മതവിദ്വേഷ പരാമര്‍ശം; മലയാളിയുടെ അപ്പീല്‍ ദുബൈ കോടതി തള്ളി

Posted on: September 13, 2017 7:16 pm | Last updated: September 13, 2017 at 7:16 pm

അബുദാബി : ഫേസ്ബുക്കിലൂടെ മതവിദ്വേഷം പരത്തിയ കേസില്‍ മലയാളിയുടെ അപ്പീല്‍ ദുബൈ കോടതി തള്ളി. ഇസ്‌ലാമിനെയും പ്രവാചകനെയും അവഹേളിച്ച് പോസ്റ്റിട്ടതിന് ശിക്ഷിക്കപ്പെട്ട എടപ്പാള്‍ സ്വദേശി ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് അപ്പീല്‍ കോടതി തള്ളിയത്.

കഴിഞ്ഞ നവംബറിലാണ് പ്രവാചകനെയും ഇസ്!ലാമിനെയും അവഹേളിക്കുന്ന വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ആര്‍ എസ് എസ് അനുഭാവിയായ മലപ്പുറം എടപ്പാള്‍ സ്വദേശി ദുബൈ റാശിദിയ പൊലീസിന്റെ പിടിയിലായത്.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്‌കോടതി ഒരു വര്‍ഷം തടവും, അഞ്ചുലക്ഷം ദിര്‍ഹവും പിഴ വിധിച്ചു. എന്നാല്‍, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു പ്രതിയുടെ വാദം. ഇത് കള്ളമാണെന്നും ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് തന്നെയാണ് പോസ്റ്റിട്ടതെന്നും ശാസ്ത്രീയ പരിശോധനയില്‍ കോടതി കണ്ടെത്തി.