Connect with us

Articles

ഇനിയും പെയ്‌തൊഴിയാതെ എന്‍ഡോസള്‍ഫാന്‍ ദുരിതം

Published

|

Last Updated

കാസര്‍കോട് ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളില്‍ സാമ്പത്തിക ലാഭങ്ങള്‍ക്കായി എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്യിച്ച് ആയിരക്കണക്കിന് കുടുംബങ്ങളെ നിത്യരോഗികളാക്കിയും മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടും തലമുറകളോട് ഭരണകൂടം കാണിച്ച കൊടുംക്രൂരത സമാനതയില്ലാത്തതാണ്. അമേരിക്ക അണു ബോംബ് വര്‍ഷിച്ച് ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനങ്ങളെ പരീക്ഷണവസ്തുക്കളാക്കി കൊന്നുകളഞ്ഞ കിരാതവൃത്തിയുടെ മറ്റൊരു മുഖമാണ് ഇവിടുത്തെ ഭരണാധികാരികളുടെ ചെയ്തികളിലൂടെ കാസര്‍കോട്ടെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ കണ്ടത്. നീതിയുടെ വെളിച്ചത്തില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ ഇരകളെ നീതിനിഷേധത്തിന്റെ ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തുന്ന അധികാരികളുടെ ക്രൂരവിനോദം ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

കാസര്‍കോട് ജില്ലയിലെ 4500 ഏക്കറോളം വരുന്ന സര്‍ക്കാര്‍ വകയായുള്ള കശുമാവിന്‍ തോട്ടങ്ങളുടെ പരിസരങ്ങളിലായി പതിനൊന്ന് പഞ്ചായത്തുകളില്‍പ്പെട്ട നിരവധി ജനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ എന്ന വിഷഭീകരന്‍ വരുത്തിവെച്ച കെടുതികള്‍ അനുഭവിച്ചുകൊണ്ട് ജീവിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളായ എത്രയോ സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഇതിനകം മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. ജനിതകവൈകല്യങ്ങള്‍ ബാധിച്ച് മരണതുല്യമായ നരകജീവിതം തള്ളിനീക്കുന്ന അനേകം പേര്‍ ഇപ്പോഴുമുണ്ട്. തങ്ങള്‍ ചെയ്യാത്ത തെറ്റിന്റെ കര്‍മഫലമാണ് ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കാലുകളും കൈകളും തളര്‍ന്നവര്‍, അന്ധര്‍, ബധിരര്‍, മാനസികവെല്ലുവിളികള്‍ നേരിടുന്നവര്‍, ക്യാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങളുമായി മല്ലിടുന്നവര്‍, തല അസാധാരണമാംവിധം വളരുന്ന അപൂര്‍വരോഗം ബാധിച്ചവര്‍, പല തരത്തിലുള്ള ചര്‍മരോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ ഇങ്ങനെ എന്‍ഡോസള്‍ഫാന്‍ കാരണം ജീവിതം നിഷേധിക്കപ്പെട്ട പാവങ്ങള്‍ മനസ്സാക്ഷിയുള്ളവര്‍ക്ക് മുന്നിലെ കണ്ണീര്‍കാഴ്ചകളായി ഇന്നും അവശേഷിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ മരിച്ച കുഞ്ഞുങ്ങള്‍. ചാപിള്ളകള്‍, ജനിച്ച് ദിവസങ്ങള്‍ കഴിയും മുമ്പെ മരണത്തിന് കീഴടങ്ങിയ നവജാത ശിശുക്കള്‍, മാറാരോഗം പേറി ജീവിക്കേണ്ടിവരുന്ന ബാല്യങ്ങള്‍ ഇതൊക്കെയും വിഷഭീകരന്‍ ഈ നാടിന് നല്‍കിയ ദുരന്തപൂര്‍ണമായ സംഭാവനകളാണ്.

