ഉഴുന്നാലിലിന്റെ മോചനം

Posted on: September 14, 2017 6:00 am | Last updated: September 13, 2017 at 10:42 pm

06യമനില്‍ ബന്ദിയാക്കപ്പെട്ട ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനാകുന്നത് ഏറെ ആശ്വാസകരവും ആഹ്ലാദകരവുമാണ്. രാഷ്ട്രങ്ങള്‍ ശിഥിലമാകുകയും അവിടെ തീവ്രവാദി, സായുധ ഗ്രൂപ്പുകള്‍ അധികാരം കൈയാളുകയും അരാജകത്വം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന ദുരന്തമാണ് ഉഴുന്നാലിലിന്റെ കാര്യത്തില്‍ കണ്ടത്. ഒന്നര വര്‍ഷത്തെ ബന്ദി ജീവിതത്തിന് ശേഷം ഒടുവില്‍ ഫാ. ടോം മോചിതനായിരിക്കുന്നു. അദ്ദേഹം എവിടെയാണ് കഴിഞ്ഞത്? ആരാണ് തട്ടിക്കൊണ്ടു പോയത്? എന്തായിരുന്നു അവരുടെ ആവശ്യം? എന്തെന്ത് വാഗ്ദാനങ്ങളുടെ പുറത്താണ് മോചനം സാധ്യമായത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം വന്നിട്ടില്ല.

ഒമാന്‍ ഭരണകൂടമാണ് ഫാദര്‍ ടോമിന്റെ മോചനത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്. ഒമാന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയതിന് പിറകേ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ അല്‍ സഈദ് നടത്തിയ ഇടപെടല്‍ വിജയം കാണുകയായിരുന്നു. സുസ്ഥിരമായ ഒരു സര്‍ക്കാറിന്റെ സാന്നിധ്യം ഏത് പ്രശ്‌നത്തെയും മറികടക്കാനുള്ള വഴി കണ്ടെത്തുമെന്ന് ഇത് തെളിയിക്കുന്നു. മേഖലയില്‍ ഒമാന്റെ രാഷ്ട്രീയ പ്രാധാന്യവും നിഷ്പക്ഷമതിത്വവും വ്യക്തമാക്കുന്നത് കൂടിയാണ് ഈ നയതന്ത്ര വിജയം. സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യശക്തികളും ഖത്വറും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തിലും യമന്‍ പ്രതിസന്ധിയിലും ഒമാന് വലിയ ഇടപെടല്‍ നടത്താനാകുമെന്ന വസ്തുതയിലേക്കും ഈ നേട്ടം വിരല്‍ ചൂണ്ടുന്നുണ്ട്.

2016 മാര്‍ച്ച് നാലിനാണ് ഫാ. ടോമിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായി വാര്‍ത്ത വന്നത്. ഇക്കാര്യം പിറ്റേന്ന് തന്നെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സ്ഥിരീകരിച്ചു. അദ്ദേഹം സുരക്ഷിതനാണെന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. പരിക്ഷീണിതനായ നിലയില്‍ ഫാദറിന്റെ ദൃശ്യം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യാക്ഷപ്പെട്ടതോടെയാണ് ഈ സംഭവം വീണ്ടും വാര്‍ത്തകളില്‍ എത്തുന്നത്. ജൂലൈ 19നായിരുന്നു അത്. ഇതോടെ അദ്ദേഹത്തിന്റെ മോചനത്തിനായി പല കോണില്‍ നിന്ന് വികാര നിര്‍ഭരമായ ആവശ്യമുയര്‍ന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യണമെന്ന് പോപ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്യുന്നത് ഈ ഘട്ടത്തിലാണ്. കേരളത്തില്‍ വിവിധ ക്രിസ്ത്യന്‍, മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നു. ശക്തമായ ഇടപെടലിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി. നിയമസഭ പ്രമേയം പാസ്സാക്കുകയും ചെയ്തു.

