റോഹിംഗ്യ:യു എന്‍ പൊതുസഭ സൂക്കി ബഹിഷ്‌കരിക്കും

Posted on: September 14, 2017 12:45 am | Last updated: September 13, 2017 at 10:47 pm
അതിര്‍ത്തിയില്‍ നിന്ന് റോഹിംഗ്യന്‍ മുസ്‌ലിംകളെ ട്രക്കില്‍ കൊണ്ടുപോകുന്ന ബംഗ്ലാദേശ് അധികൃതര്‍

യാങ്കൂണ്‍: യു എന്നില്‍ നടക്കാനിരിക്കുന്ന പൊതുസഭ മ്യാന്മര്‍ ഭരണാധികാരി ആംഗ് സാന്‍ സൂക്കി ബഹിഷ്‌കരിക്കും. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യം നടത്തുന്ന വംശഹത്യാ ആക്രമണങ്ങളും മ്യാന്മറില്‍ നിന്നുള്ള റോഹിംഗ്യന്‍ പലായനവും ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനമാണ് സമാധാന നോബേല്‍ ജേതാവ് കൂടിയായ സൂക്കി ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്. സൂക്കിയുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ എല്‍ ഡി) വക്താവാണ് യു എന്‍ യോഗം ബഹിഷ്‌കരിച്ചുവെന്ന വാര്‍ത്ത പുറത്തുവിടുന്നത്.

നാല് ലക്ഷത്തോളം വരുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ മൂന്നാഴ്ചക്കുള്ളില്‍ അഭയാര്‍ഥികളായ സാഹചര്യത്തിലാണ് യു എന്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. റോഹിംഗ്യകള്‍ക്കെതിരായ ആക്രമണത്തെ വംശീയ ഉന്മൂലനമെന്നാണ് യു എന്‍ മനുഷ്യാവകാശ സമിതി മേധാവി വിശേഷിപ്പിച്ചിരുന്നത്. റോഹിംഗ്യന്‍ വിഷയം അന്വേഷിക്കാന്‍ നിയോഗിതരായ യു എന്‍ സംഘത്തോട് സഹകരിക്കാതിരുന്ന സൂക്കിയുടെ പുതിയ തീരുമാനം വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. റോഹിംഗ്യകള്‍ക്കെതിരായ മ്യാന്മര്‍ സര്‍ക്കാറിന്റെ നടപടിയില്‍ മ്യാന്മറിനെതിരെ രൂക്ഷമായ വിമര്‍ശം യു എന്നിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. റോഹിംഗ്യന്‍ വിഷയത്തില്‍ അടുത്ത ബുധനാഴ്ച പൊതുസഭ വിളിച്ചുചേര്‍ക്കാനാണ് യു എന്‍ തീരുമാനിച്ചത്.

അതേസമയം, റാഖിനെയില്‍ നിന്ന് പലായനം ചെയ്‌തെത്തുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളുടെ എണ്ണം ദിനേന വര്‍ധിച്ചുവരികയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലായനം ചെയ്‌തെത്തുന്നവര്‍ക്ക് ആവശ്യമായ അടിയന്തര സഹായം പോലും നല്‍കാനാകുന്നില്ലെന്നും ഇത് വന്‍ വിപത്തിലേക്ക് കാരണമാകുമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.
മ്യാന്മറിനും ആംഗ് സാന്‍ സൂക്കിക്കുമെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

മ്യാന്മറിന്റെ നിലപാടിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ച്ച് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മ്യാന്മര്‍ നടപടിയെ വിമര്‍ശിച്ചു. എന്നാല്‍ ഇന്ത്യക്ക് പിന്നാലെ മ്യാന്മറിന് പിന്തുണയുമായി ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തി. മ്യാന്മറില്‍ സുരക്ഷയും പുരോഗതിയും സൃഷ്ടിക്കാനുള്ള ശ്രമമാണ് റോഹിംഗ്യന്‍ പലായനത്തിന് കാരണമെന്ന് ചൈനീസ് വക്താക്കള്‍ അറിയിച്ചു.