കേരളത്തില്‍ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ അവര്‍ക്ക് ജീവിതത്തില്‍ സുരക്ഷിതത്വമേകുന്ന ആശ്വാസസഹായപദ്ധതികളൊന്നും തന്നെ നടപ്പില്‍ വരുത്തുന്നില്ലെന്നതാണ് അനുഭവം. സംസ്ഥാന സര്‍ക്കാറിന്റെ കണക്കുപ്രകാരം പട്ടികയിലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എണ്ണം 5848 ആണ്. ഇവര്‍ക്കെല്ലാം അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുണ്ടായത് 2017 ജനുവരിയിലാണ്. ഏപ്രില്‍ മാസത്തിനകം തന്നെ ഈ തുകകള്‍ കൊടുത്തുതീര്‍ക്കണമെന്ന നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി മുഖ്യമന്ത്രിയെ കാണുകയും നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാറോ എന്‍ഡോ സള്‍ഫാന്‍ കമ്പനിയോ യാതൊരു നീക്കവും നടത്തുന്നില്ല. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാറിലും എന്‍ഡോസള്‍ഫാന്‍ കമ്പനിയിലും സമ്മര്‍ദം ചെലുത്തേണ്ട ഉത്തരവാദിത്വം സംസ്ഥാനസര്‍ക്കാറും നിറവേറ്റുന്നില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു. സുപ്രീം കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നിയമയുദ്ധത്തിനൊരുങ്ങുകയാണ് പീഡിത ജനകീയമുന്നണി. നഷ്ടപരിഹാരം നല്‍കാത്തത് കോടതിയലക്ഷ്യവും ഇരകളോടുള്ള കടുത്ത അനീതിയുമാണെന്ന് ഇതിനകം വിലയിരുത്തപ്പെട്ടുകഴിഞ്ഞു.

ഇരകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 5848 പേരാണെങ്കിലും സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ഇതുവരെയായും 2665 പേര്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. സര്‍ക്കാറിന്റെ സാമ്പത്തികസഹായങ്ങള്‍ ഇവര്‍ക്ക് മൂന്നു ഗഡുക്കളായാണ് ലഭിച്ചത്. ലിസ്റ്റിലുള്ള ബാക്കി ഭൂരിഭാഗം പേരും ആനുകൂല്യങ്ങളൊന്നും കിട്ടാതെ കടുത്ത അവഗണനയില്‍ കഴിയുകയാണ്. ഓണത്തിന് ആയിരം രൂപ വീതം നല്‍കിയതിനെ വലിയ പരിഗണനയായി അധികാരികള്‍ കൊട്ടിഘോഷിക്കുകയാണെന്ന് ജനകീയമുന്നണി ചൂണ്ടിക്കാണിക്കുന്നു. പട്ടികയില്‍ ഉള്‍പ്പെട്ടവരെക്കാളും കൂടുതല്‍ പുറത്തുണ്ടെന്നതാണ് മറ്റൊരു ദുരന്തസത്യം. ഒരിക്കല്‍ പട്ടികയില്‍ ഉള്‍പ്പെട്ട് പിന്നീട് ഒഴിവാക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരില്‍ അനര്‍ഹരുമുണ്ടെന്ന വിമര്‍ശനവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ആരോഗ്യരംഗത്ത് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി പ്രഖ്യാപിച്ച ആശ്വാസപദ്ധതികളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കാസര്‍കോട് ജില്ലക്ക് നാലുവര്‍ഷം മുമ്പ് മെഡിക്കല്‍ കോളജ് അനുവദിച്ചത്. എന്നാല്‍, തറക്കല്ലിട്ടതല്ലാതെ മെഡിക്കല്‍ കോളജിന്റെ ചുമരിനായി നാലു വര്‍ഷം പിന്നിട്ടിട്ടും ഒരു കല്ലുപോലും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും ഇരകള്‍ക്ക് വിദഗ്ധ ചികിത്സ കിട്ടണമെങ്കില്‍ മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിക്കണം. അതല്ലെങ്കില്‍ പരിയാരത്തെയോ കോഴിക്കോട്ടെയോ മെഡിക്കല്‍ കോളജിലേക്കുപോകണം. ഭീമമായ ചികിത്സാചെലവും യാത്രാ ചെലവും വഹിച്ചാണ് ദുരിതബാധിതരുടെ ചികിത്സാകാര്യങ്ങള്‍ കഴിഞ്ഞുപോകുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അടിയന്തരഘട്ട ചികിത്സക്കായി അനുവദിക്കപ്പെട്ട ആംബുലന്‍സുകള്‍ പോലും അവര്‍ക്ക് നഷ്ടപ്പെടുത്തിയവരാണ് ഇവിടുത്തെ ആരോഗ്യവകുപ്പ് മേധാവികള്‍. വി എസ് സര്‍ക്കാറിന്റെ ഭരണകാലത്ത് കാസര്‍കോട് ജില്ലാ ആശുപത്രിക്കും ജനറല്‍ ആശുപത്രിക്കും ഓക്‌സിജന്‍ സൗകര്യം അടക്കമുള്ള സജ്ജീകരണങ്ങളോട് കൂടിയ അത്യന്താധുനിക രീതിയിലുള്ള ആംബുലന്‍സുകള്‍ അനുവദിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഏറ്റവും കൂടുതലുള്ള ജില്ല എന്ന പുരിഗണന നല്‍കിയായിരുന്നു ഈ ആംബുലന്‍സുകള്‍ നല്‍കിയത്. എന്നാല്‍ പിന്നീട് വന്ന യു ഡി എഫ് സര്‍ക്കാര്‍ രണ്ട് ആംബുലന്‍സുകളും തെക്കോട്ടേക്ക് കടത്തിക്കൊണ്ടുപോകുകയാണുണ്ടായത്. പകരം സാധാരണ ആംബുലന്‍സ് നല്‍കി ഇരകളുടെ കണ്ണില്‍ പൊടിയിടുകയും ചെയ്തു.