എന്നാല്‍, വിദേശകാര്യ വകുപ്പിന്റെ ശ്രമങ്ങള്‍ പലതും വിഫലമായിരുന്നു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് യമന്‍ ഉപപ്രധാനമന്ത്രി അബ്ദുല്‍ മാലിക് അബ്ദുല്‍ ജലീല്‍ അല്‍ മെഖ്‌ലാഫിയുമായും യമന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ ജലീല്‍ അല്‍ മെഖ്‌ലാഫിയുമായും ചര്‍ച്ച നടത്തി. ഫാദര്‍ സുരക്ഷിതനായിരിക്കുന്നുവെന്ന വിവരം സ്ഥിരീകരിക്കാന്‍ മാത്രമാണ് ഈ ചര്‍ച്ചകള്‍ ഉപകരിച്ചത്. യമനില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കാത്തതും യമനിലെ ഔദ്യോഗിക സര്‍ക്കാറിന് രാജ്യത്തിന്റെ നല്ലൊരു ഭാഗത്ത് നിയന്ത്രണമില്ലാത്തതും രക്ഷാ ദൗത്യത്തെ നിഷ്ഫലമാക്കി. യമന്റെ അയല്‍ പ്രദേശമായ ജിബൂട്ടിയിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഫാദറിനെ കണ്ടെത്താനുള്ള ആദ്യ ശ്രമങ്ങള്‍ ആരംഭിച്ചത്. അടച്ചുപൂട്ടിയ യമന്‍ എംബസിയുടെ പ്രവര്‍ത്തനം ജിബൂട്ടിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ യമനില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ നിസ്സഹായരാകുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്.

വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘര്‍ഷഭരിതമായ യമനില്‍ ഫാദര്‍ ടോം എത്തിയത്. യമനില്‍ പോകരുതെന്ന് അദ്ദേഹത്തോട് നിഷ്‌കര്‍ഷിച്ചിരുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ സാധിച്ചതില്‍ ആശ്വസിക്കുമ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്കുള്ള ആത്യന്തിക പരിഹാരത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ നിരാശയാണ് നിറയുക. ശിഥിലമാക്കപ്പെട്ട രാജ്യങ്ങളില്‍ ഒന്നില്‍ പോലും സുസ്ഥിരമായ സര്‍ക്കാറുകള്‍ കൊണ്ടുവരാന്‍ അവിടങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെട്ട് രസിച്ചവര്‍ക്ക് സാധിച്ചിട്ടില്ല. ലിബിയയിലും സിറിയയിലും ഇറാഖിലുമെല്ലാം അത് നാം കണ്ടുകൊണ്ടിരിക്കുന്നു.
യമനില്‍ താത്പര്യങ്ങള്‍ ഏറ്റുമുട്ടുകയാണ്. ഹൂത്തി വിമതരെ തകര്‍ത്തെറിയാനായി സഊദിയുടെ നേതൃത്വത്തില്‍ ജി സി സി രാജ്യങ്ങള്‍ വ്യോമാക്രമണം നടത്തുമ്പോള്‍ അതില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളികളാകുന്ന എല്ലാ ശക്തികള്‍ക്കും ന്യായീകരണങ്ങള്‍ ഉണ്ട്. മേഖലയുടെ സുരക്ഷിതത്വം പ്രധാന വിഷയം തന്നെയാണ്. ഹൂത്തി വിമതര്‍ക്ക് ഇറാന്റെ സഹായമുണ്ടെന്നത് തന്നെയാണ് പ്രശ്‌നം. പക്ഷേ, ആത്യന്തിക പരിഹാരം കൊണ്ടുവരാന്‍ സാധിക്കാത്തിടത്തോളം കാലം സഊദി ഇടപെടല്‍ വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യും. അറബ് വസന്തമെന്ന് വിളിക്കപ്പെട്ട ഭരണമാറ്റ പരമ്പരയിലാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ വേരുകളെന്ന് പറയാവുന്നതാണ്. അന്നത്തെ പ്രസിഡന്റ് അലി അബ്ദുല്ല സലാഹിനെ പുറത്താക്കാന്‍ തെരുവില്‍ നടന്ന പ്രക്ഷോഭം തുടക്കത്തില്‍ ജനകീയവും എല്ലാ വിഭാഗത്തിന്റെയും പ്രതിനിധാനം അവകാശപ്പെടാവുന്നതുമായിരുന്നു.

എന്നാല്‍ ഒരു ഘട്ടം പിന്നിട്ടതോടെ അതിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞ് കയറി. വംശീയ അജന്‍ഡകള്‍ പല തലങ്ങളില്‍ നിറഞ്ഞാടി. മഹത്തായ പാരമ്പര്യമുള്ള ഈ രാജ്യത്തെ തകര്‍ന്ന് തരിപ്പണമാകുന്നതില്‍ നിന്ന് രക്ഷിക്കുകയെന്നതാകും ഉഴുന്നാലിലുമാര്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള യഥാര്‍ഥ പരിഹാരം.