താന്‍ നിരപരാധി; സത്യം തെളിയുമെന്ന് മന്ത്രി കെ ജെ ജോര്‍ജ്

Posted on: September 14, 2017 12:09 am | Last updated: September 14, 2017 at 12:09 am

ബെംഗളൂരു: മംഗളൂരു ഡി വൈ എസ് പി എം കെ ഗണപതി കുടകിലെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഈ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും നഗരവികസന മന്ത്രിയും മലയാളിയുമായ കെ ജെ ജോര്‍ജ്.

ഗണപതിയുടെ മരണത്തിലെ യഥാര്‍ഥ വസ്തുതകള്‍ സി ബി ഐ അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും സത്യം തെളിയുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണച്ചുമതല സി ബി ഐക്ക് കൈമാറിയ പശ്ചാത്തലത്തില്‍ താന്‍ രാജിവെക്കേണ്ട പ്രശ്‌നം വരുന്നില്ല. യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരുന്നത് വരെ കാത്തിരിക്കാന്‍ മന്ത്രി പ്രതിപക്ഷ കക്ഷികളോട് ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് ഈ മാസം 16ന് ബി ജെ പി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് മന്ത്രി കെ ജെ ജോര്‍ജ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഐ എ എസ് ഉദ്യോഗസ്ഥന്‍ ഡി കെ രവി ആത്മഹത്യ ചെയ്ത കേസിലും ബി ജെ പി തന്റെ പേര് വലിച്ചിഴച്ചിരുന്നു. കേസ് സി ബി ഐക്ക് കൈമാറുകയും അവര്‍ നടത്തിയ അന്വേഷണത്തില്‍ താന്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഗണപതി ആത്മഹത്യ ചെയ്ത കേസിലും ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് മന്ത്രി കെ ജെ ജോര്‍ജ് പറഞ്ഞു.