എന്‍ഡോസള്‍ഫാന്‍ കാരണം മാനസികശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി അഞ്ചുവര്‍ഷം മുമ്പ് ജില്ലയില്‍ സ്ഥാപിച്ച ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനവും ദയനീയമാണ്. നല്ല കെട്ടിടം പോലുമില്ലാതെ മോശം ചുറ്റുപാടുകളിലാണ് ഇത്തരം സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍. അടിസ്ഥാനസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ഇരകളുടെ പുനരധിവാസവും പ്രതിസന്ധിയിലാണ്. പുനരധിവാസം ഏര്‍പ്പെടുത്തുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. കടബാധ്യതയുടെ പേരില്‍ ഇരകളെ വേട്ടയാടുന്ന നടപടികളില്‍ നിന്നും ബേങ്കുകള്‍ പിന്‍മാറുന്നില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതികള്‍ ഒരു പ്രയോജനവും ചെയ്യുന്നില്ല. ഇവരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ജപ്തി ഭീഷണിയുമായി ബേങ്കുകള്‍ മുന്നോട്ടുപോകുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കാസര്‍കോട് ബെള്ളൂരിലെ ജഗന്നാഥ പൂജാരി ആത്മഹത്യ ചെയ്തത് കടബാധ്യതയുടെ പേരില്‍ ബേങ്കിന്റെ ജപ്തിഭീഷണി വന്നതിനാലാണ്.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയെല്ലാം ഉപാധികളില്ലാതെ ബി പി എല്‍ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുത്താമെന്നത് സര്‍ക്കാറിന്റെ പ്രധാനവാഗ്ദാനങ്ങളിലൊന്നായിരുന്നു. സ്ഥലം, വീട്, വാഹനം, സര്‍ക്കാര്‍ ജോലി എന്നീ കാര്യങ്ങളൊന്നും നോക്കാതെ ഉദാരമായ സമീപനം ഇക്കാര്യത്തിലുണ്ടാകുമെന്ന അധികാരികളുടെ ഉറപ്പും പാഴ് വാക്കായി മാറി. ഇരകളില്‍ പലരും എ പി എല്‍ വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനസര്‍ക്കാറിന്റെ ലൈഫ് പദ്ധതിയിലും ഈ വിഭാഗത്തിന് മതിയായ പരിഗണന കിട്ടിയിട്ടില്ല. പകുതിയിലേറെ പേരും ഈ പദ്ധതിക്ക് പുറത്ത് നില്‍ക്കുന്നു. മാരകരോഗങ്ങള്‍ ബാധിച്ച് മരണപ്പെട്ടുപോയ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പോലും തടഞ്ഞുവെക്കപ്പെടുന്ന കടുത്ത വ്യവസ്ഥകളാണ് ഉള്ളത്. ലീഗല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ല എന്നതാണ് പുതിയ വ്യവസ്ഥ. ഈ സാഹചര്യത്തില്‍ ലീഗല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കണമെങ്കില്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടിവരും. അതിനുപിറകെ പോകാനുള്ള നിയമപരമായ പരിജ്ഞാനവും ആരോഗ്യവും പല കുടുംബങ്ങള്‍ക്കുമില്ല.
സര്‍ക്കാറിന്റെ വാഗ്ദാനലംഘനത്തിനും നീതിനിഷേധത്തിനുമെതിരെ 2014ല്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ സെക്രേട്ടറിയറ്റിന് മുന്നില്‍ നടത്തിയ കഞ്ഞിവെപ്പുസമരം സംസ്ഥാനമൊട്ടുക്കും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അന്ന് സമരപ്പന്തലിലെത്തിയ സി പി എമ്മിന്റെ പ്രമുഖ നേതാക്കള്‍ അമ്മമാരുടെ സഹനസമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അധികാരം ലഭിച്ചതോടെ അവരും ഇരകളെ മറന്നതായി പീഡിതമുന്നണിയുടെ സമരനായകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വേദനയോടെ പറയുന്നു. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ മൂന്ന് ഗോഡൗണുകളില്‍ ഈ മാരകവിഷം ഇന്നും സൂക്ഷിക്കുന്നുണ്ട്.

