന ക്രിക്കറ്റില്‍ നൂറ്റ് സ്റ്റംപിംഗ് നടത്തിയും റെക്കോര്‍ഡിട്ടു. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ദേവ് എന്നിവര്‍ക്കൊപ്പമാണ് ധോണിയുടെ സ്ഥാനം. രാജ്യത്തിനായി ധോണിയുടെ സംഭാവനകള്‍ വിസ്മരിക്കുവാന്‍ സാധിക്കില്ല.
യുവരാജ് സിംഗിനും സുരേഷ് റെയ്‌നക്കും സാധ്യതകള്‍ അടഞ്ഞിട്ടില്ല. ഫിറ്റ്‌നെസ് തെളിയിച്ചാല്‍ തിരിച്ചുവരാം.
സീസണില്‍ ധാരാളം മത്സരങ്ങള്‍ കളിക്കുന്നത് ടീമിനെ ബാധിക്കും. ഒരു താരം തന്നെ വിവിധ ഫോര്‍മാറ്റുകളില്‍ കളിക്കുന്നത് തളര്‍ത്തും. കളിക്കാര്‍ക്ക് വിശ്രമം അനിവാര്യം – രവിശാസ്ത്രി പറഞ്ഞു.