പെരിയ, രാജപുരം, ചീമേനി എന്നിവിടങ്ങളിലുള്ള പ്ലാന്റേഷന്‍ ഗോഡൗണുകളിലാണ് എന്‍ഡോസള്‍ഫാന്‍ സൂകിക്ഷിച്ചിരിക്കുന്നത്. ഇവ എത്രയും വേഗം നിര്‍വീര്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിതമുന്നണി 2014 ജനുവരി 28ന് സര്‍ക്കാറിനെ കാണുകയും മൂന്നുമാസത്തിനകം വേണ്ട നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തുവെങ്കിലും ഒന്നുമുണ്ടായില്ല. 2001ല്‍ കാറടുക്ക പഞ്ചായത്തിലെ നെഞ്ചപ്പദവിലുള്ള കിണറില്‍ കന്നാസ് കണക്കിന് എന്‍ഡോസള്‍ഫാന്‍ നിക്ഷേപിച്ച് മൂടിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇവ കുഴിച്ചെടുത്ത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തിലും അധികാരികള്‍ അനങ്ങാപ്പാറ നയം തുടരുകയായിരുന്നു.
നീണ്ട ഇരുപതു വര്‍ഷക്കാലമാണ് കാസര്‍കോടിന്റെ അതിര്‍ത്തിമലയോരഗ്രാമങ്ങളിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ ഹെലികോപ്ടര്‍ സംവിധാനം ഉപയോഗിച്ചുള്ള സ്‌പ്രേയിംഗ് സിസ്റ്റത്തിലൂടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചത്. കീടനാശിനി പ്രയോഗത്തിനുള്ള യാതൊരു വിധ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള വിഷമഴ വര്‍ഷം പിന്നീട് ഒഴിഞ്ഞുപോയെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് നീങ്ങുന്നു. എന്തൊക്കെ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയാലും ഒരു ജനസമൂഹം നേരിട്ട കൊടിയ വിപത്തിനും നഷ്ടത്തിനും പരിഹാരമല്ല. എങ്കിലും അവരുടെ ജീവനും ജീവിതവും ഇനിയുള്ളകാലമെങ്കിലും സംരക്ഷിക്കാനും അവരുടെ ന്യായമായ എല്ലാ അവകാശങ്ങളും അനുവദിച്ചുകൊടുക്കാനുമുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. അങ്ങനെയെങ്കിലും പഴയകാലത്തെ ഭരണാധികാരികള്‍ അവരോട് കാണിച്ച ക്രൂരതക്ക് പ്രായശ്ചിത്തം ചെയ്യുക.

 

Latest